What is the islamic view about the so called in malayalam "KURI" which was collecting the fixed amount from from members and distributing to some one who gives the smallest quotation, The difference of the amount will added to all members ( LELAM VILICHEDUKKUNNA KURI). (Sorry for I dint have Malayamlam font)

ചോദ്യകർത്താവ്

Abdu Shukur

Sep 6, 2019

CODE :Fin9422

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കുറികളിൽ പെട്ട നിഷിദ്ധമായ ഒരിനം കുറിയാണ് വിളിക്കുറി അല്ലെങ്കിൽ ലേലക്കുറി എന്ന പേരിലൊക്കെ അറിയപ്പെടുന്ന കുറി. ഒരു പ്രത്യേക സംഖ്യക്ക് കുറിവെക്കുന്നവരിൽ പണത്തിന് അത്യാവശ്യമുള്ളവർ ആദ്യമാദ്യമുള്ള കുറി കുറഞ്ഞ സംഖ്യക്ക് വിളിച്ചെടുക്കുന്ന രീതിയാണിത്. ഉദാ:- പതിനായിരം രൂപയുടെ കുറിയാണ് വെക്കുന്നതെങ്കിൽ ആ കുറിയിൽ കൂടിയവരിൽ കടം കൊണ്ട് വലഞ്ഞോ മറ്റോ പണത്തിന് അത്യാവശ്യമുള്ളവർക്ക് ആദ്യ മാസങ്ങളിലെ കുറികൾ വിളിച്ചെടുക്കാം. പക്ഷേ നിബന്ധനയുണ്ട്. നിലവിൽ കുറിവെക്കുന്ന സംഖ്യയേക്കാൾ കുറച്ചേ വിളിക്കാവൂ. ഏത്ര കുറച്ചു വിളിക്കുന്നുവോ അവർക്കാണ് കുറി കിട്ടുക. ഏറ്റവും കുറച്ചു വിളിച്ച സംഖ്യ(ഉദാഹരണത്തിന്)  8500 ആണെങ്കിൽ അവന് ആ സംഖ്യ അപ്പോൾ തന്നെ കൊടുക്കുന്നു. പക്ഷേ ഇവൻ തിരിച്ചടക്കുമ്പോൾ കുറിത്തുകയായ പതിനായിരം തന്നെ അടക്കണം. ഇത് യഥാർത്ഥത്തിൽ കുറിയിൽ പങ്കെടുക്കുന്ന ബാക്കിയുള്ളവരെല്ലാം കൂടി ചേർന്ന് ഇയാൾക്ക് പണം കടം കൊടുക്കുന്നത് പോലെയാണ്. പണം കടം കൊടുക്കുമ്പോൾ തിരിച്ചടവിന്റെ സമയത്ത് അധികം തരണമെന്ന നിബന്ധന വെക്കൽ ഹറാമാണ്. കാരണം ആ നിബന്ധന വെക്കുന്ന വർദ്ധനവ് പലിശയാണ്. കാരണം സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവന്റെ പണത്തിനുള്ള അത്യാവശ്യ സാഹചര്യത്തെ ചൂഷണം ചെയ്യലാണത്. ഇത്തരം പലിശ ഹറാമാണ്  എന്ന കാര്യം വിശുദ്ധ ഖുർആൻ (സൂറത്തുൽ ബഖറ, ആലു ഇംറാൻ, നിസാഅ്, റൂം....) കൊണ്ടും സ്വഹീഹായ ഹദീസുകൾ (അസ്വിഹാഹുസ്സിത്തഃ...) കൊണ്ടും സ്ഥിരപ്പെട്ടതും മുസ്ലിം ലോകത്ത് ഒരു മദ്ഹബിലും അഭിപ്രായ വ്യത്യാമില്ലാത്തതും തെളിവ് എടുത്തുദ്ധരിക്കൽ ആവശ്യമില്ലാത്ത വിധം പ്രസിദ്ധവുമായ കാര്യവുമാണ്. ഇവിടെ പണത്തിന് പെട്ടെന്ന് ആവശ്യമുണ്ട് എന്ന കാരണത്താൽ ഈ കുറി വിളിച്ചെടുക്കാൻ നിർബ്ബന്ധിതനാകുന്നവന് ബാക്കി എല്ലാവരും കൂടി ചേർന്ന് നൽകുന്നത് അവൻ കുറച്ച് വിളിച്ചെടുക്കേണ്ടി വന്ന (ഉദാഹരണത്തിന്) 8500 രൂപയാണെങ്കിലും അവൻ നിർബ്ബന്ധമായും തിരിച്ചടക്കേണ്ടത് 10000 തന്നെയാകണമെന്ന് നിബന്ധന വെക്കുക്കുകയും ഈ വർദ്ധനവ് ബാക്കിയുള്ളവരും കുറി വെക്കുന്നവനും കൂടി പങ്കിട്ടെടുക്കുകയും ചെയ്യുന്നുണ്ട്. ഇയാളുടെ നിസ്സഹായവസ്ഥ മുതലെടുത്ത് അയാളിൽ നിന്ന് വാങ്ങി പങ്കിട്ടെടുക്കുന്ന ഈ അധിക പണം നിസ്സംശയം പലിശയാണ്. അതിനാൽ ഈ വിളിക്കുറി/ലേലക്കുറി നടത്തലും അതിൽ പങ്കെടുക്കലും ഹറാമാണ്.

കൂടുതല്‍ അറിയാനും  അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter