ഞങ്ങൾ 9 മക്കളാണ് .ഞങ്ങളുടെ ഉമ്മ മരിച്ചിട്ട് 14 വർഷമായി. ഇതുവരെ ഉമ്മയുടെ സ്വത്ത് വീതം വെച്ചിട്ടില്ല. ഉമ്മ മരിച്ചതിന് ശേഷം ഉപ്പ വേറെ വിവാഹം കഴിച്ചു. അതിൽ 3 കുട്ടികളുണ്ട്. കഴിഞ്ഞ വര്ഷം ഉപ്പയും മരിച്ചു. ഇപ്പോൾ ഞങ്ങൾ ഉമ്മയുടെ സ്വത്ത് ഓഹരി വെക്കണമെന്ന് വിചാരിക്കുന്നുണ്ട്. ഇപ്പോൾ ഉപ്പ മരിച്ചതിനാൽ ഉമ്മയുടെ അവകാശസ്വത്ത് ഉപ്പക്കുണ്ടാകുമോ? ഉണ്ടെങ്കിൽ അതിൽ രണ്ടാംഭാര്യക്കും മക്കൾക്കും അവകാശം ഉണ്ടാവുമോ? വിശദീകരണം പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

Saleem

Sep 15, 2019

CODE :Oth9430

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിങ്ങളുടെ ഉമ്മ മരിച്ചതോടുകൂടി മയ്യിത്തിന്‍റെ ഭര്‍ത്താവ് എന്ന നിലക്ക് ഉമ്മയുടെ സ്വത്തിന്‍റെ നാലിലൊന്നിന് നിങ്ങളുടെ പിതാവ് അവകാശിയായി. ബാക്കിയുള്ളത് ആ ഉമ്മയുടെ മക്കളായ നിങ്ങള്‍ക്ക് ആണിന്‍റെ പകുതി പെണ്ണിന് എന്ന കണക്കനുസരിച്ച് അര്‍ഹതപ്പെട്ടതാണ്. പിതാവ് മരണപ്പെടുന്നത് വരെ അത് വീതം വെച്ചില്ല എന്നത് പിതാവിന്‍റെ അവകാശത്തെ തടയുന്നതല്ല.

നിങ്ങളുടെ ഉമ്മ മരണപ്പെട്ട ശേഷം പിതാവ് വിവാഹം കഴിച്ച രണ്ടാം ഭാര്യക്കും അവരുടെ മക്കള്‍ക്കും നിങ്ങളുടെ ഉമ്മയുടെ അനന്തരസ്വത്തില്‍ അവകാശമില്ല. പക്ഷേ, നിങ്ങളുടെ പിതാവ് മരണപ്പെട്ടതോടെ പിതാവിന്‍റെ സ്വത്തില്‍് ആ ഭാര്യക്കും മക്കള്‍ക്കും അവകാശമുണ്ട്. നിങ്ങളുടെ പിതാവ് മരണപ്പെട്ടതോടെ പിതാവിന്‍റെ സ്വത്തില്‍ എട്ടിലൊരുഭാഗം രണ്ടാംഭാര്യക്കും ബാക്കിയുള്ളത് നിങ്ങള്‍ 9 മക്കളും രണ്ടാംഭാര്യയിലെ 3 മക്കളും പെണ്ണിന് ആണിന്‍റെ പകുതി എന്ന കണക്കനുസരിച്ച് വീതിച്ചെടുക്കണം.

പിതാവിന്‍റെ സ്വത്തില്‍ രണ്ടാംഭാര്യക്കും അവരുടെ മക്കള്‍ക്കും അവകാശമുള്ളതിനാല്‍ നിങ്ങളുടെ ഉമ്മയുടെ അനന്തരസ്വത്തിലെ പിതാവിന്‍റെ വിഹിതമായ നാലിലൊന്നിലും ഈ കണക്കനുസരിച്ച് അവര്‍ക്ക് അവകാശം വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter