വിഷയം: ‍ അനന്താരാവകാശികളിൽ ഒരാൾക്ക് മാത്രം സ്വത്ത് എഴുതിക്കൊടുക്കൽ

സ്വത്ത് വീതം വയ്ക്കുന്നതിന് കുറിച്ച് അറിയാൻ വേണ്ടിയാണ് ഈ ചോദ്യം. എന്റെ ഉപ്പാക്ക് രണ്ട മക്കളാണ് ഒരു മകൻ ഉപ്പാന്റെ കടങ്ങൾ വീട്ടാൻ സാമ്പത്തികമായി ഒരുപാട് ക്യാഷ് ഉപ്പാക്ക് കൊടുത്തു സഹായിച്ചിരുന്നു. അത് കൊണ്ട് ഉപ്പ തന്റെ സ്വത്തിൽ പകുതി തനിക്ക് പണം തന്ന് സഹായിച്ച മകന് എഴുതിക്കൊടുത്തു. ഇത് മൂത്ത മകന് ഇഷ്ടമല്ല എന്ന് ഇപ്പോൾ പറയുന്നു. ഇതിൽ ഇസ്ലാമികമായ വിധി എന്താണ്?

ചോദ്യകർത്താവ്

Noushad

Oct 15, 2019

CODE :Fin9468

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

അന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്താൽ അത് സാധുവാകണമെങ്കിൽ മരണ ശേഷം മറ്റു അനന്തരാവകാശികളുടെ സമ്മതം ആവശ്യമാണ്. ഇവിടെ ഉപ്പ തന്റെ മക്കളിൽ ഇളയവന് തന്റെ മരണ ശേഷം സ്വന്തമാക്കാൻ വേണ്ടിയാണ് ഇങ്ങനെ എഴുതിക്കൊടുത്തത് എങ്കിൽ ഉപ്പയുടെ മരണ ശേഷം മൂത്ത മകന്റേയും ഉമ്മയോ പെങ്ങന്മാരോ ഒക്കെ ഉണ്ടെങ്കിൽ അവരുടേയും സമ്മതം ഉണ്ടെങ്കിലേ ഉപ്പയുടെ ഈ വസ്വിയ്യത്ത് ശരിയാകുകയും ആ സ്വത്ത് ഇളയവന് സ്വന്തമാകുകയും ചെയ്യുകയുള്ളൂ (തുഹ്ഫ, ഫത്ഹുൽ മുഈൻ).

എന്നാൽ ഇവിടെ ഉപ്പ ഇളയ മകന് തന്റെ പകുതി സ്വത്ത് എഴുതിക്കൊടുത്തു എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഉപ്പ തന്റെ ജീവിത കാലത്ത് ആരോഗ്യമുള്ള സമയത്ത് അവന് രജിസ്റ്റർ ചെയ്ത് ഉടമപ്പെടുത്തിക്കൊടുത്തു എന്നാണെങ്കിൽ അതോടു കൂടി ആ സ്വത്ത് ഇളയ മകന്റേയായി മാറി. അതിൽ മൂത്ത മകൻ ഇനി വിഷമിച്ചിട്ട് കാര്യമില്ല. കാരണം ഉപ്പ ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ സ്വത്തിൽ കൈകാര്യം ചെയ്യാനുള്ള പൂർണ്ണമായ അധികാരം അദ്ദേഹത്തിനുണ്ട്. അദ്ദേഹം മരണപ്പെട്ടതിന് ശേഷം വല്ലതും ബാക്കിയുണ്ടെങ്കിലേ അത് അനന്തരാവകാശിയുടേതായി മാറുകയുള്ളൂ (ഹാശിയത്തുന്നിഹായ, ശർവ്വാനീ, ഇആനത്ത്).

ജീവിത കാലത്ത് മക്കൾക്ക് വല്ലതും കൊടുക്കുകയാണെങ്കിൽ അവർക്കിടയിൽ നീതി കാണിക്കണം എന്ന് നബി (സ്വ) നിരവധി തവണ കൽപ്പിച്ചിട്ടുണ്ട് (ബുഖാരീ, മുസ്ലിം, അബൂദാവൂദ്, നസാഈ, ബൈഹഖീ). എന്നാൽ ഇവടെ ഉപ്പാക്ക് സാമ്പത്തികമായി ധാരാളം സഹായം ചെയ്തു കൊടുത്തതിന് പകരമായിട്ട് ആ തോതനുസരിച്ചാണ് ഇളയ മകന് രജിസ്റ്റർ ചെയ്ത് കൊടുത്തത് എങ്കിൽ മക്കൾക്കിടയിൽ വിവേചനം ചെയ്തുവെന്ന പ്രശ്നവും ഉദിക്കുന്നില്ല. ആഇശാ (റ) യുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി അബൂബക്കർ (റ) ഒരു തോട്ടം അവർക്ക് മാത്രമായി നൽകിയിരുന്നു (മുവത്വഅ്)   .

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter