വിഷയം: ‍ ഭാര്യാ വീട്ടുകാർക്ക് ലോൺ അടക്കാൻ ബാങ്ക് പലിശ നൽകാമോ

എന്റെ പെങ്ങളെ കെട്ടിക്കാൻ വേണ്ടി പ്രവാസിയായ ഞാൻ അക്കൗണ്ടിൽ കുറേച്ചേ സേവ് ചെയ്തു വരുന്നുണ്ട് ഇപ്പോൾ അതിനു ഞാൻ അറിയാതെ തന്നെ ബാങ്ക് പലിശ തരുന്നുണ്ട്, അതെന്തു ചെയ്യണം,,ബാങ്കിൽ ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്ന എന്ന് ഭര്ർയാ വീട്ടുകാരെ അവരുടെ ലോൺ ഏറ്റെടുത്ത ഇപ്പോൾ തന്നെ സഹായിക്കുന്നുണ്ട് അതിലേക്ക് ഉൾപെടുത്താൻ പറ്റുമോ,,ഇനി ഒരുപക്ഷെ നാളെ അവർ സ്വത്ത് ഭാഗം വെക്കുമ്പോൾ ഞാനടച്ച ലോണും കണക്കാക്കി എന്റെ ഭരിയ്ക്കു വിഹിതം തന്നാൽ സ്വീകരിക്കാൻ പറ്റുമോ

ചോദ്യകർത്താവ്

Abduljaleel

Oct 24, 2019

CODE :Fin9484

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

സ്ഥിരമായി ഹറാമായ പണം കയ്യിൽ വരുന്നത് വളരേ അപകടകരമാണ്. വല്ലപ്പോഴും ഹറാമായ പണം കയ്യിലെത്തിപ്പെട്ടാൽ അത് ഉടൻ അതിന്റെ ഉടമയെ കണ്ടെത്തി തിരച്ചേൽപ്പിക്കണം. അയാൾ മരണപ്പെട്ടെങ്കിൽ അന്തരാവകാശിക്ക് കൊടുക്കണം. ഇനി ഉടമയെ കണ്ടെത്തുക പ്രായസമാണെങ്കിൽ (ഉദാ. ബാങ്ക് പോലെ) ആ പണം മുസ്ലിംകളുടെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി (ഉദാ. പാലം, സത്രം, പള്ളി തുങ്ങിയവ പോലെ) ഉപയോഗിക്കണം. അതല്ലെങ്കിൽ ദരിദ്രർക്ക് സ്വദഖഃ ചെയ്യണം. അവരുടെ കയ്യിൽ ഈ പണം എത്തിപ്പെട്ടാൽ അവർക്ക് അത് ഉപയോഗിക്കൽ ഹലാലാണ് (ശറഹുൽ മുഹദ്ദബ്).

എത്ര പ്രയാസം നേരിട്ടാലും പലിശ ഇടപാടുമായി ഒരു നിലക്കും ആരും ബന്ധപ്പെടാനും ബാങ്കിനെ ലോണിനായി ആശ്രയിക്കാനും പാടില്ല. കാരണം അത് അത്ര മേൽ നിഷിദ്ധമാണെന്നും അത് കൊണ്ട് ദുനിയാവിലും ആഖിറത്തിലും ബറകത്ത് ഉണ്ടാകില്ലെന്നും ഖുർആനും ഹദീസും വ്യക്തമാക്കുന്നുണ്ട് (സൂറത്തുൽ ബഖറഃ, ബുഖാരി, മുസ്ലിം). ഇനി അങ്ങനെ ബാങ്ക് ലോൺ എടുത്തു പോയിട്ടുണ്ടെങ്കിൽ അത് പലിശയടക്കം അടച്ചു വീട്ടുകയല്ലാതെ വേറെ വഴിയില്ലല്ലോ. അത് കൊണ്ട് തന്നെ ബാങ്കിൽ ലോൺ തിരിച്ചടക്കാൻ ബുദ്ധിമുട്ടുന്ന ഭര്യാ വീട്ടുകാർ ദരിദ്രരാണെങ്കിൽ അവർക്ക് താങ്കളുടെ ബാങ്ക് പലിശ കൊടുക്കാം, അവർക്ക് അത് സ്വീകരിക്കുകയും ചെയ്യാം. എന്നാൽ അവർ ദരിദ്രരൊന്നും ആയിട്ടില്ല, മറ്റു സംവിധാനങ്ങളിലൂടെ ലോൺ അടച്ചു വീട്ടാൻ കഴിയുകയും ചെയ്യുമെങ്കിൽ അവർക്ക് ഈ പലിശപ്പണം കൊടുക്കാൻ പറ്റില്ല. കാരണം താങ്കളുടെ എക്കൌണ്ടിലുള്ള പലിശപ്പണം ഒന്നുകിൽ മുസ്ലിംകളുടെ പൊതു ആവശ്യത്തിന് നൽകണം, അല്ലെങ്കിൽ ദരിദ്രർക്ക് നൽകണം, എങ്കിലേ താങ്കൾ അതിന്റെ ഉത്തരവാദത്തത്തിൽ നിന്ന് ഒഴിവാകുകയുള്ളൂ എന്നതാണ് നിയമം എന്ന് നേരത്തേ വ്യക്തമാക്കിയല്ലോ. അഥവാ ദരിദ്രരല്ലാത്തവരുടെ കയ്യിലേക്ക് ഈ പണം എത്തിയാൽ അത് അവർക്ക് ഉപയോഗിക്കൽ അനുവദനീയമാകില്ല.

സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ട് ദാരിദ്ര്യത്തിലെത്തിയെന്ന കാരണത്താൽ താങ്കൾ അവർക്ക് താങ്കളുടെ പലിശപ്പണം നൽകിയതിന് പ്രത്യുപകാരമായി അവരുടെ മുതൽ ഓഹരിവെക്കുന്ന സമയത്ത് എല്ലാവരും തൃപ്തിപ്പെട്ട് അവരുടെ സന്തോഷത്തിന് അതെല്ലാം ഉൾപ്പെടുത്തി താങ്കൾക്ക് തരികയാണെങ്കിൽ അത് സ്വീകരിക്കുന്നതിന് വിരോധമില്ല. എന്നാൽ അതിന് അവർ നിർബ്ബന്ധിക്കപ്പെടുന്ന സാഹചര്യം താങ്കളുടേയോ ഭാര്യയുടേയോ മക്കളുടേയോ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല. കാരണം താങ്കൾ പലിശപ്പണം നൽകുന്ന സമയത്ത് അവർ ദരിദ്രരായിരുന്നതിനാൽ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി അത് സ്വീകരിക്കൽ അവരുടെ അവകാശമയിരുന്നു, താങ്കളുടെ ഔദാര്യമോ സഹായമോ ആയിരുന്നില്ല. അതിനു കാരണം ഹറാമായ പണം താങ്കൾക്ക് ഉടമാകില്ല എന്നതാണ്. നമ്മുടെ ഉടമസ്ഥതയിലുള്ള ധനം കൊണ്ടേ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് പാടുള്ളൂ. അതു പോലെ ഭാര്യാപിതാവിന്റെ മരണ ശേഷം ആ ധനത്തിന്റെ പൂർണ്ണ അധികാരം അനന്താരാവകാശികൾക്കാണ്. താങ്കളുടെ ഭാര്യക്ക് മാത്രം അധികമായി അനന്തര സ്വത്ത് വിഹിതം നൽകുമ്പോൾ മറ്റു അന്താരാവകാശികളുടെ സമ്മതം കൂടി അതിന് ആവശ്യമാണ് (തുഹ്ഫ, ഫത്ഹുൽ മുഈൻ).

ഇനി താങ്കൾ അവർക്ക് ഈ പലിശപ്പണം നൽകുന്ന സമയത്ത് അവർ ദരദ്രരായിരുന്നില്ലെങ്കിൽ, അഥവാ അന്ന് അവർ വിചാരിച്ചിരുന്നെങ്കിൽ അവരുടെ സ്വത്ത് കൊണ്ട് തന്നെ അവർക്ക് ബാങ്ക് ലോൺ അടക്കാൻ കഴിയുമായിരുന്നു എന്ന സ്ഥിതിയിലായിരുന്നു അവർ എങ്കിൽ ലോൺ അടക്കാൻ താങ്കളുടെ ബാങ്ക് പലിശയിൽ നിന്ന് എത്രയാണോ അവർ കൈ പറ്റിയത് അത്രയും സംഖ്യ താങ്കളുടെ ഭാര്യക്ക് സ്വത്ത് വിഹിത്തിന്റെ കൂടെ കൊടുക്കുന്നതിന് പകരം എത്രയും പെട്ടെന്ന് ഒന്നുകിൽ മുസ്ലിംകളുടെ (മേൽപറയപ്പെട്ട തരത്തിലുള്ള) പൊതു ആവശ്യങ്ങൾക്കോ അല്ലെങ്കിൽ ഏതെങ്കിലും ദരിദ്രർക്കോ കൊടുത്തു വീട്ടുകയാണ് ചെയ്യേണ്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter