വിഷയം: ‍ ജ്വല്ലറികളുടെ "റേറ്റ് പ്രൊട്ടക്ഷൻ സ്കീം"

ചില ജ്വല്ലറികളിൽ 'റേറ്റ് പ്രൊട്ടക്ഷൻ സ്‌കീം' കാണുന്നു. ഇത് ഹലാലാണോ?

ചോദ്യകർത്താവ്

Basheer k

Nov 24, 2019

CODE :Fiq9511

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

സ്വർണ്ണത്തിന് വില കുറഞ്ഞ സമയം നോക്കി ഒന്നുകിൽ വാങ്ങാനുദ്ദേശിക്കുന്ന ആഭണത്തിന്റെ വില മുഴുവനായോ അതിന്റെ ഒരു നിശ്ചിത ശതമാനമോ (ഉദാ: 10%-90%) ജ്വല്ലറിക്ക് അഡ്വാൻസായി നൽകുക. എന്നിട്ട് 30 ദിവസമോ അതിൽ കൂടുതലോ കുറവോ ഉളള ഒരു നിശ്ചിത കാലാവധിക്കുള്ളിൽ ആ പണം കൊണ്ട് സ്വർണ്ണം വാങ്ങാം. അങ്ങനെ സ്വർണ്ണം വാങ്ങുന്നത് അഡ്വാൻസ് നൽകിയ ദിവസത്തേക്കാൾ സ്വർണ്ണത്തിന് വില കൂടിയ ദിവസത്തിലാണെങ്കിൽ ഉപഭോക്താവ് അഡ്വാൻസ് നൽകിയ സമയത്തെ കുറഞ്ഞ നിരക്കിൽ അത് വാങ്ങാം. ഇനി അഡ്വാൻസ് നൽകിയ ദിവസത്തേക്കാൾ വിലയിടിഞ്ഞ ദിവസമാണ് സ്വർണ്ണം വാങ്ങുന്നതെങ്കിൽ ആ ദിവസത്തെ കുറഞ്ഞ നിരക്കിൽ തന്നെ അത് വാങ്ങാം. ഈ രീതിയിൽ ഉയരുന്ന സ്വർണ്ണ നിരക്കിൽ നിന്ന് ഉപഭോക്താവിന് ആശ്വാസം ലഭിക്കും വിധം എന്ന പേരിൽ ജ്വല്ലറിക്കാർ പ്രഖ്യാപിക്കുന്ന ഒരു ഷോർട്ട് ടേം പദ്ധതിയാണ് "റേറ്റ് പ്രൊട്ടക്ഷൻ സ്കീം".

ഇത്തരം സ്കീമുകൾ പ്രഖ്യാപിക്കുമ്പോൾ ജ്വല്ലറിക്കാരും അതിൽ ഭാഗഭാക്കാമ്പോൾ ഉപഭോക്താക്കളും അവയിൽ ഇസ്ലാം അംഗീകരിച്ച ഇടപാടിന്റെ നിബന്ധനകൾ കണിശമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൽ നിർബ്ബന്ധമാണ്.

ഒറ്റനോട്ടത്തിൽ ഈ സ്കീമിനെക്കുറിച്ച് അറിയുമ്പോൾ ഒരു കുഴപ്പവുമില്ലാത്തത് പോലെ തോന്നും. കാരണം ഉപഭോക്താവിന് മാർക്കറ്റ് വിലക്കോ അതിനേക്കാൾ കുറച്ചോ ആണ് ജ്വല്ലറിക്കാരൻ സ്വർണ്ണം കൊടുക്കുന്നത്. ഈ രണ്ട് ഘട്ടത്തിലും പദ്ധതി പ്രഖ്യാപിച്ച ജ്വല്ലറിക്കാണല്ലോ ഒരു തരത്തിൽ നഷ്ടം സംഭവിക്കാവുന്നത്. എന്നാലും സ്വന്തം ഇഷ്ടപ്രകാരമാണ് അവർ അങ്ങനെ ചെയ്യുന്നത് എന്നത് കൊണ്ട് ഇതിന് കുഴപ്പമില്ലല്ലോ. അഥവാ ഈ ഓഫർ പ്രഖ്യാപിക്കുന്നതും പറഞ്ഞത് പോലെ കൊടുക്കുന്നതും ജ്വല്ലറിയല്ലേ. അതിൽ ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് നിർബ്ബന്ധമോ ചൂഷണമോ ഒന്നും വരുന്നില്ലോ, ആയതിനാൽ ഈ ഇടപാടിന് എന്താണ് കുഴപ്പം എന്നാണ് പലരും ചോദിക്കുന്നത്. യഥാർത്ഥത്തിൽ ജ്വല്ലറിക്കാർക്ക് ഇവിടെ നഷ്ടം വരുന്നില്ലായെന്നത് മറ്റൊരു കാര്യം. കാരണം ഇത്തരം ഓഫറുകൾ മുൻനിർത്തി ധാരാളം പേരിൽ നിന്ന് അഡ്വാൻസ് വാങ്ങി ആ ഭീമമായ സംഖ്യ കൊണ്ട് പല വ്യവഹാരങ്ങൾ നടത്തിയും പല നഷ്ടങ്ങൾ നികത്തിയും അവർ ലാഭമുണ്ടാക്കുന്നു. അല്ലാതെ സ്വർണ്ണം കുതിച്ചുയരുമ്പോൾ വിലകുറച്ച് കൊടുക്കാൻ ധർമ്മ സ്ഥാപനങ്ങളായ ജ്വല്ലറികൾക്ക് മാത്രമല്ലേ കഴിയുകയുള്ളൂ. അതിനാൽ ജ്വല്ലറിക്കാരുടെ നഷ്ടത്തെക്കുറിച്ചുള്ള ചർച്ചക്ക് വലിയ പ്രസക്തി ഇവിടെയില്ല എന്ന് തോന്നുന്നു.

യഥാർത്ഥ ഇവിടെ പ്രശ്നം മറ്റൊന്നാണ്. ലോക വ്യാപാര രംഗത്തെ വിനിമയോപാധിയും വസ്തുക്കളുടെ വിലകളുമായ സ്വർണ്ണത്തിന്റേയും വെള്ളിയുടേയും അവയുടെ സ്ഥാനത്തുള്ള കറൻസികളുടേയും കൈമാറ്റം കണിശമായ ചില നിബന്ധനകൾക്ക് വിധേയമായാണ് ഇസ്ലാം അനുവദിച്ചിട്ടുള്ളത്.  അത് കൊണ്ട് തന്നെ സ്വർണ്ണം വെള്ളിക്കോ അതിന്റെ സ്ഥാനത്ത് നിൽക്കുന്ന കറൻസിക്കോ പകരമായി കൈമാറ്റം ചെയ്യുമ്പോൾ പാലിക്കേണ്ട ആ നിബന്ധനകൾ ഇവിടെ പാലിക്കപ്പെടുന്നുണ്ടോയെന്ന ഗൌരവമേറിയ വിഷയമാണ് ചർച്ച ചെയ്യപ്പെടേണ്ടത്.

യഥാർത്ഥത്തിൽ കറൻസിയും സ്വർണ്ണവും തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിക്കൽ നിർബ്ബന്ധമാണ്. ഈ രണ്ട് നിബന്ധനകളും പാലിച്ചില്ലെങ്കിൽ (അഥവാ പണം കൊടുക്കുന്ന സദസ്സിൽ വെച്ച് തന്നെ സ്വർണ്ണം കൈമാറാതെ അതിന് പിന്നീടൊരു തിയ്യതി നിശ്ചയിച്ചാൽ, അല്ലെങ്കിൽ പണമോ സ്വർണ്ണമോ ഏതെങ്കിലുമൊന്ന് കൈമാറാൻ വൈകിയാൽ, അല്ലെങ്കിൽ സ്വർണ്ണം ആദ്യം കൊടുക്കുകയും പണം പിന്നീട് തവണകളായി കൊടുക്കുകയും ചെയ്താൽ) ഈ കൈമാറ്റ ഇടപാട് ശരിയാകില്ല. കാരണം ഇത് അധികപ്പലിശ വരുന്ന ഇടപാടായി മാറും.

ഇനി ‘റേറ്റ് പ്രൊട്ടക്ഷൻ സ്കീമിൽ’ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഉപഭോക്താവ് ആദ്യം തന്റെ പണം ഒന്നുകിൽ കുറച്ച് അല്ലെങ്കിൽ മുഴുവനായും ജ്വല്ലറിക്ക് കൊടുക്കുന്നു, ആ സദസ്സിൽ വെച്ച് തന്നെ റൊക്കമായി ആ പണത്തിനുള്ള സ്വർണ്ണം ജ്വല്ലറി കൈമാറുന്നുമില്ല. അത് മറ്റൊരു സമയത്തേക്ക് മാറ്റി വെക്കുന്നു, എന്നിട്ടത് പിന്നീട് നൽകുന്നു. അത് കൊണ്ട് തന്നെ ഇത് ഇസ്ലാം അംഗീകരിച്ച നിബന്ധനയൊത്ത സ്വർണ്ണ കൈമാറ്റ രീതിയല്ലായെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്.

ഇവിടെ അഡ്വാൻസായിട്ട് കൊടുത്ത പണം എന്ത് അടിസ്ഥാനത്തിൽ കൊടുത്തുവെന്ന് മനസ്സിലാക്കുന്നത് ഏറ്റവും പ്രധാനമാണ്. അത് സ്വർണ്ണ കൈമാറ്റം എന്ന ഇടപാടിന്റെ ഭാഗമായിട്ടാണ് കൊടുത്തതെങ്കിൽ ആ ഇടപാട് ശരിയെല്ലായെന്ന് വ്യക്തമാക്കപ്പെട്ടുവല്ലോ. ജ്വല്ലറിയുടെ പരസ്യമനുസരിച്ച് ഉപഭോക്താവ് കൊടുക്കുന്ന ഈ പണം പിന്നീട് സ്വർണ്ണം കൈമാറുന്നതിന്റെ ഭാഗമായാണ് അവർ സ്വീകരിക്കുന്നത് എന്ന് ബോധ്യപ്പെടാൻ പ്രയാസമില്ലല്ലോ.

ഈ സ്വർണ്ണക്കൈമാറ്റത്തിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഇവിടെ ആദ്യം കൈമാറ്റ ഇടപാട് നടത്തുന്നത് കറൻസിയും ആഭരണല്ലാത്ത സ്വർണ്ണവും തമ്മിലാണ്. കറൻസി കൊടുത്തിട്ടും അതിന് പകരമായുള്ള സ്വർണ്ണം റൊക്കമായി സദസ്സിൽ വെച്ച് കൈമാറ്റം ചെയ്യപ്പെടുന്നില്ലായെന്ന് പറഞ്ഞല്ലോ. അതിന് പുറമേ പിന്നീട് കൈമാറുന്നത് യഥാർത്ഥത്തിൽ ഇടപാടിൽ കൊടുത്ത കറൻസിക്ക് പകരമായ  ആഭരണമല്ലാത്ത സ്വർണ്ണവുമല്ല. പകരം പണിക്കൂലി കൂടി കൂട്ടിയിട്ടുള്ള ആഭരണമാണ് നൽകുന്നത്. ഇവിടെ ഉപഭോക്താവിന് താൻ ഇടപാട് നടത്തിയ വസ്തു അതേ രൂപത്തിൽ റൊക്കമായോ ആ സദസ്സിൽ വെച്ചോ മാത്രമല്ല പിന്നീടൊരിക്കലും ഉടമയാക്കാൻ സാധിക്കുന്നില്ല. പകരം ജ്വല്ലറി പറയുന്ന പണിക്കൂലി കൊടുത്ത് ആഭരണ രൂപത്തിൽ മാത്രമേ അത് ഉടമയാക്കാൻ പറ്റൂ. യഥാർത്ഥത്തിൽ പണം കൈമാറുന്ന സമയത്ത് അതിന് പകരമായുള്ള സ്വർണ്ണം അപ്പോൾ തന്നെ ജ്വല്ലറി കൈമാറുകയും അങ്ങനെ ആ ഇടപാട് കഴിഞ്ഞതിന് ശേഷം ഉപഭോക്താവ് കടമായോ സൂക്ഷിപ്പ് സ്വത്തായോ ആ സ്വർണ്ണം ജ്വല്ലറിയെത്തന്നെ ഏൽപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകണം. അഥവാ ഇടപാടുകളോരോന്നും വെവ്വേറെ നടക്കണം. കടമായോ സൂക്ഷിപ്പ് സ്വത്തായോ ആ സ്വർണ്ണം വീണ്ടും ജ്വല്ലറിക്ക് നൽകിയാൽ പിന്നീട് അത് തിരിച്ച് വാങ്ങുന്ന സമയത്ത് ഒന്നുകിൽ ആ സ്വർണ്ണം തന്നെയോ അല്ലെങ്കിൽ ഉപഭോക്താവിന്റെ ഇഷ്ടമനുസരിച്ച് പണിക്കൂലി കൊടുത്ത് അതിന്റെ ആഭരണമോ പണിക്കൂലി കുറച്ച് അതിനുള്ള ആഭരണമോ തിരകെ വാങ്ങാൻ കഴിയണം. അഥവാ അതിനുള്ള സ്വാതന്ത്ര്യം ജ്വല്ലറിയെ സ്വർണ്ണം ഏൽപ്പിക്കുന്നയാൾക്കുണ്ടാകണം. അപ്പോഴേ അത് കടം കൊടുക്കലും സൂക്ഷിക്കാൻ കൊടുക്കലും ആകുകയുള്ളൂ. അല്ലാതെ ഉപഭോക്താവ് പണം കൊടുത്ത് സ്വർണ്ണം വാങ്ങി അത് കടമായോ സൂക്ഷിക്കാനോ ജ്വല്ലറിയെ ഏൽപ്പിച്ചാൽ അതൊരിക്കലും ഇനി തിരിച്ചു കൊടുക്കില്ലായെന്നും, പകരം ജ്വല്ലറി പറയുന്ന പണിക്കൂലി നൽകി അതിനുള്ള ആഭരണമേ വാങ്ങാവൂ എന്നും കടം വാങ്ങുന്ന അല്ലെങ്കിൽ സൂക്ഷിപ്പ് ഏറ്റെടുക്കുന്ന ജ്വല്ലറി നിബന്ധന വെക്കുന്നത് പലിശ ഇടപാടാണ്.  

ഇനി ഉപഭോക്താവ് തന്റെ അഡ്വാൻസ് മണി (സ്വർണ്ണക്കൈമാറ്റ ഇടപാടിന്റെ ഭാഗമായിട്ടല്ല, പ്രത്യുത) കടമായിട്ടാണ് ജ്വല്ലറിക്ക് കൊടുക്കുന്നത് എങ്കിൽ അവർ തമ്മിൽ തീരുമാനിച്ച കാലാവധിക്ക് ശേഷം ഉപഭോക്താവിന് ജ്വല്ലറി കൊടുക്കുന്ന സ്വർണ്ണത്തിന് പകരം താൻ നേരത്തേ ജ്വല്ലറിക്ക് നൽകിയ പണമാണ് ആവശ്യമെങ്കിൽ ജ്വല്ലറി ആ പണം തിരികെ നൽകൽ നിർബ്ബന്ധമാണ്. എന്നാൽ ഈ ഇടപാടിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ ജ്വല്ലറി പണം തിരികെ തരാനുള്ള സാധ്യത വിരളമാണ്. കാരണം ജ്വല്ലറി ഇതൊക്കെ ചെയ്യുന്നത് തന്നെ അവരുടെ സ്വർണ്ണം എങ്ങനെയെങ്കിലും വിറ്റുപോകാനാണ്. മാത്രവുമല്ല ഉപഭോക്താവ് അടച്ച പണത്തിന് പുറമെ പണിക്കൂലി കൂടി നൽകി സ്വർണ്ണമാണ് വാങ്ങേണ്ടത് എന്ന് അവരുടെ പരസ്യത്തിലും നിബന്ധനയിലും അവർ പറയുന്നുമുണ്ട്. അഥവാ അടച്ച പണം പണമായി തിരിച്ചു തരില്ല എന്ന് പറയാതെ പറയുകയാണിവിടെ. അതിനാൽ ഇത് ഇസ്ലാം അംഗീകരിച്ച കടം ഇടപാട് എന്ന ഗണത്തിലും വരില്ല. ഇത് കടമിടപാടായി പരഗണിക്കണമെങ്കിൽ കടം കൊടുത്തവന് (കടം കൊടുത്തവനെ ഉപഭോക്താവ് എന്ന് പറയാൻ പറ്റില്ലല്ലോ) പണമോ സ്വർണ്ണോ ഇഷ്ടമുള്ളത് തിരിച്ചു വാങ്ങാനുള്ള സ്വാതന്ത്ര്യം ജ്വല്ലറി തൽകണം. അങ്ങനെയാകുമ്പോൾ കടം കൊടുത്ത ആൾക്ക് സ്വന്തം ഇഷ്ടപ്രകാരം തനിക്ക് തരാനുള്ള പണത്തിന് പകരം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങാം. അല്ലാതെ പണം കടം വാങ്ങിയിട്ട് സ്വർണ്ണമേ തിരിച്ചു കൊടുക്കുകയുള്ളൂവെന്ന നിലപാട് തനി പലിശ ഇടപാടാണ്.

മറ്റൊരു സാധ്യതയുള്ളത് ഉപഭോക്താവ് ജ്വല്ലറിക്ക് നൽകുന്ന അഡ്വാൻസ് തുക ജ്വല്ലറിയിൽ നിക്ഷേപമായി നൽകിയതാകുകയെന്നതാണ്. ഒരു കച്ചവടത്തിൽ നിക്ഷേപമായി വല്ലതും നൽകിയാൽ പിന്നീട് ആ നിക്ഷേപം പിൻവലിക്കുന്ന സമയത്ത് കച്ചവടം ലാഭകരമാണെങ്കിൽ അതിൽ തന്റെ ലാഭ വിഹതം കൂടി ഈ നിക്ഷേപകൻ അർഹിക്കുന്നുണ്ട്, നഷ്ടമാണെങ്കിൽ നഷ്ടം നികത്താൻ തന്റെ നിക്ഷേപത്തിന്റെ വിഹിതം അനുസരിച്ചുള്ളത് അതിൽ നിന്ന് എടുത്ത് ബാക്കിയുള്ളതേ ലഭിക്കുകയുള്ളൂ. മാത്രവുമല്ല നിക്ഷേപകനോട് തന്റെ നിക്ഷേപം പിൻവലിക്കുമ്പോൾ പണം ഒരിക്കലും തിരികെ തരില്ലെന്നും പകരം പണിക്കൂലി നൽകി സ്വർണ്ണമേ വാങ്ങാവൂ എന്നും നിബന്ധന വെക്കാനും പാടില്ല. എന്നാൽ സാധാരണ ഒരു ജ്വല്ലറിയും അവർ പ്രഖ്യാപിക്കുന്ന ഇത്തരത്തിലുള്ള സ്കീമിൽ ഉപഭോക്താവ് നൽകുന്ന അഡ്വാൻസ് മണി ജ്വല്ലറി നിക്ഷേപമായി സ്വീകരിക്കുന്ന പതിവില്ലാത്തതിനാൽ ഇക്കാര്യം ഇഴകീറി പരിശോധിക്കുന്നില്ല.

ചുരുക്കത്തിൽ, ‘റേറ്റ് പ്രൊട്ടക്ഷൻ സ്കീം’ എന്നത് പല ജ്വല്ലറികളുടേയും പരസ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയത് പ്രകാരം ഇസ്ലാം അംഗീകരിച്ച സ്വർണ്ണക്കൈമാറ്റ രിതിയല്ലെന്നാണ് വ്യക്തമാകുന്നത്. ഇസ്ലാം നിഷ്കർഷിച്ച നിബന്ധനകൾക്ക് വിധേയമായി അതിൽ സ്വർണ്ണക്കൈമാറ്റം നടക്കാത്തതിനാൽ പലിശയിലധിഷ്ഠിതമായ ഇടപാടായിട്ടാണ് അത് പൊതുവേ പരിഗണിക്കപ്പെടുക. ആയതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ജ്വല്ലറിക്കാരും ഉപഭോക്താക്കളും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹമുള്ള ഒന്നിലധികം കർമ്മശാസ്ത്ര പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് ഇസ്ലാമികമായി സാധുവാകുന്ന സ്വർണ്ണക്കൈമാറ്റത്തിന്റെ നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter