ഫിര്‍ഔനിന്‍റെ ജഡം കടലില്‍ നിന്നു കിട്ടിയപ്പോള്‍, അത് ഫിര്‍ഔന്‍ ആണെന്ന് മനസ്സിലായത് എങ്ങനെ?

ചോദ്യകർത്താവ്

യാദില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെഅനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫറോവ അല്ലെങ്കില്‍ ഫിര്‍ഔന്‍ എന്നത് ഒരു കാലത്ത് ഈജിപ്ത് ഭരിച്ച രാജാക്കന്മാര്‍ പൊതുവെ വിളിപ്പെട്ടിരുന്ന സ്ഥാന പേരെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ മൂസാ നബി (അ) മിന്‍റെ കാലഘട്ടത്തില്‍ ജീവിച്ച ഫിര്‍ഔന്‍ ആരായിരുന്നുവെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പഴയകാല മുഫസ്സിറുകള്‍ക്കിടയിലും ആധുനിക ചരിത്രകാരന്മാര്‍ക്കിടയിലും ഈ അഭിപ്രായന്തരങ്ങളുണ്ട്. ഇന്ന് മുസ്ലിംകളും അല്ലാത്തവരുമായ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ശാസ്ത്രജ്ഞരും വ്യത്യസ്തമായ സിദ്ധാന്തങ്ങളും പഠനങ്ങളും അവതരിപ്പിക്കുകയും പ്രത്യേകമായ രചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെ നിഗമനങ്ങള്‍ക്കും അവരുടേതായ ന്യായങ്ങളും അവര്‍ നിരത്തുന്നുണ്ട്. പക്ഷേ, ഇന്നേവരെ കുറ്റമറ്റ ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈജിപ്തോളജിയും അന്നു കാലത്ത് രാജാക്കന്മാര്‍ എഴുതി വെച്ച ഫലകങ്ങളും ശവക്കല്ലറകളിലെ എഴുത്തുകളുമാണ് അവര്‍ ഗവേഷണത്തിനുള്ള അടിസ്ഥാനമായി സ്വീകരിക്കുന്നത്. അധികാരി വര്‍ഗങ്ങളുടെ താല്പര്യത്തിനനുസരിച്ചു മാത്രം എഴുതപ്പെട്ട ഫലകങ്ങളും പല കവര്‍ച്ചകള്‍ക്കും കവര്‍ച്ചകളില്‍ രക്ഷപ്പെടുത്താനായി ഒളിപ്പിച്ചുവെക്കലുകള്‍ക്കും വിധേയമായ ശവക്കല്ലറകളിലെ എഴുത്തുകളും പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നതു കൊണ്ടു തന്നെ ഇത്തരം ഗവേഷണങ്ങള്‍ ഒരിക്കലും ഒരു ഉറപ്പിലേക്കെത്തിക്കുകയില്ല. ഖുര്‍ആന്‍ ചരിത്ര സംഭവങ്ങളുദ്ധരിക്കുന്നത് അതിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും അവനെതിരു പ്രവര്‍ത്തിച്ചവര്‍ക്ക് അവന്‍ നല്‍കിയ ശിക്ഷയും അവനോടു നന്ദി കാണിച്ചവര്‍ക്കു അവന്‍ നല്‍കിയ പ്രതിഫലവും രക്ഷയും വിവരിക്കാനും അതിലെ നല്ല പാഠങ്ങള്‍ മനസ്സിലാക്കിത്തരുവാനുമാണ്. അഥവാ ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. അതിനാല്‍ ഖുര്‍ആനില്‍ കാലഘട്ടങ്ങളെ കുറിച്ചും രാജ ഭരണങ്ങളെയും സംവിധാനങ്ങളെയും കുറിച്ചുമുള്ള കൃത്യമായ ചരിത്രവിശകലനം ലഭ്യമല്ല. ഫിര്‍ഔനിന്‍റെ മരണത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്. “അതിനാല്‍ അവനെയും അവന്റെ പടയാളികളെയും നാം പിടികൂടി കടലിലെറിഞ്ഞു. നോക്കൂ; ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.” (28:40) “അപ്പോള്‍ അവരെ നാട്ടില്‍നിന്ന് വിരട്ടിയോടിക്കാന്‍ ഫിര്‍ഔന്‍ തീരുമാനിച്ചു. എന്നാല്‍ അവനെയും അവന്റെ കൂട്ടാളികളെയും നാം മുക്കിക്കൊന്നു.” (17:103) “അവസാനം അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരോട് പ്രതികാരം ചെയ്തു. അവരെയൊക്കെ മുക്കിയൊടുക്കി.” (43:55) മൂസാ (അ)മും ബനൂ ഇസ്രാഈലും സുരക്ഷിതമായി കടല്‍ കടന്നെങ്കിലും അവരില്‍ ചിലര്‍ക്ക് ഫിര്‍ഔന് ശരിക്കും ചത്തുവോ അതോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയമുണ്ടായിരുന്നു. അവരുടെ ഈ ശങ്ക തീര്‍ക്കാന്‍ അല്ലാഹു തആലയുടെ കല്പന പ്രകാരം ഫിര്‍ഔനിന്‍റെ ശവ ശരീരം കടലില്‍ നിന്ന് ഒരു ഉയര്‍ന്ന സ്ഥലത്തേക്ക് കരയണഞ്ഞു. ആ ശവത്തില്‍ ഫിര്‍ഔനിന്‍റെ അങ്കിയുമുണ്ടായിരുന്നു. (തഫ്സീര്‍ ഇബ്നു കസീര്‍) ഇതിലേക്ക് സൂചന നല്‍കുന്നതാണ് താഴെ കൊടുത്ത ഖുര്‍ആന്‍ വാക്യം “നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ (പോറലേല്‍ക്കാതെ) നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.” (10:92) ശിലാ ഫലകത്തില്‍ കൊത്തിവെച്ച ഹീറോഗ്ലിഫിക്സ് എന്ന പ്രത്യേക ലിപി വായിച്ചെടുത്തും അതുപോലെ ശവക്കല്ലറകളിലും മറ്റും കൊത്തിവെച്ചതും അവലംബിച്ച്, നിലവിലുള്ള ഓരോ മമ്മിയുടേയും പേരും ചരിത്രവും ഇന്ന് അനുമാനിച്ചെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ, മൂസാ (അ) കാലഘട്ടത്തിലുണ്ടായിരുന്ന ഫിര്‍ഔന്‍  ആരെന്ന് ചരിത്ര ഗവേഷണത്തിലൂടെ കണ്ടെത്തിയാല്‍ ആ മമ്മി ഏതെന്നു കണ്ടെത്താനും കഴിയും. മൂസാ നബി(അ) മിന്‍റെ ജനന സമയത്തും ശേഷവും ബനൂ ഇസ്രാഈലിനെ കഷ്ടപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്ത അതേ ഫിര്‍ഔന്‍ തന്നെയാണ് ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ടു പോയിരുന്ന മൂസാ (അ)മിനെയും അനുയായികളെയും പിന്തുടരുകയും ചെങ്കടലില്‍ മുക്കികൊല്ലപ്പെടുകയും ചെയ്തതെന്നാണ് ഖുര്‍ആനിക ആയതുകളുടെ സൂചനകളില്‍ നിന്നും തഫ്സീറുകളുടെ വിശദീകരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. തഫ്സീറുകളില്‍ ഈ ഫിര്‍ഔനിന്‍റെ പേരായി വലീദ് ബ്നു മുസ്അബ്, മുസ്അബ് ബ്നു റയ്യാന്‍, ഖാബൂസ്, മൂഗീസ്, ഫന്‍ഥൂസ് തുടങ്ങി പലപേരുകളുടെയും അഭിപ്രായങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൈറോ യുനൂവേഴ്സിറ്റി പ്രഫസര്‍, ഡോക്ടര്‍ റുശ്ദി അല്‍ബദ്റാവി തന്‍റെ ((ആരാണു മൂസാ(അ)മിന്‍റെ ഫിര്‍ഔന്‍)) എന്ന ഗ്രന്ഥത്തില്‍ ആധുനികമായി നിലനില്‍ക്കുന്ന പത്തോളം നിഗമനങ്ങളും അവയുടെ വക്താക്കളും അവരുടെ തെളിവുകളും വിശദീകരിച്ചതിനു ശേഷം ആ ഫിര്‍ഔന്‍ റാമസിസ് രണ്ടാമനാണെന്നു സ്ഥിരീകരിക്കുന്നുണ്ട്. റാമസീസ് രണ്ടാമന്‍റെ ഒരു കൈ അല്‍പം ഉയര്‍ത്തിപ്പിടിച്ചത് അപകടത്തെ തടയുന്ന വെപ്രാളം മൂലമാണെന്നും മറ്റു മമ്മികളെല്ലാം ശാന്തമായ രീതിയിലാണ് കൈ വെച്ചിട്ടുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ റാമസീസിന്‍റെ ശവശരീരത്തില്‍ കണ്ടെത്തിയ ഉപ്പിന്‍റെ സാന്നിധ്യം കടലില്‍ മുങ്ങി മരിച്ചതിനുള്ള തെളിവാണെന്ന വ്യാഖ്യാനം,  അത് മമ്മിഫെകേഷന്‍റെ ഭാഗമായി ഉപയോഗിച്ചതാകാനുള്ള സാധ്യത മുന്നോട്ടു വെച്ചദ്ദേഹം നിരാകരിക്കുന്നു. ജാന്‍ യൂയോട്ട് മുന്നോട്ട് വെച്ച സിദ്ധാന്തമാണ് റാമസിസ് രണ്ടാമന്‍ ഇസ്രാഈല്യരെ അടിച്ചമര്‍ത്തിയ ഫിര്‍ഔനും റാമസിസിന്‍റെ മകന്‍ മെര്‍ണാപ്ത ഇസ്രാഈല്യരുടെ പാലായന സമയത്തെ ഫിര്‍ഔനുമെന്നത്. അതിനു മെര്‍ണപ്തയുടെ ഫലകമെന്നറിയപ്പെടുന്ന ഒരു മാര്‍ബിള്‍ കല്ലില്‍ കൊത്തിവെച്ച കവിതയാണ് തെളിവായി ഉദ്ധരിക്കുന്നത്. സത്യത്തില്‍ അത് രാജാവിനെ പുകഴ്ത്തിയെഴുതിയ കവിത എന്നതിലുപരി മറ്റൊന്നുമല്ല. ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ മോറിസ് ബുഖായ് ഈജിപ്ത് സന്ദര്‍ശന സമയത്ത് ഈ മമ്മിയെ പ്രത്യേകം പരിശോധിക്കാനുള്ള അനുവാദം വാങ്ങിച്ചു. തന്‍റെ സഹ പ്രവര്‍ത്തകരോടൊത്തുള്ള പരിശോധനയില്‍ ആ മമ്മിയുടെ മരണ കാരണം തിരമാലകളാലേറ്റ ക്ഷതമായിരിക്കണമെന്ന നിഗമനത്തിലെത്തിയെന്ന് അദ്ദേഹം തന്‍റെ ((ബൈബിളും ഖുര്‍ആനും ശാസ്ത്രവും)) എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഈ നൂറ്റാണ്ടില്‍ കടലില്‍ നിന്ന് ഒരു ജഢം ലഭിക്കുകയും അത് ശാസ്ത്രീയമായ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ഫിര്‍ഔനിന്‍റേതാണെന്ന് മനസ്സിലാവുകയും ചെയ്തുവെന്ന ഒരു ധാരണ ചോദ്യത്തില്‍ നിഴലിക്കുന്നുണ്ട്. സത്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഈജിപ്തില്‍ കാലങ്ങളായി നിലവിലുള്ള മമ്മികളുടെ കൂട്ടത്തിലുള്ള ഒന്നിനെ മൂസാ നബി(അ)മിന്‍റെ  കാലത്തുള്ള ഫിര്‍ഔനായി മനസ്സിലാക്കാനുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടക്കുന്നത്. പൂര്‍ണ്ണമായും സത്യമെന്നു പറയത്തക്ക ഒരു തീരുമാനത്തില്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്കോ ചരിത്രകാരന്മാര്‍ക്കോ എത്താന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter