അസ്ഹാബുല്കഹ്ഫിന്ടെ ഗുഹ തുര്ക്കിയിലാണോ ജോര്ദാനിലാണോ?

ചോദ്യകർത്താവ്

ഹംദാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുറതുല്‍ കഹ്ഫില്‍ വിവരിച്ചിട്ടുള്ള ഗുഹാവാസികളായ ചെറുപ്പക്കാര്‍ അഭയം പ്രാപിക്കുകയും ദീര്‍ഘ നിദ്രയില്‍ ലയിക്കുകയും ചെയ്ത ഗുഹ എവിടെ സ്ഥിതി ചെയ്യുന്നുവെന്നതില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഖുര്‍ആനില്‍ ഈ ചരിത്ര സംഭവം പറയവേ വിശദീകരിച്ച ഗുഹയുടെ വിശേഷണങ്ങളോടു (വടക്കു ഭാഗത്ത് കവാടമുള്ള ഗുഹയും അതിനടുത്ത് ഒരു ആരാധനാലയവും)  സാമ്യമുള്ള ഗുഹകള്‍ കണ്ടെത്തെമ്പോഴെല്ലാം സമീപ വാസികള്‍ അതിനെ അസ്വഹാബുല്‍ കഹ്ഫിന്‍റെ ഗുഹയാണെന്ന് വ്യാഖ്യാനിക്കാറുണ്ട്. ജലാലൈനി, ഥബ്റി, ബൈദാവി, നസഫി തുടങ്ങി ഒട്ടുമിക്ക തഫ്സീറുകളിലും ഇന്നു തുര്‍കിയില്‍ സ്ഥിതി ചെയ്യുന്ന ഥര്‍സൂസ് (Tarsus) ആയിരുന്നു ഈ ഗുഹാ വാസികള്‍ ഉണര്‍ന്നെഴുന്നേറ്റതിനു ശേഷം ഭക്ഷണം അന്വേഷിച്ചു പോയ പട്ടണം എന്നു കാണാം. ഉസ്മാനിയ്യ ഭരണകാലത്തെ പ്രമാണങ്ങളുടെ സൂക്ഷിപ്പു ശേഖരത്തില്‍ ഥര്‍സൂസ് ഭരണാധികാരി അവിടെ ഗുഹ വൃത്തിയാക്കുന്ന ജോലിക്കാര്‍ക്കുള്ള ശമ്പള നീക്കിയിരിപ്പിനായി എഴുതിയ കത്ത് കണ്ടെത്തിയിട്ടുണ്ട്. ഫഖ്റുദ്ദീന്‍ റാസിയെ പോലുള്ളവര്‍ ആ പട്ടണത്തിന്‍റെ പേര് അഫ്സൂസ് എന്ന് രേഖപെടുത്തിയതായി കാണാം. അഫ്സൂസ് - ഉഫ്സൂസ് - ഈഫീസൂസ് എന്നിങ്ങനെ തഫ്സീറുകളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ സ്ഥലം വ്യത്യസ്ത രീതിയില്‍ എഴുതിക്കാണുന്നുണ്ട്. ഒരു കാലത്ത് ഗ്രീസിലെയും പിന്നീട് റോമിലെയും ഇപ്പോള്‍ തുര്‍കിയുടെയും കീഴിലുള്ള ലോനിയ സമുദ്രതീരത്ത് ഇസ്മിര്‍ പ്രവിശ്യയിലെ സെല്ജൂകിനടുത്താണ് എഫസുസ് (Ephasus/ Efesus). ഈ പ്രദേശത്ത് ഗുഹാവാസികളുടേതെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയുണ്ട്. ഥര്‍സൂസ് മധ്യ തുര്‍കിയിലെ തെക്കു ഭാഗത്ത് മധ്യധരണ്യാഴിയുടെ തീരത്തുള്ള മെര്‍സിന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. എഫസുസില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ ദൂരത്താണ് ഥര്‍സൂസ് സ്ഥിതി ചെയ്യുന്നത്. ബഗവി, ബഹ്റുല്‍മുഹീഥ്, ലുബാബ്, റൂഹുല്‍ബയാന്‍ തുടങ്ങിയ തഫ്സീറുകളില്‍ ഥര്‍സൂസിന്‍റെ പഴയ പേരാണ് അഫസൂസ് എന്നു കാണാം. സാദുല്‍മസീറില്‍ ഥര്‍സൂസിന്‍റെ പഴയ പേര് ദഖ്സൂസ് ആണെന്നാണ് രേഖപെടുത്തിയിരിക്കുന്നത്. അഫസൂസ്, ഥര്‍സൂസ് എന്നിങ്ങനെ രണ്ടു സ്ഥലങ്ങളിലായി പരാമര്‍ശിച്ച ബൈദാവിയുടെ ഹാശിയതുശ്ശിഹാബില്‍ ഇങ്ങനെ അതിനെ വിശദീകരിക്കുന്നുണ്ട്. ഗുഹ നിലനിന്ന പട്ടണം അഫസൂസും അവര്‍ ഭക്ഷണം തേടിയെത്തിയത് ഥര്‍സൂസുമാണ്. അല്ല ഥര്‍സൂസിന്‍റെ ഭരണ പരിധിയിലുള്ള മറ്റൊരു ചെറു പട്ടണമാണ് അഫസൂസ്. അതല്ലെങ്കില്‍ ഒരു പട്ടണത്തിന്‍റെ തന്നെ രണ്ടു പേരുകളാണവ. ഒരു പക്ഷേ, ആ പട്ടണത്തെ സംബന്ധിച്ച രണ്ടു അഭിപ്രായങ്ങളാവാം. ഇബ്നു ആശിര്‍ ഇതിനെ കുറിച്ച് തന്‍റെ അത്തഹ്റീര്‍ വത്തന്‍വീര്‍ എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടത് ഈ ഗുഹയുള്ളത് ഥര്‍സൂസിന്‍റെ പരിധിയില്‍ വരുന്ന അബ്സുസ് എന്ന സ്ഥലത്താണ്. ഗ്രീക്കു നാടുകളില്‍ അറിയപ്പെട്ട അഫ്സൂസ് അല്ല അത്. ഥന്‍ഥാവി തന്‍റെ അത്തഫ്സീറുല്‍വസീഥില്‍ പറയുന്നത് - ഗുഹാവാസികളുടെ കാലവും സ്ഥലവും തിട്ടമല്ല. ഈ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്ക് പല അഭിപ്രായങ്ങളുണ്ട്. അവയില്‍ പ്രസിദ്ധമായത് ഇന്നു തുര്‍കിയില്‍ സ്ഥിതി ചെയ്യുന്ന അഫ്സൂസിനടത്താണെന്ന് എന്നതാണ്. അയാസ്ബോക് എന്ന് ഇന്നറിയപ്പെടുന്നു. അസ്മിര്‍ പട്ടണത്തില്‍ നിന്ന് നാല്പത് മൈല്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഥര്‍സൂസിന്‍റെ പരിധിയില്‍പെടുന്ന അബ്സുസ് എന്ന സ്ഥലത്താണെന്നും അഭിപ്രായമുണ്ട്. ഫലസ്ഥീനടുത്ത് ബത്റാ എന്നിടത്താണെന്ന മറ്റൊരു അഭിപ്രായവുമുണ്ട്. സ്കോട്ലാന്ഡിലാണെന്നും ചൈനയിലെ ഉയിഗൂര്‍ പ്രവിശ്യയിലെ ശന്‍ചാക് എന്ന സ്ഥലത്താണെന്നും അഭിപ്രായങ്ങളുണ്ട്. അല്‍ബഖാഈ തന്‍റെ നിദമുദ്ദുററില്‍ ഈ പട്ടണം ഥര്‍സൂസ് ആണെന്ന് അഭിപ്രായപ്പെട്ടതിനു ശേഷം ഇങ്ങനെ പറയുന്നു. ((റഖീം)) എന്ന പട്ടണത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത് എന്ന് ചില ആളുകള്‍ വാദിക്കുന്നുണ്ട്. അവിടെ ഗുഹയുടെയും പള്ളിയുടെയും ഒരു റോമന്‍ കെട്ടിടത്തിന്‍റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റഖീം എന്നത് അസ്വഹാബുല്‍ കഹ്ഫിന്‍റെ ചരിത്രവുമായി ബന്ധപെട്ടു വായിക്കുന്ന ഒരു പദമാണ്. ഈ ഗുഹയുടെ പേരാണ് റഖീം, അല്ല അതിനു മുമ്പില്‍ ഗുഹാവാസികളുടെ പേരുകള്‍ ഉല്ലേഖനം ചെയ്യപ്പെട്ട ഒരു കല്ലിന്‍റെ പേരാണ്, ഇവ രണ്ടുമല്ല ആ പ്രദേശത്തിന്‍റെ പേരാണ് എന്നിങ്ങനെ അഭിപ്രായങ്ങളും കാണാവുന്നതാണ്. ഈ അഭിപ്രായങ്ങളുടെ പിന്ബലത്തില്‍ ജോര്‍ഡാനിലെ റഖീം മലയിലെ ഗുഹയാണ് പ്രസ്തുത ഗുഹ എന്നവകാശപ്പെടുന്നുണ്ട്. 1963 ല്‍ ജോര്‍ടാനിന്‍റെ തലസ്ഥാനമായ അമ്മാനില്‍ നിന്നും 13 കിലോമീറ്റര്‍ അകലയുള്ള സഹാബ് മേഖലയില്‍, റഫീഖ് വഫാ അദ്ദജാനിയുടെ നേതൃത്വത്തില്‍ നടത്തിയ പുരാവസ്തു ഗവേഷണങ്ങളില്‍ നിന്നു കണ്ടെത്തിയ അവശിഷ്ടങ്ങളും ഇതിനു തെളിവായി ഉദ്ധരിക്കുന്നുണ്ട്. ഒരു ഗുഹയും അതിനടുത്ത് ഒരു ആരാധനാലയവുമുണ്ട്. ഏഴു തൂണുകളും അര്‍ദ്ധവൃത്താകൃതിയിലുള്ള മിഹ്റാബും അംഗശുദ്ധി വരുത്താനുള്ള കിണറും അവിടെ ദൃശ്യമത്രെ. മാത്രമല്ല, എട്ടു ഖബറുകളും അവയില്‍ ഏഴെണ്ണത്തില്‍ മനുഷ്യരുടെ അസ്ഥികളും ഒന്നില്‍ നായയുടെ അസ്ഥികളും കണ്ടെത്തി. ഇതിനു പുറമെ പ്രസിദ്ധ ഗൂര്‍ഭശാസ്ത്ര വിദ്ഗ്ദനായ നാദിം അല്‍കൈലാനി നടത്തിയ പരീക്ഷണങ്ങളില്‍ ഈ മലയും ഗുഹയും നില്‍കുന്ന ഭൂമിശാസ്ത്ര ഘടനയും അവിടെയുള്ള മറ്റു പദാര്‍ത്ഥങ്ങളിലെ ഘടകങ്ങളും ശരീരത്തിനു കേടു വരാതെ കാലങ്ങളോളം ഉറങ്ങാന്‍ സഹായിക്കുന്നതാണെന്നു കണ്ടെത്തിയിരിക്കുന്നു. കാര്‍ബോഹൈഡറൈറ്റ്, കാല്‍സ്യം, മഗ്നീസ്യം തുടങ്ങിയ മൂലകങ്ങളാലാണ് ഇവിടത്തെ മണ്ണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയുള്ള സസ്യങ്ങളിലും ജന്തുക്കളിലും റേഡിയം ധാരാളം കാണപ്പെടുന്നുണ്ട് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ചില സ്വഹാബികളും റഖീം മലയിലാണ് പ്രസതുത ഗുഹ എന്നഭിപ്രായക്കാരായിരുന്നവെന്നും അവകാശങ്ങളുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter