അനുസരണയില്ലാത്ത ഭാര്യയെ അനുസരണയുള്ളവളാക്കാന്‍ ഒരു തലാഖ് ചൊല്ലാന്‍ കരുതുന്നു.ഇത് എങ്ങനെയാണ് ചെയ്യേണ്ടത്?എന്നാല്‍ അവര്‍ തമ്മിലുള്ള ഭാവി ബന്ധങ്ങളെയും കടപ്പാടുകളെയും കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

അനസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ത്വലാഖ് എന്നത് അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി മാത്രം നിയമമാക്കിയതാണ്. തോന്നുന്ന സമയത്തൊക്കെ എടുത്ത് ഉപയോഗിക്കാനുള്ളതല്ല അത്. ഭാര്യയെ അനുസരണയുള്ളവളാക്കാനുള്ള മാര്‍ഗ്ഗമല്ല ത്വലാഖ്. പിണങ്ങുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നവരെ എങ്ങനെയാണ് ശരിയാക്കിയെടുക്കേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്, ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക; (അത് ഫലിക്കാതെ വന്നാല്‍) ശയനസ്ഥാനങ്ങളില്‍ അവരെ വെടിയുക, (അതും ഫലപ്രദമായില്ലെങ്കില്‍) അവരെ അടിക്കുക. അങ്ങനെ നിങ്ങള്‍ക്ക് കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ച് മറ്റൊരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും വലിയവനുമാകുന്നു.(34). അത്യാവശ്യഘട്ടങ്ങളില്‍ മുറിപ്പെടുത്താത വിധം അടിക്കാവുന്നതാണ്, എന്നാല്‍ പോലും ത്വലാഖ് എന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങരുതെന്നാണ് ഇതില്‍നിന്നും മറ്റു ഹദീസുകളില്‍നിന്നും മനസ്സിലാകുന്നത്. സ്വന്തമായി ഉപദേശിക്കുന്നതും മറ്റുള്ളവരെ അതിനായി ഉപയോഗപ്പെടുത്തുന്നതും നല്ല ഭാര്യമാരെ കുറിച്ചുള്ള നല്ല പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നതും നല്ല ലേഖനങ്ങളും പുസ്തകങ്ങളുമൊക്കെ വായിക്കാന്‍ നല്‍കുന്നതുമെല്ലാം ഉപദേശത്തിന്‍റെ വിവിധ രൂപങ്ങളാണ്. മേല്‍പറഞ്ഞവ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടവയാണ്. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും പൊരുത്തപ്പെട്ട് പോവുന്ന സന്തോഷനിര്‍ഭരമായ കുടുംബജീവിതമാണ് വിശുദ്ധ ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഭാര്യമാരോടൊപ്പം കളി തമാശകളിലേര്‍പ്പെടുകയും ഓട്ടമല്‍സരം പോലും നടത്തുകയും ചെയ്യുന്ന പുണ്യപ്രവാചകരുടെ കുടുംബജീവിതം നമുക്ക് നല്‍കുന്ന പാഠവും അത് തന്നെയാണ്. പൊരുത്തമുള്ള കുടുംബജീവിതത്തെകുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക. ഒരു ത്വലാഖ് ചൊല്ലുന്നതിലൂടെ റജ്ഇയ്യായ ത്വലാഖ് ആകുന്നുവെന്നാണ് കര്‍മ്മശാസ്ത്ര നിയമം. അതിന് ശേഷം ഇദ്ദ നിര്‍ബന്ധമാണ്. ഇദ്ദാസമയത്തുള്ള താമസസൌകര്യമടക്കം എല്ലാ ചെലവുകളും വഹിക്കേണ്ടത് ഭര്‍ത്താവ് തന്നെയാണ്. അതിനിടയില്‍, ഞാന്‍ നിന്നെ മടക്കി എടുത്തു എന്ന് പറയുന്നതിലൂടെ തിരിച്ചെടുക്കാവുന്നതുമാണ്. എന്നാല്‍, ആ സമയത്ത് അവളെ കാണുന്നതോ അവളുള്ള സ്ഥലത്തേക്ക് അവളുടെ മഹ്റമിനോട് കൂടെയല്ലാതെ പ്രവേശിക്കുന്നതോ ഹറാമാണ്. സംതൃപ്തവും സുഭദ്രവുമായ കൂടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter