ഞാന്‍ ദുബായില ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. എനിക്ക് താമസവും ഭക്ഷണവും കഴിച്ചാണ് ശമ്പളം. ഈ പ്രസ്തുത സ്ഥാപനത്തിന്റെ മുതലാളി ചതിയിലൂടെയും വഞ്ചനനയിലൂടെയും വരുമാനമുണ്ടാകുന്നു. അദ്ദേഹത്തിനു ഹലാല്‍ ഹറാം എന്ന ഒരു പ്രശ്നവുമില്ല. അതുമാത്രമല്ല ചിലയിടത്തു നിന്നും അവരറിയാതെ കൊണ്ടുകൊടുക്കുന്ന സാധനങ്ങള്‍ കൊണ്ടാണ് ഭക്ഷണം ഉണ്ടാകുന്നതും. എങ്കില്‍ ഈ സ്ഥാപനത്തില്‍ എനിക്ക് ജോലിയില്‍ തുടരാമോ? ഞാന്‍ ഒരികല്‍ ക്യാന്‍സല്‍ ചെയ്ത് പോവാന്‍ ശ്രമിച്ചതാണ് പക്ഷെ അതിനു സാധിക്കാതെ പോയി. ഞാന്‍ ഇവിടെ തുടരുവോളം കുറ്റക്കാരനാവുമോ?

ചോദ്യകർത്താവ്

ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളുടെ ധനം മുഴുവന്‍ ഹറാമാണെന്നു ബോധ്യമുള്ളപ്പോഴും ഇടപാട് നടത്തപ്പെടുന്ന ധനം ഹറാമാണെന്ന് ഉറപ്പുള്ളപ്പോഴും അയാളുമായുള്ള ഇടപാട് ഹറാമാണ്. അതേ സമയം ഒരാളുടെ ധനത്തിലധികവും ഹറാമും കുറച്ച് ഹലാലുമാണെങ്കില്‍ അയാളുമായി ഇടപാട്‌ നടത്താവുന്നതാണ്. പക്ഷേ കറാഹത്താണ്. പ്രസ്തുത കമ്പനിയിലെ താങ്കളുടെ ജോലി ചതിയും വഞ്ചനയുമായി നേരിട്ട് ബന്ധപ്പെട്ടതാണെങ്കില്‍ അത് തെറ്റാണെന്ന കാര്യത്തില്‍ സംശയമില്ല. എത്രയും പെട്ടെന്ന് അതില്‍ നിന്ന് ഒഴിവാകണം. അത്തരം ഇടപാടുകളുമായി നിങ്ങള്‍ക്ക്‌ ബന്ധമില്ലെങ്കില്‍ ജോലി തുടരാവുന്നതാണെങ്കിലും ഒഴിവാകുന്നതാണ് അഭികാമ്യം.  ജോലി തുടരുന്ന പക്ഷം സ്ഥാപനയുടമയുടെ ചതിക്കും വഞ്ചനക്കുമെതിരെ സാധ്യമായ രീതിയില്‍ (ശക്തി ഉപയോഗിച്ച് തടയാന്‍ പറ്റുമെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ നാവു കൊണ്ട് പറയുക അതിനും സാധ്യമല്ലെങ്കില്‍ മനസ്സ് കൊണ്ട് വെറുക്കുക) പ്രതികരിക്കണം. അതിനു വിധേയരാകുന്നവരെ അറിയിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുകയും വേണം. അബൂ സഈദില്‍ ഖുദ്രി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ) പറയുന്നു. " നിങ്ങളില്‍ നിന്ന് ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ അവന്റെ കരം കൊണ്ട് തടുക്കട്ടെ. അതു സാധ്യമല്ലെങ്കില്‍  നാവുകൊണ്ട് (തടുക്കട്ടെ); അതു സാധ്യമല്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ട് (തടുക്കട്ടെ)" (ഇമാം മുസ്‌ലിം) അനുവാദമില്ലാതെ കൊണ്ട് വന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നത്‌ നിഷിദ്ധമാണ്.  ഹലാലാണോ ഹറാമാണോ എന്ന് ഉറപ്പില്ലാത്തതാണെങ്കില്‍ കഴിക്കാവുന്നതാണ്.  സൂക്ഷമതക്ക് വേണ്ടി ഒഴിവാക്കലാണ് ഉത്തമം. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്. അല്ലാഹു താങ്കള്‍ക്ക് ഹലാലായ ജോലി പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter