ഇസ്‌ലാമിലെ കര്‍മ്മങ്ങളെല്ലാം സ്വന്തം നേട്ടത്തിന് വേണ്ടിയല്ലേ. തനിക്ക് നേട്ടം കിട്ടുന്നത് നോക്കാതെ മനുഷ്യത്വം പരിഗണിച്ച് ചെയ്യുകയല്ലേ യഥാര്‍ത്ഥത്തില്‍ വേണ്ടത്?

ചോദ്യകർത്താവ്

ശന്‍ഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വാര്‍ത്ഥത ഒരു മോശം സ്വഭാവമായിട്ടാണ് സാധാരണ കണക്കാക്കാറ്. സ്വാര്‍ത്ഥത എന്നാല്‍ മറ്റുള്ളവരുടെ ആവശ്യങ്ങളും താല്പര്യങ്ങളും പരിഗണിക്കാതെ സ്വന്തം നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നതാണ്. അതിന്‍റെ വിപരീതമായി ഉപയോഗിക്കുന്ന പദമാണ് നിസ്വാര്ത്ഥത, പരോപകാരം, പരക്ഷേമകാംക്ഷ തുടങ്ങിയവയെല്ലാം. അഥവാ, സ്വന്തം താല്പര്യങ്ങള്‍ ബലികഴിച്ചും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ ഒരു പ്രതിഫലമോ പകരമോ പ്രതീക്ഷിക്കാതെ നിറവേറ്റുക. സത്യത്തില്‍ ഇത്തരം നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലും മറ്റൊരു നിലക്ക് ഒരു സ്വാര്‍ത്ഥത അല്ലെങ്കില്‍ ഒരു നേട്ടം കാംക്ഷിക്കുന്നുണ്ട്. അഥവാ ആ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ഒരു നിര്‍വൃതിയും സന്തോഷവും. ഈ നിലക്ക് ഒരാള്‍ക്കും നിസ്വാര്‍ത്ഥനാവാന്‍ കഴിയില്ല. അതിനാല്‍ സേവനങ്ങള്‍വഴി, അത് സ്വീകരിക്കുന്നവരിലൂടെ നേരിട്ടില്ലാതെ ലഭിക്കുന്നതോ പ്രതീക്ഷിക്കുന്നതോ ആയ എല്ലാ ഉപകാരങ്ങളെയും മോശമായി കണക്കാക്കേണ്ടതില്ല. മാത്രമല്ല പ്രതിഫലം കാംക്ഷിച്ചുള്ള ഏതു സേവനവും വിമര്‍ശിക്കപ്പെടേണ്ടതാണെങ്കില്‍, ഈ ഭൂമുഖത്തുള്ള ഒട്ടുമിക്ക മനുഷ്യരും ആ തെറ്റു ചെയ്യുന്നുണ്ട്. പ്രതിഫലം ഉദ്ദേശിച്ചും തന്‍റെ ജീവിത വൃത്തി തേടിയുമാണല്ലോ നാമെല്ലാം പല നിലക്കുള്ള ജോലികള്‍ സ്വായത്തമാക്കിയതും അവ ചെയ്യുന്നതും. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരുടെ താല്പര്യങ്ങള്‍ ഹനിക്കുന്നതും മറ്റുള്ളവരുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കേണ്ട സാഹചര്യങ്ങളില്‍ അവ അവഗണിക്കുന്നതുമാണ് യഥാര്‍ത്ഥത്തില് വിമര്‍ശന വിധേയമാക്കേണ്ട സ്വാര്‍ത്ഥത. ചുരുക്കത്തില്‍ ഈ വിമര്‍ശനത്തിന്‍റെ അടിസ്ഥാന ശില തന്നെ തെറ്റായ ബോധത്തില്‍നിന്ന് രൂപപ്പെട്ടതാണെന്നര്‍ത്ഥം. എല്ലാ മതത്തിലും നന്മകള്‍ക്കുള്ള പ്രതിഫലവും ദൈവ പ്രീതിയും സ്വര്‍ഗവും തിന്മകള്‍ക്കുള്ള ശിക്ഷയും ദൈവത്തിന്‍റെ അതൃപ്തിയും നരകവുമെല്ലാം പല രീതിയിലായി വിശ്വസിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്‍റെ പ്രകൃതി തന്നെ ഒരു ലക്ഷ്യവും പ്രതിഫലവും അടിസ്ഥാനമാക്കിയുള്ള പ്രവര്ത്തന രീതിയാണല്ലോ. സമ്മാനങ്ങളും പ്രോത്സാഹനങ്ങളും വാഗ്ദാനങ്ങളും കൊച്ചു നാള്‍ മുതലേ നല്ല നടപ്പുകളായി ഗണിക്കപ്പെടുന്നതും അതു കൊണ്ടു തന്നെയാണ്. ചെയ്ത പ്രവര്‍ത്തനങ്ങളെ അവഗണിച്ച് ആവശ്യങ്ങള്‍ക്കു മാത്രം പ്രതിഫലം നല്കി പരീക്ഷണം നടത്തിയ സോഷ്യലിസത്തിന്‍റെ പരാജയവും ഈ മനുഷ്യ പ്രകൃതി കണ്ടെത്താന്‍ കഴിയാത്തിടത്തായിരുന്നു. ഒരു വിശ്വാസിയുടെ അന്തിമമായ ലക്ഷ്യം അല്ലാഹുവിന്‍റെ തൃപ്തിയാണ്. അതിന്‍റെ അടയാളപ്പെടുത്തല്‍ മാത്രമാണ് സ്വര്‍ഗം. അതു കൊണ്ടു തന്നെയാണ്, മുന്കഴിഞ്ഞ ചില സാത്വികര്‍ അല്ലാഹു എന്നില് സംതൃപ്തനായിരിക്കെ എന്നെ നരകത്തിലിട്ടാലും എനിക്കു വിഷമമില്ലെന്നു പറഞ്ഞതും. അല്ലാഹുവിന്‍റെ പ്രീതിയും മരണ ശേഷം തന്മൂലം സ്വര്‍ഗ്ഗവും ലഭിക്കണമെന്ന ഈ സ്വാര്‍്ത്ഥത ഒട്ടേറെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കു വഴിവെക്കുമെങ്കില്‍, ഈ സ്വാര്‍ത്ഥ എത്ര സുന്ദരമാണ്. ഒരു ഗിഫ്റ്റു വൌച്ചര്‍ കൈയില്‍ കിട്ടിയവനെപ്പോലെയാണ് മുസ്ലിം. ആ വൌച്ചറുപയോഗിച്ച് വളരെ ചുരുങ്ങി സമയ പരിധിക്കുള്ളില്‍ സാധനങ്ങള്‍ വാങ്ങിക്കണം. സമയ പരിധി കഴിഞ്ഞാല് പിന്നെ ഗിഫ്റ്റു വൌച്ചറു കൊണ്ടു ഒരു ഉപയോഗവുമില്ല. ഇങ്ങനെ വരുമ്പോള്‍ ഈ കുറഞ്ഞ സമയത്തിനുള്ളില് പരമാവധി സാധനങ്ങള്‍ വാങ്ങാന് ശ്രമിക്കുന്നതു പോലെ ഈ ജീവിതമെന്ന കുറഞ്ഞ സമയപരിധിക്കുള്ളില് നിന്ന് ആഖിറത്തിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് അവന്‍. അത് വാങ്ങുന്നതാവട്ടെ ആവുന്നത്ര നന്മകള്‍ ചെയ്താണ്. ആ നന്മകളിലൂടെ ഈ ലോകത്ത് ഒന്നും പ്രതീക്ഷിക്കുന്നേ ഇല്ല താനും. അതിനാല്‍ തന്നെ അല്ലാഹുവില്‍ നിന്നല്ലാതെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്യുന്ന പ്രവര്ത്തനങ്ങളെ ഇസ്‌ലാം പവിത്രമായി കാണുന്നു. അല്ലാഹുവിന്‍റെ പ്രിതി ലഭിക്കണമെന്ന ഈ സ്വാര്‍ത്ഥത അവനെ തികച്ചും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലേക്ക് ആനയിക്കുന്നു. ഇസ്‌ലാമിക പാഠങ്ങളിലും ചരിത്രങ്ങളിലും തന്‍റെ സഹോദരന്‍റെ താല്പര്യങ്ങള്‍ക്ക് മുന്ഗണന നല്കുന്നതിനും തന്‍റെ പ്രയാസങ്ങള്‍ മറച്ചു വെക്കുന്നതിനും മുന്തിയ സ്ഥാനം നല്കിയതായി കാണാം. അതിനാല്‍ ഇസ്‌ലാമിന്‍റെ പേരില് വെച്ചു കെട്ടുന്ന ഈ സ്വാര്‍ത്ഥത ഒരിക്കലും വിമര്‍ശന വിധേയമാക്കേണ്ടതല്ല. അത്തരം സ്വാര്‍ത്ഥതയുടെ ഉടമകളാകുമ്പോഴാണ് ഓരോ വിശ്വാസിയും കൂടുതല്‍ നിസ്വാര്‍ത്ഥനാകുന്നത്. അതോടൊപ്പം, ദൈവവിശ്വാസമില്ലാതെ മനുഷ്യത്വം എന്ന ലക്ഷ്യത്തോടെ മാത്രം ഏറെ കാലം പ്രവര്‍ത്തിച്ച പലരും ശേഷം നിരാശരായി അതില്നിന്ന് പിന്തിരിയുന്നത് നാം കാണാറുണ്ട്. ഇതിന് കൂടിയുള്ള ഏറ്റവും നല്ല പരിഹാരമാണ് പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന ചിന്ത. താന്‍ സഹായിച്ചവര്‍ തന്നെ തിരിച്ച് ദ്രോഹിച്ചാല്‍ പോലും അയാളോട് വീണ്ടും നല്ല വിധം പെരുമാറാനും സഹായം തുടരാനും ഇത്തരം ചിന്തയിലൂടെ മാത്രമേ സാധ്യമാവൂ. അതോടൊപ്പം, ഇത്തരം കാര്യങ്ങള് ചെയ്യണമെന്ന് അനുയായികളോട് കല്‍പിക്കുക കൂടി മതം ചെയ്യുന്നുണ്ട്. ചെയ്യുന്ന പ്രവര്‍ത്തനത്തിലൂടെ തനിക്ക് എന്ത് ഗുണം ലഭിക്കും എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അവരെയാണ് മതം അഭിസംബോധനചെയ്യുന്നത്. ആയതിനാല്‍, ലഭിക്കാനിരിക്കുന്ന പ്രതിഫലം അവരോട് വ്യക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സഹജീവികളോട് കാരുണ്യത്തോടെ വര്‍ത്തിക്കാനും പരോപകാരപ്രദമായ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter