അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ സദുപദേശം തേടാനുള്ള താങ്കളുടെ മനസ്സിനെ ആദ്യമേ അഭിനന്ദിക്കട്ടെ. പ്രധാന തീരുമാനങ്ങള്‍ക്ക് ബന്ധപ്പെട്ടവരോട് അഭിപ്രായം ആരായുന്നതും കാര്യങ്ങള്‍ മനസ്സിലാക്കുന്നതും ഒരു വിശ്വാസിയുടെ ഇസ്‌ലാമിക മര്യാദകളില്‍പെട്ടതാണ്. ശരിയായ തീരുമാനങ്ങളിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ അല്ലാഹു താങ്കള്‍ക്ക് തൌഫീഖ് നല്‍കട്ടെ.
അല്ലാഹുവിനോടുള്ള കടമ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനമാണ് മാതാപിതാക്കളോടുള്ള കടമയും അവരോടുള്ള അനുസരണവും. അല്ലാഹുവിനു മാത്രമുള്ള ആരാധനയും മാതാപിതക്കളോടുള്ള കടമയും ഖുര്‍ആന്‍ പലയിടത്തും ഒന്നിച്ചാണ് വിശദീകരിചിട്ടുള്ളത്. വിശ്വാസികളല്ലാത്ത മാതാപിതാക്കളോടും പോലും നല്ല രീതിയില്‍ മാത്രമേ പെരുമാറാന്‍ പാടുള്ളൂ എന്ന ഖുര്‍ആനിക നിര്‍ദ്ദേശം കാര്യങ്ങളുടെ ഗൌരവമാണ് കാണിക്കുന്നത്. അല്ലാഹു പറയുന്നു
“അല്ലാഹുവിന്നല്ലാതെഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്കു ഉപകാരം ചെയ്യണമെന്നും നിന്റെരക്ഷിതാവ് കല്‍പിച്ചിരിക്കുന്നു. അവരിലൊരാളോ അല്ലെങ്കില്‍ രണ്ടുപേരുംതന്നെയോ നിന്റെയടുത്ത് വാര്‍ധക്യപ്രാപ്തരാകുമ്പോള്‍ 'ച്ഛെ' എന്നുപോലുംനീ അവരോട് പറഞ്ഞുപോകരുത്; അവരോട് കയര്‍ക്കയുമരുത്; ആദരപൂര്‍വമായവാക്കുപറയണം. (23) കാരുണ്യത്തോടെവിനയമാകുന്ന ചിറക് അവര്‍ക്കു നീ താഴ്ത്തിക്കൊടുക്കുകയും 'രക്ഷിതാവേ, എന്റെചെറുപ്രായത്തില്‍ അവരെന്നെ രക്ഷിച്ചു വളര്‍ത്തിയ (സന്ദര്‍ഭത്തില്‍അവരെനിക്കു കരുണ ചെയ്ത)തുപോലെതന്നെ അവര്‍ക്കു നീയും കരുണചെയ്യേണമേ' എന്നുപ്രാര്‍ത്ഥിക്കുകയും ചെയ്യുക (24)” (അല്‍-ഇസ്റാഅ്)
മതാപിതാക്കളോടു അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രവേശനം പോലും നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ ഹദീസുകളുണ്ട്. ഇവിടെ പ്രസക്തമായി ഉയര്‍ന്നുവരുന്ന ചോദ്യമാണ് അനുസരണയുടെയും അനുസരണക്കേടിന്റെയും പരിധി. ഇക്കാര്യം പണ്ഡിതന്മാര്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം.
1. ഇസ്‌ലാം വ്യക്തിപരമായി നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ ചെയ്യരുതെന്നോ നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ചെയ്യണമെന്നോ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അവരെ ആ കാര്യത്തില്‍ അനുസരിക്കേണ്ടതില്ല.
നബി (സ) പറയുന്നു: “അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഒരു മനുഷ്യനോടും അനുസരണ കാണിക്കേണ്ടതില്ല. തീര്‍ച്ചയായും അനുസരണ നന്മയില്‍ മാത്രമാണ്.” (ബുഖാരി, മുസ്‌ലിം)
2. സുന്നത്തായതോ പ്രതിഫലാര്‍ഹമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് അവര്‍ ആവ്ശ്യപ്പെട്ടാല്‍ അതുകൊണ്ട് മാതാപിതാക്കള്‍ ന്യായമായ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവരെ അനുസരിക്കണം. ഉദാഹരണമായി രോഗിയായ ഒരു മാതാവ് തന്റെ പരിചരണത്തിനു വേണ്ടി മക്കളോട് സുന്നത്ത് നിസ്കരിക്കരുതെന്ന്‍ ആവശ്യപ്പെട്ടാല്‍ ആ അവസരത്തില്‍ മാതാവിനെ അനുസരിക്കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്. അത്തരമൊരു ആവശ്യമില്ലാതെ കേവലം അവരുടെ ഇച്ച്ക്കുവേണ്ടി ഇക്കാര്യത്തില്‍ അനുസരിക്കേണ്ടതില്ല.
3. അനുവദിനീയമായ കാര്യങ്ങള്‍ ചെയ്യണമെന്നോ ചെയ്യരുതെന്നോ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചാല്‍ മൂന്നു നിബന്ധനകള്‍ക്ക് വിധേയമായി അതനുസരിക്കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്. ഒന്ന്: അതനുസരിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് സാധാരണഗതിയില്‍ നിസ്സാരമല്ലാത്ത പ്രയാസം ഉണ്ടാകുക. രണ്ട്: അങ്ങനെയുള്ള പ്രയാസത്തിനു കാരണം മാതാപിതാക്കളുടെ ബുദ്ധിമോശമോ കാര്യവിചാരമില്ലായ്മയോ ആവാതാരിക്കുക. മൂന്ന്‍: ആ നിര്‍ദ്ദേശം അംഗീകരിക്കുന്നത് കൊണ്ട് മകനു പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കുക.
തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിക്കതിരിക്കുക വഴി മാതാപിതാക്കള്‍ കാര്യമായ പ്രയാസമൊന്നുമില്ലെങ്കില്‍ അല്ലെങ്കില്‍ ആ പ്രയാസം ഉണ്ടാകുന്നത് അവരുടെ ബുദ്ധിമോശം കൊണ്ടോ കാര്യവിചാരം ഇല്ലായ്മകൊണ്ടോ അല്ലെങ്കില്‍ ദു:സ്വഭാവംകൊണ്ടോ ആണെങ്കില്‍ അവിടെ ആ നിര്‍ദ്ദേശം അംഗീകരിക്കല്‍ മക്കള്ക്ക് നിര്‍ബന്ധമില്ല. ഇക്കാര്യങ്ങള്‍ ഇമാം ഇബ്നു ഹജറുല്‍ ഹൈതമി തന്റെ സാവാജിര്‍ മിന്‍ ഇഖ്തിറാഫില്‍ കബാഇറിലും (2:102) ഫതാവ അല്‍-കുബ്റയിലും (2: 128-129) വിശദമായി സംസാരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ നിബന്ധനകള്‍ക്ക് വിധേയമായി അനുസരിക്കാതിരിക്കുമ്പോഴാണ് അത് വന്പാപമായ മാതാപിതാക്കളോടുള്ള അനുസരണക്കേടിന്റെ പരിധിയില്‍ വരിക. പക്വത (മതപരവും ധനവിനിയോഗപരവും) യുള്ള മകനെ തനിക്ക് ദീനിപരമായോ ഭൌതികമായോ ഉപകാരപ്പെടുന്ന കാര്യങ്ങളില്‍ നിന്ന് വിലക്കാന്‍ പിതാവിന് അവകാശമില്ലെന്നു ഇമാം ഹൈതമി ഫതാവ അല്‍-കുബ്റയില്‍ വിശദീകരിക്കുന്നു.
മേല്‍പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാവണം താങ്കള്‍ ഉന്നയിച്ച വിഷയം തീരുമാനിക്കപ്പെടെണ്ടത്. ഗള്‍ഫ് മതിയാക്കി പോകുന്നത് കൊണ്ട് മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന പ്രയാസം, അതനസുരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വരാവുന്ന നഷ്ടങ്ങളും ബുദ്ധിമുട്ടുകളും, മാതാപിതാക്കളുടെ അഭിപ്രായത്തിന്റെ ന്യായാന്യായങ്ങള്‍ എന്നിവ വിലയിരുത്തി വേണം തീരുമാനമെടുക്കാന്‍. ഭാര്യയുമൊത്ത് ജീവിക്കുക, മക്കള്‍ക്ക് മികച്ച ഇസ്‌ലാമിക ശിക്ഷണം നല്‍കുക, തന്റെയും ഭാര്യയുടെയും ചാരിത്ര്യ ശുദ്ധി ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷയങ്ങളോടയാണ് താങ്കള്‍ അത്തരമൊരു തീരുമാനമെടുക്കുന്നതെങ്കില്‍ അത് ന്യായമാണ്. നാട്ടിലെത്തിയാലും ജീവിതോപാധി കണ്ടെത്താന്‍ കഴിയുമെന്നും, മാതാപിതാക്കള്‍ക് ചെലവിനുകൊടുക്കേണ്ട നിര്‍ബ്ബന്ധ ബാധ്യതയുള്ള ആളാണ് താങ്കളെങ്കില്‍ അതിനു നാട്ടിലെത്തിയാലും ഭംഗം വരില്ലെന്നും താങ്കള്‍ പ്രതീക്ഷയുണ്ടെങ്കില്‍ താങ്കളുടെ തീരുമാനത്തെ എതിര്‍ക്കേണ്ട കാര്യം മാതാപിതാക്കള്‍ക്ക് ഇല്ല.
പക്ഷേ, അത്തരമൊരു തീരുമാനം എടുക്കുമ്പോഴും മാതാപിതാക്കളെ വെറുപ്പിക്കാതെ, പരമാവധി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അവരെ സ്വാധീനിക്കാന്‍ കഴിയുന്ന കുടുംബത്തിലും നാട്ടിലുമുള്ള മുതിര്‍ന്നവരെയോ പണ്ഡിതന്‍മാരേയോ കൊണ്ട് അവരോട് സംസരിപ്പിക്കുകയും ചെയ്യുക.
നിങ്ങള്‍ ഉന്നയിച്ച വിഷയത്തിന്റെ ബാഹ്യരൂപത്തില്‍ നിന്നുകൊണ്ടാണ് ഞങ്ങള്‍ ഇത്തരം ഒരു മറുപടി നല്‍കുന്നത്. അത് കൊണ്ട് അവസാന തീരുമാനം എടുക്കുന്നതിനു മുമ്പ് നിങ്ങളുടെ കുടുംബത്തിലെ കാര്യങ്ങളുടെ അപ്പുറവും ഇപ്പുറവും അറിയുന്ന കാര്യവിചാരവും ദീനി വിജ്ഞാനവും ഉള്ളവരോട് കാര്യങ്ങള്‍ സംസാരിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുക.
ഇസ്തിഖാറത്ത് നിസ്കാരം നിര്‍വഹിച്ചു അല്ലാഹുവിനോട് നന്മകാണിച്ചു തരാന്‍ ഉള്ളുരിക് പ്രാര്‍ത്ഥിക്കുക. ഏറ്റവും അവസാനം നിങ്ങളുടെ മനസ്സാക്ഷിയോട് തന്നെ വീണ്ടും ഒന്നുകൂടി ചോദിക്കുക. നന്മയും തിന്മയും അന്വേഷിച്ചെത്തിയ വാബിസ്വത്ത് ബിന്‍ മഅബദ്
(റ) നബി (സ) പറഞ്ഞു: “വാബിസ്വാ.. നീ നിന്റെ മനസ്സാക്ഷിയോട് ചോദിക്കുക! നന്മ മനസ്സിന് ശാന്തിനല്‍കുന്നതാണ്. ഹൃദയത്തിനു സമാധാനം നല്‍കുന്നതും. തെറ്റ്ഹൃദയത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു; നെഞ്ചില്‍ സംശയം സൃഷ്ടിക്കുന്നു. ജനങ്ങള്‍ നിനക്ക് (മറ്റൊരു വിധത്തില്‍) ഫത്‌വ നല്‍കിയാലും. അവര്‍ ഫത്‌വ നല്‍കിയാലും (അല്‍ തര്ഗീബ് വത്തര്‍ഹീബ്”
മാതാപിതാക്കളുടെ അഭിപ്രായത്തിനു വിരുദ്ധമായി തീരുമാനം എടുക്കേണ്ടിവന്നാലും ശേഷം അവരോടു നീരസം പ്രകടിപ്പിക്കുകയോ വെറുപ്പ് കാണിക്കുകയോ അരുത്. പൂര്‍വ്വോപരി അവരോടു സ്നേഹം കാണിക്കുകയും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുക.
അല്ലാഹു താങ്കള്‍ക്ക് ശരിയായ തീരുമാനം എടുക്കാനുള്ള വഴികാണിച്ചുതരികയും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്ന മക്കളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ.