സാമ്പത്തികമായ ഉന്നതയില്‍ എത്തുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നത് ഞാന്‍ പലപ്പോഴും സ്വപ്നം കാണാറുണ്ട്. വെറുതെ ഇരിക്കുമ്പോഴും മറ്റും അത്തരം ഒരവസ്ഥയെ കുറിച്ച് ഞാന്‍ ചിന്തിക്കാറുമുണ്ട്. ഇത് തെറ്റാണോ?

ചോദ്യകർത്താവ്

സജ്ജാദ് ബിന്‍ സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നബി (സ)പറഞ്ഞു:“രണ്ടുകാര്യങ്ങളിലല്ലാതെഅസൂയപാടില്ല. (ഇവിടെഅസൂയഎന്നത്കൊണ്ടുദ്ദേശിക്കുന്നത്ഒരാള്‍ക്കുള്ളതുപോലെയോഅതിനേക്കാള്‍ കൂടുതലോതനിക്കുലഭിക്കണമെന്നമോഹമാണ്. മറ്റുള്ളവരുടെഅനുഗ്രഹങ്ങള്‍ നീങ്ങണമെന്നആഗ്രഹമല്ല) (ഒന്ന്)ഒരാള്‍ക്ക്അല്ലാഹുഖുര്‍ആന്‍ പഠിപ്പിച്ചു. അവനത്രാപകലുകളില്‍ പാരായണംചെയ്യുന്നു. ഇത്അവന്‍റെഅയല്‍വാസികേട്ടിട്ടുപറഞ്ഞു. അവനുനല്‍കപെട്ടതുപോലെഎനിക്കുംകിട്ടിയിരുന്നെങ്കില്‍, എന്നിട്ട്അവനെപോലെഞാനുംപ്രവര്‍ത്തിച്ചിരുന്നെങ്കില് (രണ്ട്)ഒരാള്‍ക്ക്അല്ലാഹുസ്വത്ത്നല്‍കി. അവനത്യഥാര്‍ത്ഥരീതിയില്‍ ചെലവാക്കിക്കൊണ്ടിരുന്നു .(അത്കണ്ട് ഒരാള്‍ പറഞ്ഞുഎനിക്കുംഅവന്‍റേതുപോലെകിട്ടിയിരുന്നെങ്കില്‍ എന്നിട്ട്അവന്‍ ചെയ്തത്പോലെചെയ്തിരുന്നെങ്കില്‍”. ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ നല്ല നിലയില്‍ ചെലവഴിക്കാനായി സമ്പത്ത് ആഗ്രഹിക്കുന്നത് പ്രോത്സാഹ ജനകമാണ്. അതിനു അല്ലാഹു പ്രതിഫലം നല്‍കും. ദുന്‍യാവിനോടുള്ള കൊതി പൊതുവേ നിരുത്സാഹപ്പെടുത്തേണ്ടതാണെങ്കിലും നിയ്യത്തുകള്‍ക്കനുസരിച്ച് അതിന്‍റെ വിധിയില്‍ മാറ്റമുണ്ട്. അതില്‍ ഹലാലും ഹറാമും ഉണ്ട്. ദുന്‍യാവില്‍ നിഷിദ്ധമായത് കൊതിക്കുന്നത് നിഷിദ്ധം തന്നെയാണ്. അതു പോലെ ദീനില്‍ നിന്നകറ്റുന്ന ദുന്‍യാവ് കൊതിക്കുന്നത് അരുതാത്തത് തന്നെയാണ്. ഇവരെ കുറിച്ചാണ് അല്ലാഹു അല്‍ബഖറയില്‍ ഇരുനൂറാം ആയതില്‍ പറയുന്നത്. ((ജനങ്ങളില്‍ ചിലര്‍ പറയും ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് ദുന്‍യാവ് തരേണമേ.. അവര്‍ക്ക് ആഖിറത്തില്‍ ഒരു ഓഹരിയുമുണ്ടാവുകയില്ല.)) ചിലപ്പോള്‍ ദുന്‍യാവിനോടുള്ള കൊതി സുന്നത്തിന്‍റെ ഗണത്തിലേക്ക് ഉയര്‍ന്നു പോകും. ഹറാമില്‍ നിന്നു വിട്ടു നില്‍ക്കാനും പാതിവൃത്ത്യം കാത്തു സൂക്ഷിക്കാനും തന്‍റെ ആശ്രിതര്‍ക്ക് മതിയായ വിധത്തില്‍ ചെലവു നടത്താനും കുടുംബ ബന്ധങ്ങള്‍ സ്ഥാപിക്കാനും സാധുക്കളെ സഹായിക്കുവാനും ഭക്ഷണം ദാനം ചെയ്യാനുമെന്ന കരുത്തോടെയാണ് ഈ മോഹമെങ്കില്‍ അത് നല്ലതു തന്നെ. അമലുകള്‍ പരിഗണിക്കപ്പെടുന്നത് അതിന്‍റെ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കി മാത്രമാണെന്ന ഹദീസ് ഇവിടെ പ്രസ്താവ്യമാണ്. നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെ സമീപിക്കുന്നതും സ്വദഖയാണ് എന്ന് നബി(സ) പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു- റസൂലേ ഞങ്ങളിലൊരുത്തന്‍ അവന്‍റെ വികാരം തീര്‍ക്കുന്നതിലുമുണ്ടോ പ്രതിഫലം? റസൂല്‍ (സ) അവര്‍ക്ക് നല്‍കിയ മറുപടി പ്രത്യേകം ശ്രദ്ധ്യേയമാണ്. നിങ്ങള്‍ പറയൂ അവരത് ഹറാമായ മാര്‍ഗത്തിലൂടെയാണ് ചെയ്തതെങ്കില്‍ അവര്‍ക്കതിനു കുറ്റമുണ്ടാവുകയില്ലേ.. അതു പോലെ അവരതിനു അനുവദനീയമ മാര്‍ഗമുപയോഗിച്ചപ്പോള്‍ അവര്‍ക്കതിനു പ്രതിഫലവുമുണ്ട്. ബഹുമാനപ്പെട്ട സുലൈമാന്‍ (അ) അല്ലാഹുവിനോടു, തനിക്കു ശേഷം ഒരാള്‍ക്കും ലഭിക്കാത്ത രാജാധികാരത്തിനായി പ്രാര്‍ത്ഥിച്ചതും ഇതേ ഗണത്തില്‍ പെടുത്തണം. ((അല്ലാഹുവേ ഞാന്‍ നിന്നോടു സന്മാര്‍ഗവും തഖ്‍വയും ചാരിത്ര്യശുദ്ധിയും ഐശ്വര്യവും ചോദിക്കുന്നു)) എന്ന് അല്ലാഹുവിന്‍റെ റസൂല്‍ (സ) ദുആ ചെയ്യാറുണ്ടായിരുന്നു. ഐശ്വര്യം വെറുക്കപ്പെടേണ്ട ഒന്നാണെങ്കില്‍ റസൂല്‍ (സ) ദുആ ചെയ്യുകയില്ലായിരുന്നല്ലോ. അനസ്(റ) വിന്‍റെ മാതാവ് തന്‍റെ മകനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ റസൂല്‍ (സ)യോടു അഭ്യര്‍ത്ഥിച്ചു. ((അല്ലാഹുവിന്‍റെ റസൂലേ, അങ്ങ് അങ്ങയുടെ സേവകനായ അനസിനു വേണ്ടി ദുആ ചെയ്താലും)) നബി(സ) അവര്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ വേണ്ടി ദുആ ചെയ്യുകയുണ്ടായി. ഐശ്വര്യം ദീനിനു കോട്ടമുണ്ടാക്കുന്നതാണെങ്കില്‍ നബി(സ) അങ്ങനെ ദുആ ചെയ്യുമായിരുന്നില്ല. റസൂല്‍ (സ)യുടെ അടുക്കല്‍ കുറച്ചാളുകള്‍ വന്നു പരാതി പറഞ്ഞു: മുതലാളിമാര്‍ കൂലിയെല്ലാം കൊണ്ടു പോയല്ലോ. ഞങ്ങളെ പോലെ അവരും നിസ്കരിക്കുന്നു. ഞങ്ങളെ പോലെ അവരും നോമ്പു നോല്‍ക്കുന്നു. പക്ഷേ അവര്‍ അവര്‍ക്കു മിച്ചം വരുന്നത് സ്വദഖ ചെയ്യുകയും ചെയ്യുന്നു. (അത് ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ലല്ലോ). റസൂല്‍ (സ) അവരെ സമാശ്വസിപ്പിച്ചതിങ്ങനെയായിരുന്നു. “നിങ്ങള്‍ക്കും സ്വദഖ ചെയ്യാനുള്ളത് അല്ലാഹു നല്‍കിയിട്ടില്ലേ.. ഓരോ തസ്ബീഹും സ്വദഖയാണ്. ഓരോ തക്ബീറും സ്വദഖയാണ്. ഓരോ തഹ്മീദും സ്വദഖയാണ്. ഓരോ തഹ്‍ലീലും സ്വദഖയാണ്. നന്മ കൊണ്ട് കല്‍പിക്കുന്നതും സ്വദഖയാണ്. തിന്മ വിരോധിക്കുന്നതും സ്വദഖയാണ്. നിങ്ങളുടെ ഭാര്യമാരെ സമീപിക്കുന്നതും സ്വദഖയാണ്.”അവര്‍ ചോദിച്ചു: ഞങ്ങളുടെ വികാര പൂര്‍ത്തീകരണത്തിലും പ്രതിഫലമോ?”. റസൂല്‍ (സ) പറഞ്ഞു: “നിങ്ങള്‍ ചിന്തിച്ചു നോക്കൂ... അവനത് ഹറാമിലൂടെ ചെയ്യുമ്പോള്‍ അവനു കുറ്റമില്ലേ? അപ്പോളവന്‍ ഹലാലീലൂടെ അത് നിര്‍വ്വഹിക്കുമ്പോള്‍ പ്രതിഫലവും ലഭിക്കും.”പിന്നീടൊരിക്കല്‍ കൂടി ഈ സംഘം നബി(സ)യോടു പരാതിയുമായി വന്നു. അവര്‍ പറഞ്ഞു: സമ്പന്നന്മാരായ ഞങ്ങളുടെ സഹോദരങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നത് കേള്‍ക്കാനിടയായി. അപ്പോള്‍ അവരും ഞങ്ങള്‍ ചെയ്യുന്നതു പോലെ ചെയ്യാന്‍ തുടങ്ങി. റസൂല്‍ (സ) അവര്‍ക്കു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: “അത് അല്ലാഹുവിന്‍റെ ഫദ്‍ലാണ്. അതവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു നല്‍കുന്നു.” പ്രസ്തുത സംഭവത്തില്‍ നിന്നു നമുക്ക് മനസ്സിലാക്കാവുന്ന കുറേയധികം കാര്യങ്ങളുണ്ട്. അതിലൊന്ന് സമ്പത്ത് ഉപയോഗിച്ച് അല്ലാഹുവിന്‍റെ പ്രീതി നേടുന്നവരെ പോലെ പ്രതിഫലം തനിക്കും ലഭിക്കണമെന്ന് സമ്പത്തില്ലാത്തവന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല. അത് സ്വാഗതാര്‍ഹവുമാണ്. മറ്റൊന്ന് സമ്പത്ത് അല്ലാഹു നല്‍കുന്ന പ്രത്യേക പുണ്യമാണ്. അവന്‍റെ അനുഗ്രഹമാണ്. അവന്‍റെ അനുഗ്രഹവും ഫദ്‍ലും ഒരു അടിമ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അടിമ അത് ആഗ്രഹിക്കുക തന്നെ വേണം. അതുകൊണ്ടാണല്ലോ സ്വര്‍ണ്ണത്തിന്‍റെ ജറാദു വന്നു വീണപ്പോള്‍ അയ്യൂബ് (അ) അത് വസ്ത്രത്തില്‍ പൊതിഞ്ഞു വെച്ചത്. അപ്പോള്‍ അല്ലാഹു അയ്യൂബ് (അ) മിനെ വിളിച്ചിട്ടു ചോദിച്ചു: ഈ കാണുന്നതില്‍ നിന്ന് നിന്നെ ഞാന്‍ ഐശ്വര്യപ്പെടുത്തിയില്ലയോ? അയ്യൂബ്(അ) മറുപടി പറഞ്ഞു: നിന്‍റെ പ്രതാപം തന്നെയാണ, ശരിയാണ്. പക്ഷേ, നിന്‍റെ ബറകതില്‍ നിന്ന് എനിക്ക് ഐശ്വര്യമില്ലല്ലോ. മറ്റൊരു റിവായതില്‍ കാണാം. റബ്ബ് ചോദിക്കുന്നു: നിനക്കു ഞാന്‍ തന്നത് മതിയായിട്ടില്ലയോ. അയ്യൂബ് (അ) പറഞ്ഞു. അതേ എന്‍റെ റബ്ബേ, പക്ഷേ, നിന്‍റെ ഫദ്‍ല് വേണ്ടെന്നു വെക്കാനായി ആരുണ്ട്. റസൂല്‍ (സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ((അല്ലാഹുവേ നിന്നോട് വിശപ്പില്‍ നിന്ന് കാവല്‍ ചോദിക്കുന്നു. അത് വളരെ മോശം സഹവാസിയാണ്.)) അതു പോലെ റസൂല്‍ (സ) ദാരിദ്ര്യത്തില്‍ നിന്നും അല്ലാഹുവിനോടു കാവല്‍ ചോദിച്ചിട്ടുണ്ട്. നബി (സ)ക്ക് സമ്പത്തിന്‍റെ പ്രതീകമായ കുതിരകളെ ഇഷ്ടമായിരുന്നെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ദാരിദ്ര്യത്തില്‍ നിന്നു മുക്തി നേടാനായി സുറതുല്‍ വാഖിഅ ഓതാനും നബി(സ) കല്‍പിച്ചിട്ടുണ്ട്. ഇങ്ങനെ സമ്പത്തിന്‍റെയും സമ്പാദനത്തിന്‍റെയും പ്രസക്തിയും പ്രതിഫലവും പ്രതിപാദിക്കുന്ന ഒട്ടനവധി ഹദീസുകളും സംഭവങ്ങളുമുണ്ട്. പക്ഷേ, സമ്പത്ത് മൂലം ദീനു നഷ്ടപെട്ടുപോയ പലരുടെയും കഥ നമുക്ക് മുമ്പിലുണ്ട്. ഖാറൂനും ചില തഫ്സീറുകളില്‍ കാണുന്ന പോലെ സഅ്‍ലബയും  അതില്‍പെടും. ഇവിടെ ഒരു കാര്യം സുവ്യക്തമാണ്. സമ്പത്ത് ആടിസ്ഥാനികമായിതന്നെ ദീനിനു കോട്ടം വരുത്തുന്നതാണെങ്കില്‍ മൂസാ(അ) ഖാറൂനിനു വേണ്ടിയോ നബി(സ) സഅ്ലബക്കു വേണ്ടിയോ സമ്പത്തിനായി ദുആ ചെയ്യുമായിരുന്നില്ല. (ഖുര്‍ഥുബിയും മറ്റു പല പണ്ഡിതന്മാരും ഇ സംഭവം ശരിയായിരിക്കാനിടയില്ലെന്നും സഅ്‍ലബ ബദ്‍രീങ്ങളില്‍പെട്ട മഹാനായ സ്വഹാബിയാണെന്നും പറഞ്ഞിട്ടുണ്ട്.) ഹറാമായ ഒരു കാര്യത്തിനു വേണ്ടി ദുആ ചെയ്യലും നിഷിദ്ധം തന്നെയാണല്ലോ. എങ്കിലും ഈ സംഭവങ്ങള്‍ നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. ദാരിദ്ര്യവേളകളില്‍ പൂര്‍ണ്ണമായും ഇബാദത്തുകളില്‍ മുഴുകിയിരുന്ന ഇവര്‍ക്ക് സമ്പത്ത് ലഭിച്ചപ്പോള്‍ അഹങ്കരിക്കുകയും അല്ലാഹുവിനെ മറന്നു കളയുകയും ചെയ്തു. സത്യത്തില്‍ ഇവരുടെ മനസ്സില്‍ ഈമാന്‍ പൂര്‍ണ്ണമായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ അല്ലാഹുവിനെ മറന്നു കളയാനും ഇബാദത്തുകളില്‍ അശ്രദ്ധനാവാനും അഹങ്കാരത്തിനും ദുരഭിമാനത്തിനും ഹേതുവാകുന്ന തരത്തില്‍ സമ്പത്തിനോടുള്ള കൊതി പ്രോത്സാഹജനകമല്ല. മാത്രമല്ല ദീനില്‍ നിന്നു വ്യതിചലിക്കാനും ഹറാമുകള്‍ ചെയ്യാനും സാധ്യതയുള്ള അത്തരം കൊതി നിഷിദ്ധം തന്നെയാണ്. തന്‍റെ ഉമ്മത്തിനെ സമ്പത്ത് നഷിപ്പിച്ചു കളയുമോയെന്ന് നബി(സ) ഭയപ്പെട്ടതും ഇത്തരം നിഷിദ്ധമായ രീതിയില്‍ സമ്പത്ത് കൈകാര്യം ചെയ്യുന്നവരും സമ്പത്തു കാരണം ദീനില്‍ നിന്ന് അകന്നു പോകുന്നവരുമായ ധനികരെ കുറിച്ചാണ്. ഇന്ന് നമ്മില്‍ പലരും സമ്പത്ത് ആഗ്രഹിക്കുന്നത് സുന്നത്തായി രീതിയിലല്ല. മനുഷ്യപ്രകൃതിയുടെ ഭാഗമായ ആഗ്രഹമാണ്. അത്തരം ആഗ്രഹം നിഷിദ്ധമാണെന്നു പറയാവതല്ലെങ്കിലും അത് ദീനിന്‍റെ പൂര്‍ണ്ണതക്കു ഭംഗം വരുത്തുന്നതാണ്. സുഹ്‍ദ് അഥവാ ദുന്‍യാവിനോടുള്ള പരിത്യാഗമെന്നത് ദീനിന്‍റെ ഭാഗമാണ്. സമ്പത്ത് സുഹ്ദിനു എതിരല്ല. മനസ്സില്‍ അതിനു പ്രധാന്യം നല്‍കാതിരിക്കലാണ് സുഹ്ദ്. ബഹുമാനപെട്ട അബ്ദുര്‍റഹ്‍മാന് ബ്നു ഔഫ് (റ) വലിയ സമ്പന്നനും എന്നാല്‍ വലിയ സാഹിദുമായിരുന്നു. ഉസ്മാന്‍ (റ)വിനെ പോലെയുള്ള സമ്പന്നരായ എല്ലാ സ്വഹാബാക്കളും ദുന്‍യാവിനെ ത്യജിച്ചവര്‍ തന്നെയായിരുന്നു. എന്നാല്‍ പല ഹദീസുകളിലും ദരിദ്രന്മാരായ മുസ്ലിംകളുടെ പ്രത്യേകതളും പോരിഷകളും പറഞ്ഞതായി കാണാം. റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ ദരിദ്രരായവര്‍ക്കു ഞാന്‍ പറഞ്ഞതായി എത്തിച്ചു കൊടുക്കുക. നിങ്ങളിലാരെങ്കിലും ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ധനികര്‍ക്ക് ഒന്നു പോലുമില്ലാത്ത മൂന്നു കാര്യങ്ങള്‍ അവനുണ്ട്. ഒന്നാമത്തേത് –സ്വര്‍ഗത്തില്‍ ചുവന്ന പവിഴം കൊണ്ടുള്ള ഒരു അറയുണ്ട്. ദുന്‍യാവിലുള്ളവര്‍ നക്ഷത്രങ്ങളിലേക്കു നോക്കുന്നതു പോലെ സ്വര്‍ഗവാസികള്‍ അതിലേക്ക് നോക്കും. അതില്‍ ദിരിദ്രനായ നബിയോ, ദരിദ്രനായ രക്തസാക്ഷിയോ ദരിദ്രനായ വിശ്വാസിയോ മാത്രമേ പ്രവേശിക്കുകയുള്ളൂ. രണ്ടാമത്തേത് – ധനികര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്‍റെയും അരദിവസം മുമ്പേ ദരിദ്രര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും - ഒരു ദിവസമെന്നത് അഞ്ചൂറു കൊല്ലത്തിന്‍റെ കണക്കാണ് – അവരതില്‍ യഥേഷ്ടം ആനന്ദിച്ചുകൊണ്ടിരിക്കും. തനിക്കു അല്ലാഹു നല്‍കിയ രാജാധികാരം കാരണം, അമ്പിയാക്കള്‍ പ്രവേശിച്ച് നാല്‍പത് വര്‍ഷം കഴിഞ്ഞിട്ടാണ് സുലൈമാന്‍ ബിന് ദാവൂദ് (അ) സ്വര്‍ഗത്തില്‍ പ്രവേശിക്കുക. മൂന്നാമത്തേത് – ദരിദ്രനായ ഒരാള്‍ സുബ്ഹാനല്ലാഹ് അല്‍ഹംദുലില്ലാഹ് വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞാല്‍, ദിരിദ്രന്‍റെ അതേ പ്രതിഫലം ധനികനു ലഭിക്കണമെങ്കില്‍ ഇത് പോലെ അവന്‍ ആത്മാര്‌‍ത്ഥമായി പറയുകയും അതോടൊപ്പം പതിനായിരം ദിര്‍ഹം ചെലവഴിക്കുകയും ചെയ്യണം. ഇങ്ങനെയാണ് നന്മയുടെ സര്‍വ്വ പ്രവര്‍ത്തനങ്ങളും.” മറ്റൊരു ഹദീസില്‍ നബി(സ)യോടു അല്ലാഹു സാധുക്കളെ സ്നേഹിക്കാനും അവരോടു അടുപ്പം സൂക്ഷിക്കാനും കല്പിച്ചതായി കാണാം. മലക്കുകള്‍ അല്ലാഹുവിനോടു പറയും റബ്ബേ, നിന്‍റെ കാഫിറായ അടിമക്ക് നീ ദുന്‍യാവ് നിവര്‍ത്തി നല്‍കിയിരിക്കുന്നല്ലോ. അവനെ പരിക്ഷണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹു മലക്കുകളോടു പറയും അവന്‍റെ ശിക്ഷകളൊന്നു നോക്കൂ. അത് കണ്ടിട്ട് അവര്‍ പറയും നാഥാ, അവനു ദുന്‍യാവില്‍ നേടിയതൊന്നും ഉപകാരപ്പെടുകയില്ല. മലക്കുകള്‍ ചോദിക്കും നാഥാ, നിന്‍റെ മുഅ്മിനായ അടിമയില്‍ നിന്ന് ദുന്‍യാവ് അകറ്റി നിര്‍ത്തിയിരിക്കുന്നുവല്ലോ. അവനെ കഷ്ടപാടുകള്‍ക്ക് ഇട്ടുകൊടുക്കുകയും ചെയ്തല്ലോ. അല്ലാഹു പറയും. അവന്‍റെ പ്രതിഫലം ഒന്നു നോക്കൂ.. അത് കണ്ടിട്ട് അവര്‍ പറയും റബ്ബേ, അവനു ദുന്‍യാവില്‍ അനുഭവിച്ചതൊന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കുന്നതല്ല. ഇങ്ങനെ ധാരാളം ഹദീസുകള്‍ കാണാം. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ദാരിദ്ര്യം മൂലമുണ്ടായ കഷ്ടപാടുകളും ബുദ്ധിമുട്ടുകളും അല്ലാഹുവിനെയോര്‍ത്ത് ക്ഷമിച്ചും സഹിച്ചും അവന്‍റെ പ്രതിഫലം ആഗ്രഹിച്ചും അവന്‍റെ വിധിയില്‍ പൂര്‍ണ്ണ സംതൃപ്തനായും ജീവിക്കുന്ന ദരിദ്രരര്‍ക്കു മാത്രമാണീ പ്രതിഫലവും ശ്രേഷ്ഠതയും. ഇത് ദാരിദ്ര്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല മറ്റു ഏതു പ്രയാസങ്ങള്‍ക്കും ക്ഷമയിലൂടെ ഇതു പോലെ പ്രതിഫലം ലഭിക്കും. രോഗം, ബന്ധുക്കളുടെ മരണം, കണ്ണു മുതലായ അവയവങ്ങളുടെ നഷ്ടം, മര്‍ദ്ദനം, അക്രമം തുടങ്ങിയ സകല പ്രയാസങ്ങളും ഇതില്‍ പെടും. അതു പോലെ വെള്ളത്തില്‍ മുങ്ങുക പോലെയുള്ള അപകടങ്ങളിലൂടെ മരിക്കുന്നവര്‍ക്ക് ശഹീദിന്‍റെ പ്രതിഫലമുണ്ട്. പക്ഷേ, ഇത്തരം പ്രയാസങ്ങള്‍ ആഗ്രഹിക്കാനോ അതിനായി പ്രാര്‍ത്ഥിക്കാനോ പാടില്ല. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും വന്നു ചേരാനായി പ്രാര്‍ത്ഥിക്കാന്‍ എവിടെയും കല്‍പിച്ചിട്ടില്ല. ബുദ്ധിയും യുക്തിയും കുറഞ്ഞവരാണ് സ്വര്‍ഗവാസികളിലധികവുമെന്ന് ഒരു ഹദീസിലുണ്ട്. അതു കൊണ്ട് ബുദ്ധിക്ഷയം ആഗ്രഹിക്കാവതല്ലല്ലോ. ബുദ്ധി ശരിയായ രീതിയില്‍ ഉപയോഗിപ്പെടുത്തുകയല്ലേ വേണ്ടത്.  അല്ലാഹുവിനോട് ആഫിയതിനെ ചോദിച്ച് അതിനു അവനു നന്ദിചെയ്യലാണ് പരീക്ഷണം നേരിട്ട് ക്ഷമ കൈകൊള്ളുന്നതിനേക്കാള്‍ എനിക്കിഷ്ടമെന്ന് റസൂല്‍ (സ) പറയുകയുണ്ടായി. ഇവിടെ ഒരു സംശയമുദിക്കുന്നത് നബി(സ) തങ്ങളുടെ പ്രസിദ്ധമായ ഒരു ദുആ ആണ്. اللهم أَحْيِنِي مِسْكِينًا وَأَمِتْنِي مِسْكِينَا وَاحْشُرْنِي فِي زُمْرَةِ المَسَاكِينَ (അല്ലാഹുവേ, എന്നെ നീ ഒരു മിസ്കീനായി ജീവിപ്പിക്കുകയും മിസ്കീനായി മരിപ്പിക്കുകയും ചെയ്യേണമേ. മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമ്പോഴും എന്നെ നീ പാവങ്ങളുടെ കൂട്ടത്തില്‍ പെടുത്തേണമേ) [ചിലര്‍ ഈ ഹദീസ് ളഈഫാണെന്നും മൌദൂഅ് ആണെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രബലമായ അഭിപ്രായ പ്രകാരം ഇത് സ്വഹീഹായ ഹദീസ് തന്നെയാണ്] ഇത് ദരിദ്രനായി ജീവിക്കാനുള്ള ദുആ ആയി പലരും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും ഈ ദുആ നബി(സ)യുടെ ,اللّهُمَّإنِّيأَعُوذُبِكَمِنَالْفَقْرِ،والفاقة،وَالْقِلَّةِ،وَالذِّلَّةِ،(അല്ലാഹുവേ, ദാരിദ്ര്യം, അപരനെ ആശ്രയിക്കുന്നത്, കുറവ്, നിന്ദ്യത തുടങ്ങിയവയില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു.) എന്ന ദുആക്ക് എതിരാണ്. ബഹുമാനപ്പെട്ട മുബാറക്പൂരി, തന്‍റെ തുഹ്‍ഫതുല്‍ അഹ്‍വദിയില്‍ ഈ ഹദീസിനു കൊടുത്ത വിശദീകരണമാണ് ഏറ്റവും ഉചിതം. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇവിടെ റസൂല്‍ (സ) തങ്ങള്‍ അല്ലാഹുവിലേക്കുള്ള തന്‍റെ ആശ്രിതത്തെയും ആവശ്യകതയെയും ആണ് ഉദ്ദേശിച്ചത്. റസൂല്‍ (സ) തങ്ങള്‍ അല്ലാഹുവിന്‍റെ മുന്നില്‍ അവനോടുള്ള താഴ്മ പ്രകടിപ്പിക്കുകയാണ്. പാവങ്ങളുടെ കൂടെ എന്നെ ഒരുമിച്ചു കൂട്ടണേ എന്നത് കൊണ്ട് പാവപ്പെട്ടവരുടെ ശ്രേഷ്ഠത അറിയിക്കുകയും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുകയുമാണ്. ((അല്ലാഹുവാണ് ഏറ്റവും ഐശ്വര്യവാന്‍. നിങ്ങളെല്ലാവരും ദരിദ്രരാണെന്ന്)) ഖുര്‍ആനില്‍ പറഞ്ഞതു പോലെ. ഈ ദുആ റസൂല്‍ (സ) തങ്ങള്‍ക്ക് ദുന്‍യാവിനോടുള്ള പരിത്യാഗം കൂടി കാണിക്കുന്നുണ്ട്. അതിനാലാണ് ഇബ്നു മാജ തങ്ങള്‍ ഈ ഹദീസ് കിതാബുസ്സുഹ്ദില്‍ കൊണ്ടുവന്നത്. ഇത് നബി(സ)യുടെ സാധുക്കളോടുള്ള സ്നേഹം കാണിക്കുന്ന ഹദീസാണ്. അതിനാലാണ് അബൂ സഈദില്‍ ഖുദ്റി (റ) ഈ ഹദീസ് റിപോര്‍ട്ട് ചെയ്യുമ്പോള്‍ ഇങ്ങനെ പറഞ്ഞത്... നിങ്ങള്‍ സാധുക്കളെ സ്നേഹിക്കുവീന്‍ കാരണം ഞാന്‍ നബി(സ) പറയുന്നതായി കേട്ടിട്ടുണ്ട്...... ഈ പ്രാര്‍ത്ഥന നബി(സ)യുടെ സ്വഭാവ മഹിമയുടെ ഒരു പ്രതീകമാണ്. ചുരുക്കത്തില്‍ ധനികനായാലും ദിരിദ്രനായാലും അല്ലാഹുവിന്‍റെ കല്‍പനകള്‍ നിറവേറ്റാതിടത്തോളം വിജയമില്ല. ദാരിദ്ര്യമുള്ളതോടൊപ്പം അതില്‍ അക്ഷമനായിരിക്കുന്നവനും ധനത്തില്‍ മതിമറന്ന് അഹങ്കരിക്കുന്നവനും അല്ലാഹുവിന്‍റെ ദൃഷ്ടിയില്‍ ഒരേ ഗണത്തില്‍പെട്ടവനാണ്. എന്നാല്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും അവന്‍റെ ഇഷ്ടം സമ്പാദിക്കാനുമായി സമ്പത്ത് വിനിയോഗിക്കണമെന്ന് ആഗ്രഹിക്കുന്നത് പ്രതിഫലാര്‍ഹമാണ്. സമ്പത്ത് നല്‍കപ്പെടാത്തവന്‍ അത് അല്ലാഹുവിന്‍റെ വിധിയാണെന്നു മനസ്സിലാക്കുകയും അതില്‍ സംതൃപ്തനാവുകയും അതുമൂലം നേരിടേണ്ടി വരുന്ന പ്രയാസങ്ങളില്‍ ക്ഷമ കൈകൊള്ളുകയും ചെയ്യുന്നതും വലിയ പ്രതിഫലമുള്ളത് തന്നെ. സമ്പത്ത് നല്‍കി അല്ലാഹു അനുഗ്രഹിച്ചാല്‍ ആ സമ്പത്ത് നല്ല രീതിയില്‍ ചെലവഴിച്ച് അല്ലാഹുവിനു ശുക്‍റ് ചെയ്യുമെന്ന മാനസിക സന്നദ്ധതയും പ്രതിജ്ഞയും മുസ്‍ലിമിനു അത്യാവശ്യമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter