പരീക്ഷകളില്‍ കോപിയടിക്കല്‍ ഹറാമാണോ ?അങ്ങനെയുള്ള ഡിഗ്രി ഉപയോഗിച്ച് ജോലി സംബധിക്കുന്നതിന്റെ വിധി എന്താണ് ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
പരീക്ഷയില്‍ കോപ്പിയടിക്കുകയെന്നത് അഥവാ തട്ടിപ്പു നടത്തുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു പാതകമാണ്. അത് വഞ്ചനയാണ്. വഞ്ചന ഇസ്‍ലാമില്‍ നിഷിദ്ധമാണ്. അത് കപടവിശ്വാസത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതായിട്ടാണ് റസൂല്‍ (സ) എണ്ണിയിട്ടുള്ളതും. ആ പരീക്ഷയിലൂടെ നേടുന്ന സെര്‍ട്ടിഫികറ്റുകളും അതുപയോഗിച്ചു പിന്നീടു ലഭിക്കുന്ന ഉയര്‍ന്ന സെര്ട്ടിഫികറ്റുകളും ജോലിയും അതിലെ സമ്പാദ്യവുമെല്ലാം ഈ ആദി വഞ്ചനയുടെ ലാഞ്ചനയേറ്റ് കളങ്കിതമായിരിക്കുമല്ലോ. അതിനാലത് തീരെ ലാഘവത്തോടെ കാണാവുന്നതല്ല. അത്തരം വഞ്ചനകളില്‍ നിന്ന് തുടക്കം മുതലേ മാറി നില്‍ക്കുകയും വേണം.
സാധാരണ രീതിയില്‍ പരീക്ഷയും സെര്‍ട്ടിഫികറ്റുകളും ഒരാളുടെ യോഗ്യതയുടെ ബാഹ്യമായ മാനദണ്ഡമായിട്ടാണ് പരിഗണിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമാകാറുമുണ്ട്. കോപ്പിയടിച്ച് ജയിച്ചു നേടിയതാണെങ്കിലും ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാനുള്ള അറിവും യോഗ്യതയും ഉണ്ടെങ്കില്‍ ആ ജോലി തുടര്‍ന്നു പോകുന്നതില്‍ കുഴപ്പമില്ല. എങ്കിലും കോപ്പിയടിച്ചതിനും കളവു പറഞ്ഞതിനും തൌബ ചെയ്യണം. ജോലി ദാതാവിനോടു തുറന്നു പറയുന്നതാണ് ഏറെ സൂക്ഷ്മത.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ