റമദാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാണല്ലോ, എന്നിട്ടും ജനങ്ങളില്‍ പലരും തെറ്റ് ചെയ്യുന്നതെന്ത് കൊണ്ട്?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ റമദാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാകുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രവാചകര്‍ (സ) പറയുന്നു, റമദാന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നു (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് വിശദീകരിക്കുന്നേടത്ത് പണ്ഡിതന്മാര്‍ മേല്‍പറഞ്ഞ സംശം ചര്‍ച്ച ചെയ്യുകയും വിവിധ രൂപങ്ങളില്‍ അതിന് മറുപടി പറയുന്നതായും കാണാം. പിശാചുക്കളില്‍ അതിശക്തരായവര്‍ മാത്രമാണ് ചങ്ങലക്കിടപ്പെടുന്നതെന്നും മറ്റുള്ള പിശാചുക്കള്‍ സ്വതന്ത്രരാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹദീസുകളിലെ ചില നിവേദനങ്ങളില്‍ പിശാചുക്കളിലെ ഏറ്റവും ശല്യമുണ്ടാക്കുന്നവര്‍ (മറദത്) എന്ന് കാണുന്നത് ഇതിന് ഉപോല്‍ബലകമാണ്. പിശാചുക്കള്‍ ബന്ധികളാക്കപ്പെടും എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, അവരുടെ സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാവും എന്നല്ല, മറിച്ച് മറ്റു മാസങ്ങളിലെപ്പോലെ അവര്‍ക്ക് ആളുകളെ സ്വാധീനിക്കാനാവില്ലെന്നതാണ് എന്ന വ്യാഖ്യാനമാണ് മറ്റു ചില പണ്ഡിതര്‍ നല്‍കുന്നത്. റമദാന്‍ മാസത്തില്‍ ഇതര മാസങ്ങളേക്കാള്‍ തിന്മകള്‍ കുറയുന്നതും നന്മകള്‍ വര്‍ദ്ധിക്കുന്നതും നാം കാണുന്നതാണല്ലോ. എന്നാല്‍, പിശാചുക്കള്‍ ബന്ധികളാക്കപ്പെടുന്നുണ്ടെന്നും പക്ഷേ, അത് കൊണ്ട് മാത്രം അവര്‍ പൂര്‍ണ്ണമായി അശക്തരാവില്ലെന്നും മനുഷ്യര്‍ അങ്ങോട്ട് ചെന്നാല്‍ അവരുടെ സ്വാധീനവും അക്രമവും ഉണ്ടാവുമെന്നും അതാണ് പലപ്പോഴും നടക്കുന്നതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. കൂട്ടിലിട്ട സിംഹത്തിന് ഇങ്ങോട്ട് വന്ന് ആക്രമിക്കാന്‍ സാധിക്കില്ലെങ്കില്‍ നാം അതിനടുത്തേക്ക് ചെന്നാല്‍ അത് കടിച്ചുകീറുമെന്ന ഉദാഹരണത്തിലൂടെ അവര്‍ ഇത് സമര്‍ത്ഥിക്കുന്നു. അതിലെല്ലാമുപരി, ദോഷങ്ങള്‍ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അതിശക്തമായ മറ്റൊരു ഘടകമാണ് ദേഹേച്ഛ എന്നത്. ബാഹ്യശക്തിയായ പിശാച് ബന്ധിതനായാലും ദേഹേച്ഛയെ നിയന്ത്രിക്കാന്‍ കഴിയാത്തവനാണെങ്കില്‍ അത് അവനെ തെറ്റുകുറ്റങ്ങളില്‍ കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. എല്ലാം അറിയുന്നവന്‍ അല്ലാഹു ആണ്. നമ്മുടെ അറിവ് അവന്‍ കൂടുതല്‍ കൂടുതല്‍ വര്‍ദ്ദിപ്പിക്കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter