വിഷയം: ‍ സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കൽ

സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് കേൾക്കുന്നു.ഇത് ശരിയാണോ?

ചോദ്യകർത്താവ്

Jumana

Dec 21, 2019

CODE :Oth9532

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

നബി (സ്വ) അരുൾ ചെയ്തു: “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതിനാൽ അവയക്ക് ഗ്രഹണം ബാധിച്ച് കണ്ടാൽ അത് നീങ്ങുന്നത് വരേ നിങ്ങൾ നിസ്കരിക്കുക” (ബുഖാരി), “നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും നിസ്കരിക്കുകയും ദാനധർമ്മങ്ങൾ ചെയ്യുകയും ചെയ്കക” (ബുഖാരി, മുസ്ലിം), “നിങ്ങൾ ഉടനെ ഗ്രഹണ നിസ്കാരം നിർവ്വഹിക്കുകയും അല്ലാഹുവിനോട് ദുആ ഇരക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുക” (ബുഖാരി, മുസ്ലിം). ഗ്രഹണം കുറഞ്ഞ സമയം മാത്രമുള്ള പ്രതിഭാസമായതിനാൽ നിസ്കാരവും അതിന് ശേഷമുള്ള ഖുത്വുബയും ഉപര്യുക്ത ആരാധനകളുമല്ലാതെ മറ്റൊന്നും ആ സമയത്ത് ചെയ്യൽ ഉത്തമമല്ല. ഗ്രഹണ നിസ്കാരത്തിന് വേണ്ടി കുളിക്കൽ സുന്നത്തുണ്ട് എങ്കിലും കുളിയുടെ ഭാഗമായി നഖം മുറിക്കുക തുടങ്ങിയ മറ്റു വൃത്തിയാക്കലുകൾ പോലും നിർവ്വഹിക്കൽ സുന്നത്തില്ല. കാരണം ഹ്രസ്വമായ ഗ്രഹണ സമയമത്രയും അല്ലാഹുവിലേക്ക് പരമാവധി അടുത്ത് അവനോട് താണുകേണ് പ്രാർത്ഥിക്കാനുള്ളതാണ്. (തുഹ്ഫഃ, നിഹായഃ, ജമൽ).

ചുരുക്കത്തിൽ ആ സമയത്ത് ഭക്ഷണം കഴിക്കുന്നതിന് വിരോധമൊന്നുമില്ല. എന്നാൽ അത്യാവശ്യമല്ലെങ്കിൽ ഉത്തമവുമല്ല. കാരണം ആ പരിമിതമായ സമയം തിന്ന് കൊണ്ടോ മറ്റെന്തെങ്കിലും ചെയ്ത് കൊണ്ടോ പാഴാക്കാനുള്ളതല്ല.  ഗ്രഹണം നീങ്ങുന്നത് വരെ നിസ്കാരത്തിനും ഖുത്വുബക്കും മുകളിൽ പറയപ്പെട്ട ആരാധാനകൾക്കുമല്ലാതെ  അത്യാവശ്യമല്ലാത്ത മറ്റു കാര്യങ്ങൾക്ക് വേണ്ടി ആ സമയം ഉപയോഗപ്പെടുത്തൽ ഉചിതമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter