വിഷയം: റയിൽവേയിൽ ജോലി ലഭിക്കാൻ നഗ്നനായുളള ടെസ്റ്റ്
റെയിൽവേയിൽ ജോലി ലഭിക്കാൻ മെഡിക്കൽ ടെസ്റ്റ് പാസ്സ് ആവണം. അതിനായി ഒരു ഡോക്ടറിന്റെയും അസ്സിസ്റ്റന്റിന്റെയും മുമ്പിൽ നഗ്‌നനായി നിൽക്കേണ്ടി വരും. ഇത് അനുവദനീയം ആണോ?
ചോദ്യകർത്താവ്
Sabeer
Jan 27, 2020
CODE :Oth9591
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
പരിശോധനയുടെ ഭാഗമായി ഡോക്ടർ നഗ്നത കാണൽ അത്യാവശ്യമായ സന്ദർഭമാണെങ്കിൽ മാത്രം പരിശോധിക്കാവുന്ന സമയം മാത്രം വിശ്വസ്തനായ ഡോക്ടറെ കാണാൻ അനുവദിക്കാം. ഇത്തരം ഘട്ടങ്ങളിൽ പുരുഷന് പുരുഷ ഡോക്ടറും സ്ത്രീക്ക് സ്ത്രീ ഡോക്ടറുമായിരിക്കണം പരിശോധിക്കേണ്ടത്. ഓരേ ലിംഗക്കാർ ഇല്ലാത്ത ഘട്ടത്തിൽ മാത്രമേ എതിർ ലിങ്കക്കാരായ ഡോക്ടർമാർ പരിശോധിക്കാവൂ. അത്തരം സന്ദർഭങ്ങളിൽ സ്ത്രീയുടെ കൂടെ ഭർത്താവോ മഹ്റമോ വിശ്വസ്തയായ മറ്റൊരു സ്ത്രീയോ ഉണ്ടായിരിക്കണം (തുഹ്ഫ). ചോദ്യത്തിൽ പറയപ്പെട്ടതനുസരിച്ച് ഇങ്ങനെ ശരീരം മുഴുവനും പരിശോധിച്ച് ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ആരോഗ്യാവസ്ഥ വ്യക്തമാകാനുള്ള ടെസ്റ്റ് നിയമം കൊണ്ടും അധികാരം കൊണ്ടും നിർബ്ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അതിനാൽ തന്നെ ഇത് നിർബ്ബന്ധിതാവസ്ഥയായി പരഗണിക്കാം. അതോടൊപ്പം ഇത്തരം ടെസ്റ്റുകൾ അത്യാവശ്യമാണെങ്കിൽ അതിന് വേണ്ടി പുരുഷന്മാർക്ക് പുരുഷ ഡോക്ടറും പുരുഷ നേഴസും തന്നെ വേണമെന്നതിന്റെ ആവശ്യം സ്വന്തം നിലക്കോ മറ്റുള്ളവരിലൂടെയോ പെതുജന ശ്രദ്ധയിൽ കൊണ്ടുവന്നോ സർക്കാറിനെ ബോധ്യപ്പെടുത്തണം. അപ്പോൾ ഇനി വരുന്ന ഉദ്യോഗാർത്ഥികൾക്കെങ്കിലും ഈ പ്രയാസത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനഹിതത്തിനാണല്ലോ പ്രാധാന്യം. ജനങ്ങൾക്ക് മതപരമായും മാനസികമായും പ്രയാസം ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങളിൽ തിരുത്തൽ നടപടികൾ കൈകൊള്ളാൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറിന് പ്രയാസമുണ്ടാകില്ലല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.