വിഷയം: നിസ്കാര മുറി
വീടു പണിയുമ്പോൾ നിസ്കരിക്കാൻ പ്രത്യേക മുറി ഉണ്ടാകുകയാണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം ?
ചോദ്യകർത്താവ്
സക്കരിയ പാട്ടത്തൊടി
Sep 30, 2022
CODE :Par11420
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
വീട് പണിയുമ്പോൾ നിസ്കരിക്കാൻ വേണ്ടി പ്രത്യേക മുറി ഉണ്ടാക്കുന്നതിൽ തെറ്റൊന്നുമില്ല. ഇന്ന്, ഒരുനിലക്ക് നിസ്കാരം മുറി വീടുകളിൽ ഉണ്ടാകുന്നത് നല്ലതു തന്നെ. ടൈൽസും മാർബിളുകളുമുള്ള സ്ഥലങ്ങളിൽ കുട്ടികൾ മൂത്രിച്ചിട്ടുണ്ടെങ്കിൽ കർമശാസ്ത്രപരമായി ശുദ്ധി വരുത്തുന്നതിൽ അധിക ആളുകളും തെറ്റിക്കാറുണ്ട്. അതുകൊണ്ടുതന്നെ, ഇത്തരം നിസ്കാരം മുറികൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട്. പക്ഷേ, അതിനു പള്ളിയുടെ വിധി ബാധകമല്ല. പള്ളിയായി വഖ്ഫ് ചെയ്താൽ മാത്രമേ പ്രസ്തുത മുറിക്ക് പള്ളിയുടെ വിധി ബാധകമാവുകയുള്ളൂ. അങ്ങനെ വീട്ടിലെ മുറി പള്ളിയായി വഖ്ഫ് ചെയ്യണമെന്നുമില്ല. വഖുഫ് ചെയ്യാതെ, വെറും നിസ്കരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന മുറിക്ക് പ്രത്യേകിച്ചു വിധികളൊന്നും ഇല്ലെങ്കിലും അവിടെ വൃത്തിയായി സൂക്ഷിക്കുന്നതും വകതിരിവ് എത്താത്ത കുട്ടികളെ പ്രവേശിപ്പിക്കാതിരിക്കുന്നതും നിസ്കരിക്കാനായി ഒരു മുസല്ല വിരിച്ചിടുന്നതും സുഗന്ധം പുകപ്പിച്ചിരിക്കുന്നതും ഓതാനായി പരിശുദ്ധ ഖുർആൻ അവിടെ വെക്കുന്നതും നല്ലതു തന്നെ. എന്നാൽ, വീട്ടിലെ നിസ്കാര മുറികളിൽ ഫർള് നിസ്കാരങ്ങൾ നിസ്കരിച്ചു ശീലിക്കുന്നത് പുരുഷന്മാർക്ക് യോജിച്ചതല്ല. ഫർള് നിസ്കാരങ്ങൾ പള്ളിയിൽ പോയി തന്നെ നിസ്കരിക്കണം. സ്ത്രീകൾക്കും സുന്നത്ത് നിസ്കാരങ്ങൾക്കായി പുരുഷന്മാർക്കും വീട്ടിലെ നിസ്കാരം മുറികൾ ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ