വിഷയം: Salah
അസ്സലാമു അലൈകും, എൻ്റെ ഒരു വിഷയം എനിക്ക് പലപ്പോഴും സ്ഖലനം നടക്കുന്നത് പോലെ ഓരോ തുള്ളി പോയിരിക്കുന്നത് കാണാം. പലപ്പോഴും ഇതറിയാറില്ല. അണ്ടെർവെയറിൽ വൈറ്റ് കളർ കാണാം. ഇത് വളരെയധികം ബുദ്ധിമുട്ടിക്കുന്നു. പലപ്പോഴും നിസ്കാരം എല്ലാം കഴിഞ്ഞതിനു ശേഷം ആണ് കാണാറ്. ഒരിക്കെ എവിടെയോ വായിച്ചത് അത് നജസ് അല്ല എന്നായിരുന്നു. ഇതിലെ ശെരിയായ വശം എന്താണ്.
ചോദ്യകർത്താവ്
J. Sayed
Dec 20, 2022
CODE :Pra11906
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഇടക്കിടെ അറിയാതെ സ്ഖലനം നടക്കുന്നുണ്ട്. സ്ഖലിക്കുന്നത് മനിയ്യാണോ മദ്‍യാണോ എന്നറിയുന്നില്ലയെന്നാണ് ചോദ്യമെന്ന് മനസ്സിലാക്കുന്നു. മദ്‍യ് നജസാണ്. അത് പുറത്ത് വന്നാല്‍ വുദൂ മുറിയും. കഴുകിക്കളയല്‍ നിര്‍ബന്ധമാണ്. കുളി നിര്‍ബന്ധമില്ല. മനിയ്യ് ശുദ്ധിയുള്ളതാണ്. പുറപ്പെടുന്നത് മൂലം കുളി നിര്‍ബന്ധമാണ്.
ലൈംഗികവികാരം ഉണ്ടാവുമ്പോള്‍ പുറപ്പെടാറുള്ള ലോലമായ മഞ്ഞയോ വെളുപ്പോ നിറമുള്ള ദ്രാവകമാണ് മദ്യ്‍.
സ്രവിക്കുന്ന സമയത്ത് ആനന്ദം അനുഭവപ്പെടുക, തെറിച്ചു തെറിച്ചു പുറപ്പെടുക, ദ്രാവകാവസ്ഥയില്‍ അതിനു ഗോതമ്പു മാവിന്‍റെ മണമുണ്ടാവുക, ഉണങ്ങിയ അവസ്ഥയില്‍ കോഴിമുട്ടയുടെ വെള്ളയുടെ മണമുണ്ടാവുക എന്നീ പ്രത്യേകതകളില്‍ ഏതെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മനിയ്യായി കണക്കാക്കാം.
ഇത്തരം മാനദണ്ഡങ്ങള്‍ പരിഗണിച്ചിട്ടും പുറപ്പെട്ടത് മനിയ്യോ അതോ മദ്‍യോ എന്ന് സംശയമായാല്‍ സ്വയം തീരുമാനമെടുത്ത് അതനുസരിച്ച് പ്രവര്‍ത്തിക്കണം. മനിയ്യാണെന്ന് തീരുമാനിച്ചാല്‍ കുളിക്കണം. മദ്’യാണെന്ന് തീരുമാനിച്ചാല്‍ കഴുകി വൃത്തിയാക്കി വുളൂ ചെയ്യണം.
ഇതു ഇടക്കിടെ സംഭവിക്കുന്നുണ്ടെങ്കിലും ഇത് തന്നെയാണ് വിധി. നിസ്കരിക്കാന്‍ ശുദ്ധിയുള്ള സമയം ലഭിക്കാത്ത വിധം മനിയ്യോ മദ്‍യോ പുറപ്പെടുന്നുണ്ടെങ്കില്‍ അവന്‍ നിത്യ അശുദ്ധിയുള്ളവനാണ്. മദ്‍യാണെങ്കില്‍ ഓരോ നിസ്കാരത്തിനും സമയമായതിന് ശേഷം കഴുകി വൃത്തിയാക്കി വുദു ചെയ്ത് നിസ്കരിക്കണം. മനിയ്യ് ആണെങ്കില്‍ കുളിക്കുകയും വേണം. നിസ്കാരത്തിനിടക്കും ഇവ പുറപ്പെടുമെന്നു ആശങ്കയുണ്ടെങ്കില്‍ കെട്ടി വെച്ച് നിസ്കരിക്കണം.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ