ഈയിടെ ഒരു ക്ലാസില്‍ ജമാഅത്ത് നിസ്കാരത്തില്‍ സ്വഫായി നില്‍കേണ്ട നബി (സ) തങ്ങള്‍ പഠിപ്പിച്ചു തന്ന രീതിയെപ്പറ്റി കേട്ടു. അതില്‍ ഏറ്റവും പിന്നിലായി സ്ത്രീകളാണെന്നും പ്രഭാഷണത്തിലുണ്ടായിരുന്നു. അപ്പോള്‍ തങ്ങളുടെ കാലത്ത് ജമാഅത്ത് നിസ്കാരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നോ...?. വിശദീകരണം പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

Veeran Kutty

Mar 4, 2019

CODE :Fiq9188

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വീട്ടിലോ കുടുംബത്തിലോ മഹ്റമുകളുടെ കൂടെയോ ഫിത്ന ഭയപ്പെടാത്ത മറ്റു അവസരങ്ങളിലോ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് നിസ്കരിക്കുന്നത് അനുവദനീയമാണ്. അത്തരം ഘട്ടങ്ങളില്‍ എങ്ങനെയാണ് സ്വഫ്ഫ് നില്‍ക്കേണ്ടത് എന്ന് ഇസ്ലാം പഠിപ്പി്ക്കുകയം ചെയ്തിട്ടുണ്. പുരുഷന്‍ ആദ്യവും പുരുഷന്മാർക്ക് പിന്നീല്‍ സ്ത്രിയുമാണ് നില്‍ക്കേണ്ടത് (സ്വഹീഹ് മുസ്ലിം). അതു പോലെ ഇസ്ലാമിന്റെ ആദ്യ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു. നിസ്കാരം ഹറാമായ ഹൈളുകാരികള്‍ വരെ നിസ്കാരമല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടി (ഉദാ. ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍) പോയിരുന്നു. പെരുന്നാള്‍ നിസ്കാരത്തിന് പോകാന്‍ ഞങ്ങളോട് നബി (സ്വ) കല്‍പ്പിച്ചിരുന്നുവെന്ന ഉമ്മു അത്വിയ്യ (റ) യുടെ ഹദീസ് ഈ ഗണത്തില്‍പ്പെട്ടാതാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് മുസ്ലിംകള്‍ വളരേ കുറവായത് കാരണം ഉളളവര്‍ ഒരു ശക്തിയായി ഒരുമിച്ച് കൂടുക പതിവായിരുന്നു. അതോടൊപ്പം ആ ഉത്തമ നൂറ്റാണ്ടില്‍ ഫിത്ന ഭയപ്പെടുന്ന ഒരു സാഹചര്യവും ഇല്ലാത്ത വിധം സുരക്ഷിത്വം ഉറപ്പുള്ളതുമായിരുന്നു.

നബി (സ്വ)യുടെ കാലത്ത് സ്ത്രീകള്‍ അവരുടെ ഭംഗി പ്രദര്‍ശിപ്പിക്കാതെയും നിഷിദ്ധ കാര്യങ്ങള്‍ കാണാതിരിക്കാന്‍ കണ്ണ് താഴ്തിയുമായിരുന്നു നടന്നിരുന്നത്. അത് പോലെ പുരുഷന്മാരും നിഷിദ്ധമായതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാതെ കണ്ണുകളെ നിയന്ത്രിച്ചും സ്ത്രീകളുമായുള്ള ഇടകലരിന് സാധ്യതയില്ലാതത്ത വിധം ശ്രദ്ധിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. എന്നിട്ടും അക്കാലത്തെ സ്ത്രീകളോട് നബി (സ്വ) അരുൾ ചെയ്തു: ‘സ്ത്രീകൾക്ക് ഏറ്റവും ഉത്തമമായ പള്ളി അവരുടെ വീടിന്റെ ഉള്ളറയാണ്’ (അബൂ ദാവൂദ്). അതു പോലെ ‘നബിയേ അങ്ങയോടൊപ്പം നിസ്കാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’ എന്ന് സയ്യിദത്തുനാ ഉമ്മു ഹുമൈദിനിസ്സാഇദി (റ) ഒരിക്കൽ നബി (സ്വ) യോട് പറഞ്ഞപ്പോൾ നബി (സ്വ) പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു: ‘എന്റെ കൂടെ നിസ്കാരിക്കാനാണ് നിങ്ങൾക്ക് താൽപര്യം എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വീടിന്റെ ഉള്ളിൽ നിന്ന് നിസ്കാരിക്കലാണ് വീടിന്റെ പൂമുഖത്ത് നിന്ന് നിസ്കരിക്കുന്നതിനേക്കാൾ സ്രേഷ്ഠതിയിൽ ഉത്തമം, വീടിന്റെ പൂമുഖത്ത് നിന്ന് നിസ്കരിക്കലാണ് വീടിനു ചുറ്റുമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്ന് നിസ്കരിക്കുനതിനേക്കാൾ ഉത്തമം, വീടിന് ചുറ്റുമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്ന് നിസ്കരിക്കലാണ് കുടുംബ പള്ളിയിൽ നിന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം, കുടുംബ മസ്ജിദിൽ നിന്ന് നിസ്കരിക്കലാണ് എന്റെ പള്ളി (മസ്ജിദുന്നബവി)യിൽ നിന്ന് നിസ്കരിക്കുന്നതനിനേക്കാൾ ഉത്തമം’. പിന്നീട് അവരുടെ താൽപര്യ പ്രകാരം അവരുടെ വീട്ടിലെ ഏറ്റവും ഇരുട്ടുള്ള ഭാഗത്ത് അവർക്ക് നിസ്കരിക്കാനുള്ള സ്ഥലം ഒരുക്കപ്പെടുകയും മരണം വരേ (മസ്ജിദുന്നബവിയിൽ വന്ന് നബി തങ്ങളോടൊപ്പം നിസ്കരിക്കാതെ) ആ ഇരുട്ടറയിൽ വെച്ച് അവർ നിസ്കരിക്കുകയും ചെയ്തു (മുസ്നദ് അഹ്മദ്). എന്നാല്‍ ഇന്ന് നാം ജീവിക്കുന്ന കാലത്ത് സ്ത്രീകള്‍ തങ്ങളുടെ ഭംഗി പ്രദര്‍ശിപ്പിച്ചും നിഷിദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ കണ്ണിനെ നിയന്ത്രിക്കാതെയുമാണ്  പുറത്തിറങ്ങുന്നത്. പുരുഷന്മാരുടെ കാര്യവും ഭിന്നമല്ല. അഥവാ സ്ത്രീകള്‍ പുറത്തിറങ്ങുന്നത് കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നത് ഉറപ്പായ കാലമാണിത്.

ഉമ്മുല്‍ മുഅ്മിനീന്‍ ആയിശാ ബീവി (റ) സ്തീകള്‍ പള്ളിയില്‍ പോകുന്നതിനെ തടയുമായിരുന്നു. ഒരിക്കല്‍ അവരോട് പറയപ്പെട്ടു: ‘നബി (സ്വ) സ്ത്രീകളെ ജമാഅത്തില്‍ പങ്കെടുക്കുന്നതിനെ തടയാറില്ലായിരുന്നു’. അപ്പോള്‍  മഹതി പറഞ്ഞു: ‘ഇന്ന് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ കാട്ടിക്കൂട്ടുന്ന പുതിയ രീതികള്‍ നബി (സ്വ) കണ്ടിരുന്നുവെങ്കില്‍ ഇസ്രാഈല്യരിലെ സ്ത്രീകള്‍ മുമ്പ് തടയപ്പെട്ടത് പോലെ ഇവരേയും നബി (സ്വ) പള്ളിയില്‍ പോകുന്നതില്‍ നിന്ന് തടയുമായിരുന്നു’ (ബുഖാരി, മുസ്ലിം). ഇത് ഉത്തമ നൂറ്റാണ്ടിലെ ആഇശാ ബീവി (റ)യുടെ ഫത് വയാണ്. എങ്കില്‍ നമ്മുടെ ഇക്കാലത്തെ ഫത് വ എങ്ങനെയാകണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആഇശാ ബീവിയെപ്പോലെത്തന്നെ ഉര്‍വ്വഃ (റ), ഖാസിം (റ), യഹ്യല്‍ അന്‍സ്വാരി (റ), മാലിക (റ), അബൂ ഹനീഫ (റ), അബൂ യൂസുഫ് (റ) തുടങ്ങിയ ധാരാളം മഹാരഥന്മാര്‍ സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെടുന്നതിനെ തടഞ്ഞിരുന്നു.

ഇമാം ശാഫിഈ (റ) പറയുന്നു: ‘ഉമ്മഹാത്തുൽ മുഅ്മിനീങ്ങളിൽപ്പെട്ട ഒരൊറ്റ മഹതിയും ഏതെങ്കിലും ഒരു ജുമുഅക്കോ ഏതെങ്കിലും ഒരു ജമാഅത്തിനോ പള്ളിയില്‍ പങ്കെടുത്തതായി നമുക്കറിവില്ല. നബിയുടെ ഭാര്യമാർ എന്ന അവരുടെ സ്ഥാനം വച്ച് നോക്കുമ്പോള്‍ നബി (സ്വ)യടെ കൂടെ (മദീനാ പള്ളിയിൽ) ഫർള് നിസ്ക്കാരങ്ങള്‍ നിർവ്വഹിക്കാന്‍ മറ്റുള്ളവരേക്കാൾ  ഏറ്റവും അർഹരായത് അവരായിരുന്നു ........ സ്ത്രീകൾ ജുമുഅക്കായി പള്ളിയിൽ വരുന്നത് ഒരൊറ്റ പണ്ഡിതനും നിർബ്ബന്ധമാണെന്ന് പറഞ്ഞതായി നമുക്ക് അറിവില്ല..... ജുമുഅക്ക് പള്ളിയിലേക്ക് വരുന്ന കാര്യത്തിൽ തന്നെ സ്ത്രീകൾ ഒഴിവാണെങ്കില്‍ മറ്റു ഫർള് നിസ്ക്കാരങ്ങൾക്കും സുന്നത് നിസ്ക്കാരങ്ങൾക്കും പള്ളിയിൽ പോകണം എന്ന നിർദ്ദേശത്തിൽ നിന്ന് അവർ എന്തായാലും ഒഴിവാകില്ലേ.......നബി (സ്വ) യോടൊപ്പം ഭാര്യമാരും പെൺമക്കളും വേലക്കാരികളും ഭാര്യമാരുടെ വേലക്കാരികളും അടക്കം കുടുംബത്തിൽ ധാരാളം സ്ത്രീകളുണ്ടായിരുന്നു, എന്നാൽ അവരില്‍ ആരെങ്കിലും ഒരാൾ ഏതെങ്കിലും ഒരു ജുമുഅക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല ....... ജുമുഅക്ക് മാത്രമല്ല രാത്രിയോ പകലോ ഏതെങ്കിലുമൊരു ജമാഅതിന് അവരാരും പങ്കെടുത്തതായി അറിയില്ല.... നബി (സ്വ) നടന്നും വാഹനത്തിലും ഖുബാ പള്ളിയിലേക്ക് നിസ്ക്കരിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ ഖുബാ പള്ളിയിലേക്കോ മറ്റേതെങ്കിലും പള്ളിയിലേക്കോ നബി കുടുംബത്തിലെ  ഏതെങ്കലും ഒരു മഹതി നിസ്കരിക്കാൻ പോയതായിട്ട് എനിക്കറിയില്ല. നബി (സ്വ)യുമായി ഏറ്റവും അടുത്ത് ഇടപഴകുന്നവർ എന്ന സ്ഥാനമുള്ള അവർ നന്മ ചെയ്യുന്ന കാര്യത്തില്‍ അത്യാഗ്രഹമുള്ളവരും ഇതര സ്ത്രീകളേക്കാള്‍ നന്മയെ കൂടുതല്‍ അറിയുന്നവരുമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല, അവർ അറിയേണ്ട ഒരു നന്മയും അവരോട് കല്പ്പിനക്കാതെ നബി (സ്വ) ഒരിക്കലും വിട്ടു കളയുകയുമില്ല ....  മുൻഗാമികളായ മുസ്ലിംകളിൽ ആരും അവരുടെ സ്ത്രീകളെ രാത്രിയോ പകലോ ജുമുഅക്കോ ജമാഅത്തിനോ പള്ളിയിൽ പോകാന്‍ നിർദ്ദേശിച്ചതായി എനിക്കറിയില്ല.. അതിൽ അവർക്ക് വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു കൽപ്പിക്കുകയും പള്ളിയിൽ പോകാൻ അനുവദിക്കുകയും ചെയ്യുമായിരുന്നു’ (കിതാബുൽ ഉമ്മ്)

‘മസ്ജിദുന്നബവിയിലെ ഒരു നിസ്കാരം ആയിരം നിസ്കാരത്തിന് തുല്യമാണെന്ന് നബി (സ്വ) പറഞ്ഞത് പുരുഷന്മാരെക്കുറിച്ചാണെന്നും സ്ത്രീകള്‍ക്ക് അതിനേക്കാള്‍ ഉത്തമം വീടാണെന്നും’ ആ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു ഖുസൈമ (റ) വ്യക്തമാക്കിയിട്ടുുണ്ട്.  മറ്റുള്ളവരെ ആകര്‍ശിക്കുന്ന വസ്ത്രം ധരിച്ചും സുഗന്ധം പൂശിയും സ്ത്രീകള്‍ ത്വവാഫ് ചെയ്യാന്‍ പോകല്‍ നിഷിദ്ധവും അത് തടയപ്പെടേണ്ടതുമാണെന്നും ഭരണാധികാരികള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും ഇമാം ഇബ്നു ജമാഅഃ (റ) വ്യക്തമാക്കുന്നു. ‘സ്ത്രീകളെ നോക്കുന്ന എല്ലാ കണ്ണും വ്യഭിചരിച്ചവയാണ്’ എന്ന ഇമാം തിര്‍മ്മിദി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസും ‘പുരുഷന്മാര്‍ ശ്രദ്ധിക്കും വിധം സുഗന്ധം പുശി നടക്കുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന’ ഇമാം ഇബ്നു ഹിബ്ബാന്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസും ഏറെ ഗൌരവത്തോടെ ഉള്‍ക്കൊള്ളേണ്ടതാണ്. പിന്‍ഗാമികളിലെ ഒരു പ്രഗല്‍ഭ പണ്ഡിതന്‍ പറയുന്നു: ‘ചില സ്ഥലങ്ങളില്‍ റമളാന്‍ മാസത്തില്‍ സ്ത്രീകള്‍ പള്ളിയില്‍ കിടന്നുറങ്ങലും പള്ളി കോമ്പൌണ്ടില്‍ പുരുഷന്മാരൊത്ത് ഒരുമിച്ച് കൂടലും ബിദ്അത്തും ഹറാമും മുസ്ലീം സ്ത്രീകളുടെ സംസ്കാരത്തിന് നിരക്കാത്തതുമാണ്’. പള്ളികളിലാണെങ്കിലും വഴികളിലാണെങ്കിലും മത്വാഫിലാണെങ്കിലും സ്ത്രീ പുരുഷന്മാര്‍ പരസ്പരം തിരക്കുന്നതിനേക്കാള്‍ നല്ലത് ചളിയില്‍ കളിച്ച പന്നിയെ തിരക്കലാണ് എന്ന് നബി (സ്വ) പറഞ്ഞതായി ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ചിട്ടുണ്ട്.

അത് പോലെ ഇസ്ലാമിക പ്രഭാഷണങ്ങള്‍ നടത്തുന്ന പ്രഭാഷന്‍ യുവാവും സുമുഖനും മറ്റുള്ളവരെ ആകർഷിക്കും വിധം വസ്ത്രം ധരിച്ചവനും മുടി നീട്ടിയും മറ്റും സ്റ്റൈലാക്കിയവനും പ്രസംഗിക്കുമ്പോള്‍ ശരീരം പല രീതിയില്‍ ഇളക്കുകയും കൈകള്‍ കൊണ്ട് പരിധിവിട്ട് ആംഗ്യം കാട്ടുകയും ചെയ്യുന്നയാളുമാണെങ്കില്‍ അയാളെ കാണും വിധം സ്ത്രീകള്‍ വഅള് മജ്ലിസില്‍ പങ്കെടുക്കല്‍ നിഷിദ്ധവും അവരെ അതിൽ നിന്ന് തയല്‍ നിര്‍ബ്ബന്ധവുമാണ്. അത്തരക്കാരുടെ വഅള് കൊണ്ട് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാകുക. അവര്‍ക്കിടയില്‍ വ്യക്തമായ മറ നിര്‍ബ്ബന്ധമാണെന്ന്. നല്ല തഖ്വയും സൂക്ഷമതയും പുലർത്തുകയും പണ്ഡിതരുടെ വേഷം ധരിക്കുകയും ചെയ്യാത്ത ഒരാളെയും വഅള് പറയാന്‍ അനുവദിക്കരുത്. ഇക്കാര്യങ്ങളൊക്കെ കിതാബുല്‍ അന്‍വാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്ന് നാം ജീവിക്കുന്ന ഫിത്ന ഉറപ്പുുള്ള കാലത്ത് യുവതകളും കാണാന്‍ കൊള്ളാവുന്നവരുമായ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതിനെ തടയണമോയെന്ന കാര്യത്തില്‍ ഇസ്ലാമിക ശരീഅത്ത് സൂക്ഷ്മമായി മനസ്സിലാക്കാന്‍ തൌഫീഖ് ലഭിക്കാതെ തെളിവകളുടെ ആന്തരികാര്‍ത്ഥം മനസ്സിലാക്കാതെ  പ്രത്യാക്ഷാര്‍ത്ഥത്തില്‍ മാത്രം കടിച്ചു തൂങ്ങുന്ന മണ്ടന്മാരല്ലാതെ ആരും ശങ്കിച്ചു നില്‍ക്കുകയില്ല. അത്തരക്കാര്‍ ആഇശാ ബീവിയും അവരെപ്പോലെയുളളവരും മനസ്സിലാക്കിയതിനേയും ഭംഗി പ്രദര്‍ശിപ്പിക്കൽ നിരോധിക്കുകയും കണ്ണുകളെ നിയന്ത്രിക്കല്‍ നിര്‍ബ്ബന്ധമാക്കുകയും ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളേയും വില കുറച്ച് കണുന്നവരാണ്. ആളുകള്‍ കണ്ടാല്‍ ഒരു നിലക്കും കൊതിക്കാത്ത വൃദ്ധകള്‍ക്ക് സുഗന്ധം പൂശാതെയും ആളുകളെ ആകര്‍ശിക്കാത്ത തരത്തില്‍ വസ്ത്രം ധരിച്ചും കണ്ണുകളെ നിയന്ത്രിച്ചും പോകാം. അല്ലാത്തവര്‍  ഫിത്ന ഉറപ്പായ ഇക്കാലത്ത് ജുമുഅഃക്കും ജമാഅത്തിനും വേണ്ടി പള്ളിയില്‍ പോകല്‍ ഹറാമാണ്. ഈ വിഷയത്തില്‍ ഇങ്ങനെയാണ് ഫത് വ കൊടുക്കേണ്ടത്. ഇതാണ് മദ്ഹബ്. ഇത് മദ്ഹബിനെതിരാണെന്ന് ചിലര്‍ പറയുന്നുണ്ട് അത് ശരിയല്ല. ഇക്കാര്യം നിഷേധിക്കുന്നത് സൂക്ഷിച്ചു വേണം. തനിക്ക് വ്യക്തമായ ധാരണയില്ലാത്ത കാര്യങ്ങളില്‍ നാവിട്ടടിക്കുന്നന്നവരുടെ വാചകക്കസർത്തുകൾ കേട്ട് വഞ്ചിതരാകരുത്. കാരണം അറിവ് അമാനത്താണ്. അത് ലഭിക്കാന്‍ അല്ലാഹുവാണ് തൌഫീഖ് നല്‍കേണ്ടതും സഹായിക്കേണ്ടതും

(ഫതാവല്‍ കുബ്റാ, കിഫായത്തുല്‍ അഖ്യാര്‍, മുഹദ്ദബ്, കിതാബുൽ ഉമ്മ്, ശറഹു അബിശ്ശുജാഅ്, അന്‍വാര്‍, ശറഹ് ഇബ്നു ദഖീഖില്‍ ഈദ്, ശറഹലു‍ല്‍ ഉംദഃ, ത്വഹാവി, ശറഹു മുസ്ലിം, മന്‍സക് ഇബ്നു ജമാഅഃ, ഇഹ്യാഅ്)

ഇവിടെ പറയപ്പെട്ട ഫത് വ പതിനാറാം നൂറ്റാണ്ടിലേയും അതിന് മുമ്പുള്ള കാലത്തേയും സാഹചര്യങ്ങളെ പരിഗണിച്ചിട്ടുള്ളതായിരുന്നുവെങ്കിൽ മത ധാർമ്മികത പാടേ തകർന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്ത്രീ പള്ളി പ്രവേശത്തിന് വേണ്ടി വാദിക്കുകയോ അക്കാര്യത്തിൽ ആശങ്ക വെച്ച് പുലർത്തുകയോ ചെയ്യുന്നവരുടെ മതപരമായ നിലവാരത്തകർച്ചയുടെ ആഴം വ്യക്തമാക്കാൻ വാക്കുകൾ അപര്യാപ്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter