അസ്സലാമുഅലൈക്കും... ഞാനൊരു പള്ളിയിൽ നിസ്കരിക്കാൻ പോയപ്പോൾ കാർപെറ്റിൽ പക്ഷികളുടെ കാഷ്ടത്തിന്‍റെ അടയാളങ്ങൾ ഉള്ള ഭാഗത്താണ് എനിക്ക് നിൽക്കാൻ സ്ഥലം കിട്ടിയത്. ഇങ്ങനെ പക്ഷികളുടെ കാഷ്ടത്തിന്‍റെ അടയാളം(നിറം) മാത്രമുള്ള സ്ഥലത്ത് നിസ്കരിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Mohammed Shihab
Jan 8, 2020
CODE :Fiq9561
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കരിക്കുന്നവന്‍റെ ശരീരം, വസ്ത്രം, നിസ്കരിക്കുന്ന സ്ഥലം എന്നിവ നജസുകളില്‍ നിന്ന് ശുദ്ധിയാവുകയെന്നത് നിസ്കാരത്തിന്‍റെ ശര്‍ത്താണ്. എന്നാല്‍ നജസാണെങ്കില്‍പോലും ചില പ്രത്യേകസാഹചര്യങ്ങളില്‍ പല നജസുകള്‍ക്കും വിട്ടുവീഴ്ച്ച നല്‍കപ്പെടാറുണ്ട്.
നിസ്കരിക്കുന്ന സ്ഥലം പക്ഷികളുടെ കാഷ്ടം കൊണ്ട് വ്യാപകമാവുകയും അതില്‍ നിന്നൊഴിഞ്ഞുനിസ്കരിക്കല്‍ പ്രയാസമാകുകയും ചെയ്താല്‍ പക്ഷിക്കാഷ്ടം ഉണങ്ങിയതാണെങ്കില്‍ അവിടെ നിസ്കരിക്കുന്നതിന് വിട്ടുവീഴ്ച്ചയുണ്ട് (ഫത്ഹുല്‍മുഈന്‍)
അതുപോലെ മുതനജ്ജിസായ വസ്തുവിനെ ശുദ്ധിയാക്കുമ്പോള്‍ നജസിന്‍റെ തടിയുടെ നിറം, മണം, രുചി എന്നീ മൂന്ന് ഘടകങ്ങളും നീങ്ങുന്ന തരത്തിലാണ് ശുദ്ധീകരണം നടത്തേണ്ടത്. വളരെ പ്രയാസമാണെങ്കില്‍ നിറമോ മണമോ ഏതെങ്കിലും ഒന്ന് അവശേഷിച്ചാലും ശുദ്ധിയാവുന്നതാണ്. നിറവും മണവും ഒന്നിച്ച് അവശേഷിച്ചാല്‍ ശുദ്ധയാവില്ല (ഫത്ഹുല്‍മുഈന്‍)
മേല്‍പറയപ്പെട്ട രണ്ടു തരത്തിലും വീട്ടുവീഴ്ച ലഭിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലാണ് പക്ഷിക്കാഷ്ടമെങ്കില്‍ അവിടെ നിസ്കരിക്കാന്‍ പാടില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.