മഗ്‌രിബിനെ ഇഷാഇലേക്ക് പിന്തിച്ചു ജംആക്കിയാല്‍ വീട്ടിലെത്തിയ ഉടനെ മഗ്‌രിബും ഇഷാഉം നിസ്കരിക്കേണ്ടതുണ്ടോ..? ഭക്ഷണമൊക്കെ കഴിച്ചു കുറച്ചു കഴിഞ് നിസ്കരിച്ചാലും മതിയാകുമോ ??
ചോദ്യകർത്താവ്
Farhan
Jan 25, 2020
CODE :Fiq9584
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജംആക്കല്‍ അനുവദനീയമായ നിസ്കാരങ്ങളെ പിന്തിച്ച് ജംആക്കി നിസ്കരിക്കുമ്പോള്‍ രണ്ടാമത്തെ നിസ്കാരം നിസ്കരിച്ച് തീരുന്നത് വരെ അവന്‍ യാത്രയില്‍ തന്നെയായിരിക്കണം എന്ന നിബന്ധനയുണ്ട്. രണ്ട് നിസ്കാരങ്ങളും നിസ്കരിച്ചുകഴിഞ്ഞ ശേഷം മാത്രമേ അവന്‍ നാട്ടിലെത്താന്‍ പാടുള്ളൂ. യാത്ര അവസാനിച്ച് വീട്ടിലെത്തിയ ശേഷം നിസ്കരിക്കുമ്പോള്‍ ആദ്യത്തെ നിസ്കാരം ഖളാആയിട്ടുണ്ടെന്ന് സാരം.
ചോദ്യത്തില്‍ ഉള്ളത് മഗ്’രിബിനെ ഇശാഇലേക്ക് പിന്തിക്കുന്നതിനെ കുറിച്ചാണ്. അപ്പോള്‍ മഗ്’രിബും ഇഷാഉം നിസ്കരിച്ച ശേഷമേ യാത്ര അവസാനിച്ച് നാട്ടിലെത്താവൂ. നാട്ടിലെത്തിയ ശേഷം നിസ്കരിക്കുമ്പോള്‍ മഗ്’രിബ് ഖളാആയിട്ടുണ്ട്.
യാത്ര അവസാനിക്കാത്ത രീതിയില്‍ വഴിയിലെവിടെയെങ്കിലും തങ്ങുന്ന രീതിയിലാണെങ്കില്‍ കുഴപ്പമില്ല. അപ്പോള്‍ തങ്ങുന്ന സ്ഥലത്തെത്തിയ ഉടനെ രണ്ടു നിസ്കാരവും നിസ്കരിക്കണമെന്നില്ല. രണ്ടാമത്തെ നിസ്കാരത്തിന്‍റെ സമയം കഴിയുന്നതിന് മുമ്പ് നിസ്കരിച്ചാല്‍ മതി. പിന്തിച്ച് ജംആക്കി നിസ്കരിക്കുമ്പോള്‍ തര്‍തീബ് അനുസരിച്ച് (ആദ്യം മഗ്’രിബ് പിന്നെ ഇഷാഅ്) നിസ്കരിക്കണമെന്നില്ല. മഗ്’രിബ് നിസ്കരിച്ച ഉടനെ ഇഷാഅ് നിസ്കരിക്കണമെന്നുമില്ല. എന്നാല്‍ മുന്തിച്ച് ജംആക്കി നിസ്കരിക്കുമ്പോള്‍ ഇവ രണ്ടും നിര്‍ബന്ധവും പിന്തിച്ച് ജംആക്കുമ്പോള്‍ സുന്നത്തുമാണ്(ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.