ഞാൻ അബുദാബി നിന്നും ഷാർജ വരെ ബസിലാണ് പോകാറുള്ളത്. ബസ് ഇടയിൽ നിർത്താറില്ല. അപ്പോൾ ഷാർജ എത്തുമ്പോഴേക്കും ഇഷാ ബാങ്ക് കൊടുത്തിട്ടുണ്ടാകും. ബസിൽ വെച്ചു ഞാൻ പിന്തിച്ച് ജംഅ് ആക്കാൻ നിയ്യത് ചെയ്യാറുണ്ട്. ബസ് ഇറങ്ങി ഞാൻ വീട്ടിലേക്ക് എത്തിയാൽ എന്‍റെ മഗ്‌രിബ് ഖളാ ആകുമോ?. അതോ വീട്ടിൽ എത്തുന്നതിനു മുമ്പ് നിസ്കരിക്കൽ നിർബന്ധമാണോ?
ചോദ്യകർത്താവ്
Farhan
Jan 26, 2020
CODE :Fiq9586
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
യാത്രക്കാരന്‍ നിസ്കാരം പിന്തിച്ച് ജംആക്കി നിര്‍വഹിക്കുമ്പോള്‍ രണ്ട് നിസ്കാരങ്ങളും യാത്രക്കിടയില്‍ തന്നെ നിര്‍വഹിക്കപ്പെടണമെന്നതാണ് നിബന്ധന. യാത്രക്കാരനുള്ള ഇളവ് യാത്ര അവസാനിക്കുന്നതോടെ അവസാനിക്കുമെന്നതാണിതിന് കാരണം. സ്വന്തം നാട്ടിലെത്തുന്നതോടെ യാത്രക്കാരന്‍റെ യാത്ര അവസാനിച്ചു. അതിനു മുമ്പായി രണ്ടു നിസ്കാരങ്ങളും നിര്‍വഹിച്ചു കഴിഞ്ഞിരിക്കണം. നാട്ടിലെത്തിക്കഴിഞ്ഞാല്‍ ഒന്നാമത്തെ നിസ്കാരം ഖളാ ആകുന്നതാണ് (തുഹ്ഫ 3/269)
ശാര്‍ജയില്‍ ബസ് ഇറങ്ങി സ്വന്തം പ്രദേശത്തേക്കെത്തുന്നതിന് മുമ്പ് രണ്ട് നിസ്കാരങ്ങളും നിര്‍വഹിക്കാനുള്ള സൌകര്യം ഉണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. അല്ലെങ്കില്‍ അബൂദാബിയില്‍ നിന്ന് മഗ്’രിബ് നിസ്കരിച്ച് യാത്ര തുടങ്ങുകയുമാവാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ