വിഷയം: Niskaram
നിസ്കരിച്ചുകൊണ്ടിരിക്കുന്നയാളുടെ മുന്നിലൂടെ എത്ര അകലം പാലിച്ചു നടക്കാൻ പറ്റും?
ചോദ്യകർത്താവ്
Muhammed
Jul 20, 2020
CODE :Fiq9923
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കരിക്കുന്നവന്‍ തന്‍റെ മുന്നിലുള്ള മൂന്നില്‍രണ്ട് മുഴമോ അതില്‍കൂടുതലോ ഉയരമുളളതും അവന്‍റെ കാലിന്‍റെ മടമ്പില്‍ നിന്ന് മൂന്ന് മുഴത്തേക്കാള്‍ അകലത്തിലല്ലാത്തതുമായ ഒരു മറയിലേക്ക് നേരിട്ടു നിസ്കരിക്കല്‍ സുന്നത്താണ്. അത് ചുമരോ തൂണോ മറ്റോ ആകാം. ഈ നിബന്ധനയൊത്ത മറ ലഭ്യമല്ലെങ്കില്‍ മറയായി ഉയര്‍ന്നുനില്‍ക്കുന്ന ഒരു വടിയോ എന്തെങ്കിലും വസ്തുക്കളോ നാട്ടിവെക്കണം. അതും ലഭ്യമല്ലെങ്കില്‍ മുസ്വല്ല (പടം) വിരിക്കണം. അതിനു സാധ്യമല്ലെങ്കില്‍ തന്‍റെ മുന്നില്‍ മൂന്ന് മുഴത്തില്‍ നീളത്തിലോ വീതിയിലോ ഒരു വര വരക്കണം. നീളത്തില്‍ വരക്കലാണ് ഉചിതം. നിബന്ധനയൊത്ത മറ ലഭ്യമല്ലാത്തപക്ഷം അടുത്ത പടിയിലേക്ക് കടക്കുമ്പോള്‍ മേല്‍പറയപ്പെട്ട ക്രമം പാലിക്കേണ്ടതാണ്. ക്രമത്തില്‍ മുമ്പിലുള്ളതിന് സാധ്യമായിരിക്കെ അതിനു ശേഷമുള്ളത് മറയായി വെച്ചാല്‍ അത് പരിഗണനീയമല്ല(ഫത്ഹുല്‍മുഈന്‍).
മുകളില്‍ പറയപ്പെട്ടതുപോലെ എല്ലാ നിബന്ധനകളുമൊത്ത രീതിയില്‍ തന്‍റെ മുമ്പില്‍ മറ സജ്ജീകരിച്ചു നിസ്കരിക്കുന്നവന്‍റെ മുന്നിലൂടെ (നിസ്കരിക്കുന്നവന്‍റെയും മറയുടെയും ഇടയിലൂടെ) നടക്കല്‍ ഹറാമാണ്. നടക്കുന്നവന് മറ്റുവഴിയൊന്നുമില്ലെങ്കിലും ഇതാണ് വിധി. എന്നാല്‍ വഴിയില്‍ നിസ്കരിക്കുകയോ മുന്നിലെ സ്വഫില്‍ ഒഴിവുണ്ടായിരിക്കെ പിന്നില്‍ നിസ്കരിക്കുകയോ ചെയ്യുന്നതുമൂലം വീഴ്ച വരുത്തിയ നിസ്കാരക്കാരന്‍റെ മുന്നിലൂടെ നടക്കുന്നതിന് വിരോധമില്ല. അപ്പോള്‍ സ്വഫിലെ വിടവിലെക്ക് എത്തുന്നത് വരെ എത്രസ്വഫുകള്‍ ചാടിക്കടന്നും മുന്നിലേക്ക് പോകാവുന്നതാണ്(ഫത്ഹുല്‍മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.