നിസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥനയുടെ അടിസ്ഥാനം എന്ത്?

ചോദ്യകർത്താവ്

mujeeb

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. എല്ലാ സമയത്തും അത് ചെയ്യേണ്ടതാണെങ്കിലും ഉത്തരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളും സമയങ്ങളുമുണ്ടെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. ഏകനായി നടത്തുന്ന പ്രാര്‍ത്ഥനകളേക്കാല്‍ കൂട്ടമായ പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടെന്നതും  വ്യക്തമാണ്. പ്രവാചകര്‍ (സ) പറയുന്നു, ഒരാള്‍ പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവര്‍ അതിന് ആമീന്‍ പറയുകയും ചെയ്തുകൊണ്ട് ഒരു സമൂഹവും ഒരുമിച്ച് കൂടിയിട്ടില്ല, അല്ലാഹു അവര്‍ക്ക് ഉത്തരം നല്‍കിയിട്ടല്ലാതെ (ഹാകിം, ത്വബ്റാനി). പ്രാര്‍ത്ഥനക്ക് സ്വീകാര്യസാധ്യത കൂടുതലുള്ള സമയങ്ങളില്‍ നിസ്കാരശേഷമുള്ള സമയം ഏറെ പ്രധാനമാണ്. അത് ഏത് രൂപത്തിലും ആകാവുന്നതാണ്.  നിസ്കാരശേഷം ചൊല്ലേണ്ടതായി ഹദീസുകളില്‍ ധാരാളം ദിക്റുകള്‍ വന്നിട്ടുണ്ട്. അവയെല്ലാം ചൊല്ലിയ ശേഷം നടത്തുന്ന പ്രാര്‍ത്ഥനക്ക് സ്വീകാര്യസാധ്യത വീണ്ടും കൂടുകയാണ്. അത് കൂട്ടമായി ചെയ്താല്‍ ഒന്ന് കൂടി വര്‍ദ്ദിക്കുന്നു. ഇവയെല്ലാം പരിഗണിച്ചാണ് നമ്മുടെ മുന്‍കാല പണ്ഡിതരൊക്കെ നിസ്കാരശേഷം കൂട്ടുപ്രാര്‍ത്ഥന നടത്തുന്നതും നടത്തണമെന്ന് നമ്മെ ഉപദേശിക്കുന്നതും. മുസ്‌ലിം സമൂഹം കൂട്ടമായി പ്രാര്‍ത്ഥിക്കുന്നതില്‍ ജുതന്മാര്‍ക്ക് ഏറെ അമര്‍ഷമുണ്ടായിരുന്നെന്ന് ഹദീസുകളില്‍ കാണാം. പ്രവാചകര്‍ (സ) പറയുന്നു, ജൂതന്മാര്‍ സലാം പറയുന്നതിന്റെ പേരിലും ആമീന്‍ പറയുന്നതിന്റെ പേരിലും (ഒരാള്‍ പ്രാര്‍ത്ഥിച്ച് മറ്റുള്ളവര്‍ ആമീന്‍ പറയുന്നത്) നിങ്ങളോട് അസൂയപ്പെടുന്ന പോലെ മറ്റൊരു കാര്യത്തിലും അവര്‍ അസൂയപ്പെടുന്നില്ല (ഇബ്നുമാജ). ചുരുക്കത്തില്‍ കൂട്ടുപ്രാര്‍ത്ഥന വിശ്വാസികളുടെ കരുത്താണെന്നും അതിനെ പരമാവധി പ്രോല്‍സാഹിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. അതിന് വിരുദ്ധമായി പ്രചരിപ്പിക്കുന്നതിലൂടെ വലിയ അപകടത്തിലേക്കാണ് നാം അറിയാതെ നീങ്ങുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter