ജുമുഅ നിസ്കാരത്തിനായി മആശിറ വിളിക്കുന്നതിന്‍റെ തെളിവ്‌ എന്ത്? മാന്ത്രിക കളങ്ങള്‍ വരച്ചു കൊണ്ടുള്ള ചികിത്സകള്‍ക്ക് തെളിവുണ്ടോ? മനസാന്നിധ്യമില്ലാതെയോ, പോങ്ങച്ചതിനായോ ചൊല്ലിയാലും സ്വലാത്ത്‌ സ്വീകരിക്കപ്പെടും എന്നത് ശരിയാണോ?

ചോദ്യകർത്താവ്

jabir usman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 1. മആശിറ വിളി എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഖതീബ് മിമ്പറില്‍ കയറുന്നതിനു മുമ്പായി ഒരാള്‍ എഴുന്നേറ്റ് നിന്ന് ജനങ്ങളോട് ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കാന്‍ ഉദ്ബോധിപ്പിക്കലും അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഓതിക്കേള്‍പ്പിക്കലുമാണല്ലോ. തുഹ്ഫ, നിഹായ പോലുള്ള ശാഫി മദ്ഹബിലെ പ്രബലമായ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചതായി കാണാം. ഹജ്ജത്തുല്‍ വിദാഇന്‍റെ വേളയിലെ ഖുതുബ നിര്‍വഹിച്ചപ്പോള്‍ നബി (സ) ഒരു സ്വഹാബിയോട് ജനങ്ങളെ നിശ്ശബ്ദരാക്കാന്‍ കല്‍പ്പിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് സുന്നത്താണെന്ന് ഇബ്നു ഹജറുല്‍ ഹൈതമി (റ) വ്യക്തമാക്കിയിട്ടുണ്ട്. മിര്‍ഖാത്തുല്‍ മഫാതീഹിലും സമാനമായ വിശദീകരണം കണ്ടെത്താവുന്നതാണ്. (തുഹ്ഫ - ബാബു സ്വലാതില്‍ ജുമുഅ, വോല്യം 2, പേജ് 461) 2. ശറഇന്റെ കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായി എല്ലാം അനുവദനീയമാണ്. പ്രവാചകരുടെ നിയോഗത്തിലൂടെ നിഷിദ്ധമായ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തുവെന്നും അതില്‍ നിഷിദ്ധമാവാത്തവയോ നിഷിദ്ധമായവയുടെ കാരണങ്ങളില്ലാത്തവയോ ആയതൊക്കെ അനുവദനീയമാണെന്നുമാണ് അടിസ്ഥാനനിയമം. അനുവദനീയമാണെന്നതിന് തെളിവ് അന്വേഷിക്കുന്നത് തന്നെ ശരിയല്ലെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്. എല്ലാ ചികില്‍സാരീതികളും മറ്റുകര്‍മ്മങ്ങളൊക്കെയും ഈ അടിസ്ഥാനനിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ ശറഅ് നിഷിദ്ധമാക്കിയ വസ്തുക്കളോ ശിര്‍ക് വരുന്ന വിശ്വാസങ്ങളോ കര്‍മ്മങ്ങളോ ഉണ്ടാകുന്നവിധമുള്ളതൊക്കെ നിഷിദ്ധമാണ്,  അത് ചികില്‍സക്ക് വേണ്ടിയാണെങ്കിലും. കളങ്ങള്‍ വരക്കുന്നതിലൂടെ ആ കളങ്ങള്‍ക്ക് സ്വന്തമായി വല്ലതും ചെയ്യാനാവുമെന്നോ അസുഖനിര്‍ണ്ണയത്തിലോ മറ്റോ അവക്ക് വല്ല കഴിവും ഉണ്ടെന്നോ വിശ്വസിച്ചുകൊണ്ടാണെങ്കില്‍ അത് ശിര്‍ക് തന്നെയാണ്, തീര്‍ത്തും നിഷിദ്ധവുമാണ്. സിഹ്റ് എന്നത് ഏഴ് വന്‍ദോഷങ്ങളില്‍ പെട്ടതാണ്. മേല്‍പറഞ്ഞ തരത്തിലുള്ള ചില ചികില്‍സാരീതികളിലൊക്കെ സിഹ്റിന്റെ ഭാഗങ്ങള്‍ വരുന്നതായി പറയുന്നുണ്ട്. അത്തരം അവസ്ഥയാണെങ്കില്‍ അവയും വന്‍ദോഷത്തിന്റെ ഭാഗമാണെന്നതില്‍ യാതൊരു സംശയവുമില്ല. 3. അതെ, മനസ്സാന്നിധ്യമില്ലാതെയാണെങ്കില്‍ പോലും ദിക്റുകളെല്ലാം സ്വീകരിക്കപ്പെടുമെന്ന് انما الأعمال بالنيات എന്ന ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പല ഗ്രന്ഥങ്ങളിലും കാണാം. രിയാഇന് വേണ്ടിയാണെങ്കില്‍പോലും സ്വലാത് ചൊല്ലിയാല്‍ സ്വീകരിക്കപ്പെടുമെന്ന് പല പണ്ഡിതരും പറഞ്ഞതായി ഇമാം സര്‍ഹിന്ദി ഉദ്ധരിക്കുന്നുണ്ട്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.         കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter