ഒരാള്‍ ഫര്‍ള് നിസ്കാരങ്ങള്‍ക്ക് പുറമേ 12 റകഅത് സുന്നത്തും നിസ്കരിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗത്തില്‍ ഒരു വീട് പണിയുമെന്ന് ഹദീസിലുണ്ടല്ലോ? അത് ഒരുമിച്ച് 12 ആണോ നിര്‍വഹിക്കേണ്ടത് ? അതല്ല റവാതീബ് നിസ്കാരമാണോ അത്?

ചോദ്യകർത്താവ്

ABDUL AZEEZ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് പുറമെ ദിവസവും 12 റക്അത് സുന്നത് നിസ്കാരങ്ങള്‍ കൂടി നിര്‍വ്വഹിച്ചാല്‍ അവന് സ്വര്‍ഗ്ഗത്തില്‍ ഒരു വീട് നിര്‍മ്മിക്കപ്പെടും എന്ന് ഹദീസില്‍ കാണാം. ഉമ്മുഹബീബ (റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നതാണ് ഈ ഹദീസ്. അതേ ആശയം ആഇശ (റ)യില്‍നിന്ന് ഇമാം തുര്‍മുദിയും നസാഇയും ഇബ്നുമാജയും നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്, ആരെങ്കിലും രാത്രിയും പകലുമായി 12 റക്അത് സുന്നത് പതിവാക്കിയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, ളുഹ്റിന് മുമ്പ് നാല്, ശേഷം രണ്ട്, മഗ്രിബിന് ശേഷം രണ്ട്, ഇശാക്ക് ശേഷം രണ്ട്, ഫജ്റിന് മുമ്പ് രണ്ട് എന്നിവയാണ് അവ. ഒരേ സമയം പന്ത്രണ്ട് റക്അത് അല്ലെന്നും ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള റവാതിബുകളാണ് മേല്‍പറഞ്ഞ ഹദീസിലെ പരാമര്‍ശമെന്നും വ്യക്തമാണല്ലോ. ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള മേല്‍പറഞ്ഞ റവാതിബുകള്‍ ഏറെ പ്രധാനമാണ്. അവ ജീവിതത്തില്‍ പാലിക്കാന്‍ ഓരോ വിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവയൊക്കെ നിര്‍വ്വഹിക്കുന്നതോടൊപ്പം മറ്റു ഫര്‍ളായ കാര്യങ്ങള്‍ കൂടി നിര്‍വ്വഹിക്കേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സകാത് നിര്‍വ്വഹിക്കാതെയോ നിര്‍ബന്ധമായ മറ്റു കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാതെയോ സുന്നത് നിസ്കാരങ്ങള്‍ മാത്രം നിര്‍വ്വഹിച്ചതുകൊണ്ട് തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഈ ഹദീസ് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല. കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ തൌഫീഖ് ലഭിക്കട്ടെ, ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter