ഒരാള്‍ ഫര്‍ദ് നിസകരിച്ചു യാത്ര ചെയ്ത് മറ്റൊരു ദേശത്ത് എത്തിയത് അതെ നിസ്കാരം തുടങ്ങുന്നതിന് മുമ്പ് ആണെങ്കില്‍ അത് വീണ്ടും നിസ്കരിക്കണോ? ഉദാഹരണം, സുബ്ഹി നിസ്കരിച് നാട്ടില്‍ നിന്ന് യാത്ര തിരിച്ച ആള്‍ അയാളുടെ ലക്ഷ്യത്തില്‍ എത്തിയതിന് ശേഷമാണ് അവിടെ അന്നത്തെ സുബ്ഹി ആയതെങ്കില്‍ അത് വീണ്ടും നിസ്കരിക്കണോ? അതേപോലെ തിരിച്ചു സംഭവിച്ചാല്‍, അതായത് ളുഹ്റ് നിസ്കരിച്ച് യാത്ര തുടങ്ങിയ വ്യക്തി നാട്ടിലെത്തിയപ്പോഴേക്കും മഗ്രിബ് ആയിരുന്നു. എന്നാല്‍ ആ നിസ്കാരം നിര്‍വ്വഹിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ജാബിര്‍ മുഹയിദ്ദീന്‍ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇസ്‌ലാമിലെ മിക്ക ആരാധനകളും സ്ഥലവും സമയവുമായി ഒരു പോലെ ബന്ധപ്പെടുന്നവയാണ്. നിസ്കാരം, നോമ്പ്, ഫിതര്‍ സകാത്ത് തുടങ്ങിയ ഇത്തരം ആരാധനകളെല്ലാം ഒരാള്‍ എവിടെയാണോ അവിടുത്തെ സമയ ക്രമം പാലിച്ചു കൊണ്ടാണ് നിര്‍വ്വഹിക്കേണ്ടത്. അതേ സമയം, ഒരേ സമയ വൃത്തത്തിനുള്ളില്‍ ഒരേ കര്‍മ്മം ഒന്നിലധികം തവണ നിര്‍വ്വഹിക്കേണ്ടതില്ല താനും. ഇതാണ് അടിസ്ഥാന നിയമം. നോമ്പിന്‍റെ കാര്യത്തില്‍ ഈ വിഷയം ഫുഖഹാക്കള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് യാത്ര ചെയ്‌താല്‍ നോമ്പും പെരുന്നാളും അവിടുത്തെ സമയക്രമം പാലിച്ചു കൊണ്ടാണ് നിര്‍വ്വഹിക്കേണ്ടത്. ഇത് പാലിക്കുമ്പോള്‍ ഒരാള്‍ക്ക്‌ 29 നോമ്പ് എങ്കിലും ലഭിക്കണം. നിസ്കാരത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് പൊതു നിയമം. ഒരു തുടക്കവും ഒരു ഒടുക്കവും അടങ്ങിയ ഒരു നിശ്ചിത സമയ ക്രമത്തിനകത്തു ഒരു തവണയാണ് ഒരു നിസ്കാരം നിര്‍ബന്ധമാവുന്നത്. ഭൌമ സഞ്ചാരത്തെ അടിസ്ഥാനമാക്കിയാണ് ഈ സമയ ക്രമങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഒരേ സമയ വൃത്തത്തിനകത്തു ഒരേ നിസ്കാരം ഒന്നിലധികം തവണ നിര്‍വ്വഹിക്കേണ്ടതില്ലെന്നും ഒരു സമയവൃത്തത്തില്‍ ഒരു നിസ്കാരം നിര്‍ബന്ധമായും വേണമെന്നും  ഇതില്‍നിന്ന് മനസ്സിലാക്കാം. ഒരു ഉദാഹരണം നോക്കാം. കാലത്ത്‌ 4:30 നു ജപ്പാനില്‍ നിന്നും സുബ്ഹി നിസ്കരിച്ചു സഊദി അറബിയിലേക്ക് വരുന്ന ഒരാള്‍ 5 മണിക്കൂര്‍ കൊണ്ട് റിയാദില്‍ എത്തി എന്ന് വെക്കുക. (ആറുമണിക്കൂര്‍ സമയ വ്യത്യാസമുള്ള ജപ്പാനില്‍ നിന്നും സഊദിയിലെത്താന്‍ സാധാരണ ഗതിയില്‍  ഒന്‍പതു മണിക്കൂര്‍ സമയമെടുക്കും). അയാള്‍ക്ക്‌ സുബ്ഹി നിസ്കാര സമയം ആരംഭിച്ചുവെങ്കിലും കടന്നു വന്ന ടൈം സോണുകളിലൊന്നും സുബഹിയുടെ സമയം അവസാനിച്ചിട്ടില്ല. ഒടുവില്‍ റിയാദില്‍ ഇറങ്ങുമ്പോള്‍ സുബ്ഹി ആവാന്‍ ഇനിയും സമയം ബാക്കിയുണ്ട് താനും. എന്നാല്‍ ഇനി അയാള്‍ക്ക്‌ രണ്ടാമതും സുബഹി നിസ്കരിക്കേണ്ടതില്ല. കാരണം ഈ ഉദാഹരണത്തില്‍ സുബ്ഹിയുടെ സമയ വൃത്തം രണ്ടു തുടക്കവും ഒരു ഒടുക്കവുമുള്ള ഒന്നാണെന്നു മാത്രം. റിയാദിലെത്തിയതിനു ശേഷമാണ് സുബ്ഹി ആയത് എന്നത് കൊണ്ട് അയാള്‍ക്ക്‌ സുബ്ഹി മടക്കേണ്ടതില്ല. യാത്രയിലായിരിക്കെ   ളുഹര്‍ നിസ്കാര സമയത്ത് ളുഹ്റും അസ്റും ഒന്നിച്ചു ജംആക്കി നിസ്കരിച്ചു കഴിഞ്ഞ ഒരാള്‍ നാട്ടിലെത്തിയ ശേഷമാണ് അസര്‍ ആയതെങ്കില്‍ അയാള്‍ക്ക്‌ വീണ്ടും അസര്‍ മടക്കേണ്ടതില്ല എന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി അയാള്‍ ജപ്പാനില്‍ നിന്നും സുബ്ഹിയുടെ സമയം കഴിഞ്ഞതിനു ശേഷമാണ് യാത്ര ആരംഭിച്ചത് എന്ന് വെക്കുക. റിയാദില്‍ ഇറങ്ങുമ്പോള്‍ സുബ്ഹിയുടെ സമയം ഇനിയും ബാക്കിയുണ്ട് താനും. ഈ ഉദാഹരണത്തിലും അയാള്‍ രണ്ടാമതും സുബ്ഹി നിസ്കരിക്കേണ്ടതില്ല.  കാരണം ഈ ഉദാഹരണത്തില്‍ സുബ്ഹിയുടെ സമയ വൃത്തം ഒരു തുടക്കവും രണ്ടു ഒടുക്കവുമുള്ള ഒന്നാണെന്ന് മാത്രം. ഇവിടെയും ഈ സമയവൃത്തത്തില്‍ ഒരു നിസ്കാരം അദ്ദേഹം നിര്‍വ്വഹിച്ചു എന്നത് തന്നെ കാരണം. എന്നാല്‍, യാത്ര ആരംഭിക്കുന്നിടത്തോ, കടന്നു പോന്ന ടൈം സോണുകളിലോ സുബ്ഹിയുടെ സമയം അവസാനികുകയും സുബ്ഹിയുടെ സമയം ആവുന്നതിനു മുമ്പ് റിയാദില്‍ എത്തുകയും ചെയ്‌താല്‍ അയാള്‍ വീണ്ടും സുബ്ഹി നിസ്കരിക്കണം. കാരണം ഓരോ തുടക്കവും ഓരോ അവസാനവുമുള്ള രണ്ട് വ്യത്യസ്ത സമയ വൃത്തങ്ങള്‍ ഉണ്ടാവുന്നത് കൊണ്ട് ഇവിടെ ഓരോന്നിലും ഓരോ നിസ്കാരം നിര്‍ബന്ധമാവും. ഈ രൂപത്തില്‍ ഒരേ ദിവസം ആറു നിസ്കാരം വരാമെന്നതു ഇവിടെ പ്രശ്നമല്ല. കാരണം ഇവിടെ അവന്‍റെ ഒരു ദിവസം ആറു മണിക്കൂര്‍ കൂടുതല്‍ അടങ്ങിയതാണല്ലോ. ഇനി മേല്‍ഉദാഹരണത്തിന് നേരെ വിപരീതമായി റിയാദില്‍നിന്ന് ജപ്പാനിലേക്ക് ആണ് യാത്രയെങ്കില്‍ അവിടെ സംഭവിക്കുന്നതും മേല്‍പറഞ്ഞതിന്‍റെ നേര്‍വിപരീതമായിരിക്കും. അഥവാ ഓരോ നിസ്കാരത്തിന്‍റെയും സമയവൃത്തങ്ങള്‍ തുടങ്ങിയ ശേഷം അവസാനിക്കുന്നത് വേഗത്തിലായിരിക്കും. അങ്ങനെ വരുമ്പോള്‍ ഓരോ വൃത്തത്തിലും അതതു നിസ്കാരം നിര്‍വ്വഹിച്ചിരിക്കണം. നിസ്കാരങ്ങള്‍ക്കിടയിലുള്ള സമയവ്യത്യാസം കുറവായിരിക്കുമെന്ന് മാത്രം. ഭൌമസഞ്ചാരം ബാധകമായിടത്തെല്ലാം ഇത് തന്നെയാണ് അടിസ്ഥാനനിയമം. അതേ സമയം ഭൌമ സഞ്ചാരം ബാധകമല്ലാത്ത സോണില്‍ (ഉദാഹരണമായി സ്പേസ്, ചന്ദ്രന്‍, ഇതര ഗ്രഹങ്ങള്‍) എത്തുന്ന ഒരാള്‍ താന്‍ ഭൌമ സഞ്ചാര പരിധി വിടുമ്പോള്‍ ഭൂമിയിലെ സമയം കണക്കാകി തന്‍റെ നിസ്കാര സമയം ചിട്ടപ്പെടുത്തണം. 2007 ഒക്ടോബര്‍ മാസം മലേഷ്യന്‍ വംശജനായ ഷെയ്ക്ക്‌ മുസഫര്‍ ശുകൂര്‍ സ്പേസ് സഞ്ചാരം നടത്തിയ വേളയില്‍ മലേഷ്യയിലെ മുസ്‌ലിം ശാസ്ത്രകാരന്മാരും പണ്ഡിതരും ഒന്നിച്ചു ചേര്‍ന്ന ഒരു പണ്ഡിത സമ്മേളനം നടക്കുകയും അതില്‍ ഭൌമോപരിതലത്തിന് പുറത്തു നിസ്കാരം, നോമ്പ് തുടങ്ങിയ ആരാധനകളുമായി ബന്ധപ്പെട്ട കര്‍മ്മ ശാസ്ത്ര വിധികള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ദേശീയ ഫതവ കൌണ്‍സില്‍ "A Guideline of Performing Ibadah at the International Space Station (ISS)" എന്ന പേരില്‍ ഒരു ഗ്രന്ഥവും പുറത്തിറക്കി. കസാകിസ്ഥാനില്‍ നിന്നും യാത്ര ആരംഭിച്ചതിനാല്‍ അവിടത്തെ സമയം കണക്കാക്കിയാണ് ഷേഖ് മുസാഫര്‍ തന്‍റെ നിസ്കാര സമയങ്ങള്‍ അന്ന് ക്രമീകരിക്കുകയുണ്ടായത്. ആരാധനകള്‍ യഥാവിധി പാലിക്കാനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter