പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ മുമ്പ് ആദം നബി (അ) വരെയുള്ള നബിമാരുടെ നിസ്കാരവും മറ്റു ആരാധനകളും എങ്ങിനെ ആയിരുന്നു? ആദം നബിക്ക് മറ്റു നബിമാരെ പോലെ ദീനീ പ്രബോധനം നടത്തേണ്ടി വന്നിട്ടുണ്ടോ?

ചോദ്യകർത്താവ്

ത്വാഹാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുന്‍കാല സമൂഹങ്ങള്‍ക്കും തത്വത്തില്‍ നിസ്കാരമുണ്ടായിരുന്നു എന്നാണ് ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും മനസ്സിലാകുന്നത്. ഇസ്മാഈല്‍ (അ) മിനെകുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത് കാണാം, അദ്ദേഹം തന്‍റെ കുടംബത്തോട് നിസ്കാരം കൊണ്ടും സകാത് കൊണ്ടും കല്‍പിക്കുമായിരുന്നു (സൂറതു മര്‍യം 55). മര്‍യം ബീവിയോട് പടച്ചതമ്പുരാന്‍ ഇങ്ങനെ പറയുന്നതായി കാണാം, മര്‍യമേ, നിന്‍റെ രക്ഷിതാവിന് വേണ്ടി നീ ആരാധിക്കുകയും സുജൂദ് ചെയ്യുകയും റുകൂഅ് ചെയ്യുകയും ചെയ്യുക (ആലുഇംറാന്‍ 43). ഇത്തരം ആയതുകളുടെയും മുന്‍കാല സമൂഹങ്ങളെ കുറിച്ച് പറയുന്ന വിവിധ ഹദീസുകളുടെയും വെളിച്ചത്തില്‍, അവര്‍ക്കും തത്വത്തില്‍ നിസ്കാരമുണ്ടായിരുന്നു എന്നാണ് പണ്ഡിതര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ അവരുടെ നിസ്കാരത്തിന്‍റെ സമയവും രൂപവും നിബന്ധനകളുമെല്ലാം വ്യത്യസ്തമായിരുന്നു. കൃത്യമായി അവരുടെ നിസ്കാരം രൂപം എന്താണെന്ന് എവിടെയും വന്നിട്ടില്ല. അഞ്ച് നിസ്കാരങ്ങള്‍ നമ്മുടെ സമുദായത്തിന്‍റെ പ്രത്യേകതയാണെന്നതും പണ്ഡിതര്‍ പറയുന്നുണ്ട്. അഞ്ച് നിസ്കാരങ്ങള്‍ ഒന്നിച്ച് മുന്‍സമുദായങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നും പല സമൂഹത്തിനും ഓരോ നിസ്കാരം വീതമായിരുന്നു എന്നുമെല്ലാം പണ്ഡിതര്‍ പറയുന്നതായി കാണാം. ആദം (അ) മിന് പ്രബോധനം നടത്താനുണ്ടായിരുന്നത് തന്‍റെ മക്കളോട് തന്നെയായിരുന്നു. ആദ്യപിതാവാണെന്നതിനാല്‍ അദ്ദേഹം വരുന്ന സമയത്ത് ഭൂമിയില്‍ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. ശേഷം അല്ലാഹു സൃഷ്ടിച്ച ഹവ്വാ (അ)മിനും പിന്നീട് അവര്‍ക്ക് ജനിച്ച മക്കള്‍ക്കുമെല്ലാം ദീനീ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടത് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമായിരുന്നു. അത് കൊണ്ട് തന്നെ ആദ്യപിതാവാ ആദം (അ) തന്നെയാണ് ആദ്യനബിയും മുര്‍സലുമെന്നാണ് പണ്ഡിതപക്ഷം. ശേഷം വന്ന ശീസ് (അ)മിനും അക്കാര്യങ്ങള്‍ ഒന്ന് കൂടി സ്ഥിരപ്പെടുത്തുകയും സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമായിരുന്നു ഉണ്ടായിരുന്നത്. സത്യനിഷേധികളെ വിശ്വാസത്തിലേക്ക് ക്ഷണിക്കാന്‍ നിയോഗിക്കപ്പെട്ട ആദ്യ പ്രവാചകന്‍ നൂഹ് (അ) ആയിരുന്നു എന്നാണ് പണ്ഡിതര്‍ പറയുന്നത്. ആദ്യപ്രവാചകന്‍ അങ്ങായിരുന്നല്ലോ, അത് കൊണ്ട് താങ്കള്‍ ശഫാഅത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖിയാമത് നാളില്‍ ജനങ്ങള്‍ നൂഹ് (അ)നെ സമീപിക്കുമെന്ന് ഹദീസില്‍ വന്നതിനെ ഈ അര്‍ത്ഥത്തിലാണ് പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter