അമുസ്ലിംകളോടും മുബ്തദിഉകളോടും സലാം പറയുന്നതിന്‍റെ വിധി എന്ത്? മുബ്തദിഉകള്‍ സലാം പറഞ്ഞാല്‍ മടക്കുന്നതിന്‍റെ വിധി എന്താണ്? അവരുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

അലി അക്ബര്‍, അബ്ദുര്‍റസാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം. വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ. എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്. മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്. ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter