ഗള്‍ഫ് നാടുകളില്‍ പൊതുവെ, വെള്ളിയാഴ്ച ദിവസം ആദ്യ ബാങ്ക് കൊടുക്കുന്നത് യഥാര്‍ത്ഥ സമയത്തിന്‍റെ അരമണിക്കൂര്‍ മുമ്പാണ്. ശേഷം സമയമാവുമ്പോള്‍ രണ്ടാം ബാങ്ക് കൊടുത്ത് നേരെ ഖുതുബ തുടങ്ങുന്നു. ഇങ്ങനെ വരുമ്പോള്‍ ആദ്യബാങ്കിന് ശേഷം ജുമുഅയുടെ സുന്നത് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

മുബശിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅയുടെ സമയം ആകുന്നതിന് ളുഹ്റിന്‍റെ സമയം ആകുമ്പോള്‍ മാത്രമാണ്. ഓരോ ഫര്‍ള് നിസ്കാരത്തിന്‍റെയും മുമ്പുള്ള സുന്നത് നിസ്കാരങ്ങളുടെ സമയം ആകുന്നത് അതതു ഫര്‍ള് നിസ്കാരത്തിന്‍റെ സമയം ആയ ശേഷമാണ്. അത് കൊണ്ട് തന്നെ, വെള്ളിയാഴ്ച ദിവസം യഥാര്‍ത്ഥ സമയത്തിന് മുമ്പ് കൊടുക്കുന്ന ബാങ്ക് കൊടുക്കുന്നതോടെ ജുമുഅയുടെ സുന്നത് നിസ്കരിക്കാവുന്നതല്ല. മറിച്ച്, ളുഹ്റിന്‍റെ യഥാര്‍ത്ഥ സമയം ആയാല്‍ ബാങ്ക് കൊടുത്തില്ലെങ്കിലും അത് നിസ്കരിക്കാവുന്നതുമാണ്. ഗള്‍ഫ് നാടുകളില്‍ ചോദ്യത്തില്‍ പറഞ്ഞത് പ്രകാരമുള്ള സാഹചര്യങ്ങളില്‍ ഏറ്റവും നല്ലത്, ജുമുഅക്ക് മുമ്പുള്ള സുന്നത് നിസ്കാരം ജുമുഅക്ക് ശേഷം നിര്‍വ്വഹിക്കുകയാണ്. മുമ്പുള്ള സുന്നത് നിസ്കാരങ്ങള്‍ ഫര്‍ളിന് ശേഷം നിര്‍വ്വഹിച്ചാലും അദാഅ് തന്നെയാണ്. ഫര്‍ളിന്‍റെ സമയം കഴിയുന്നതോടെ മാത്രമേ അതും ഖളാഅ് ആവുകയുള്ളൂ. ഖുതുബ തുടങ്ങിയാല്‍ അത് ശ്രദ്ധിക്കുകയാണ് വേണ്ടത് എന്നതിനാല്‍ ആ സമയത്ത് സുന്നത് നിസ്കരിക്കാന്‍ നില്‍ക്കാതെ ശേഷത്തിലേക്ക് പിന്തിക്കുകയാണ് ഏറ്റവും നല്ലത്. ഖുതുബ നടക്കുന്ന സമയത്ത് തഹിയ്യത് അല്ലാത്ത മറ്റു സുന്നത് നിസ്കാരം നിര്‍വ്വഹിച്ചാല്‍ അത് ശരിയാവുകയില്ല എന്ന് പോലും പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter