നിസ്കാരത്തില്‍ ഇതര ചിന്തകള്‍ കടന്നുവന്നാല്‍ നിസ്കാരം ബാതിലാവുമോ? " നിസ്കരിക്കുന്നവര്‍ക്ക് നാശം" എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ അത്തരക്കാര്‍ ഉള്‍പ്പെടുമോ?

ചോദ്യകർത്താവ്

അലി അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ ഇതര ചിന്തകള്‍ കടന്നുവരാതെ പൂര്‍ണ്ണമായ ഖുശൂഓടെ നിസ്കരിക്കേണ്ടതാണ്. നിസ്കാരത്തില്‍ മുഴുവനും ഖുശൂഓടെ ആയിരിക്കല്‍ സുന്നതാണെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. ഇതര ചിന്തകള്‍ കടന്നുവരുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്ന് പറയാനാവില്ലെങ്കിലും പ്രതിഫലം ലഭിക്കില്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. നിസ്കരിക്കുന്നവര്‍ക്ക് നാശം എന്ന് സൂറതുല്‍ മാഊനില്‍ പറഞ്ഞതില്‍ വിവിധ അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പ്രകടിപ്പിച്ചതായി കാണാം. ജനങ്ങള്‍ കാണുമ്പോള്‍ നിസ്കരിക്കുകയും അല്ലാത്ത സമയത്ത് അത് വിട്ടുകളയുകയും ചെയ്യുന്ന മുനാഫിഖുകളെയാണ് അതിലുദ്ദേശിക്കുന്നത് ഇബ്നുഅബ്ബാസ് (റ) അടക്കമുള്ള മുഫസിറുകള്‍ പറയുന്നു. നിസ്കാരം യഥാര്‍ത്ഥ സമയത്തെ വിട്ട് ഖളാഅ് ആക്കുന്നവരാണെന്നും, അതല്ല, ആദ്യസമയത്ത് നിര്‍വ്വഹിക്കാതെ അവസാന നിമിഷം വരെ കാത്തിരിക്കുന്നവരാണെന്നും അതല്ല, ഖുശൂഅ് ഇല്ലാതെ, അശ്രദ്ധരായി നിസ്കരിക്കുന്നവരാണെന്നുമെല്ലാം വിവിധ അഭിപ്രായങ്ങള്‍ കാണാവുന്നതാണ്. നിസ്കാരത്തില്‍ ഖുശൂഉം ഏകാഗ്രതയും ലഭിക്കാന്‍ പണ്ഡിതര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഓതുന്നതും ചൊല്ലുന്നതുമെല്ലാം അര്‍ത്ഥം ആലോചിച്ച് നിര്‍വ്വഹിക്കുക, അല്ലാഹുവിന്‍റെ മുമ്പിലാണ് നില്‍ക്കുന്നതെന്ന ചിന്തയുണ്ടായിരിക്കുക, സുജൂദിന്‍റെ സ്ഥലത്തേക്ക് തന്നെ നോക്കുക, റുകൂഉം സുജൂദും ദീര്‍ഘിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞതായി കാണാം. ഇവ മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഖുശൂഓട് കൂടി നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും നാഥന്‍ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter