അസ്സലാമു അലൈക്കും എന്റെ പ്രസവം കഴിഞ്ഞിട്ട് 42 ദിവസമായി രക്തസ്രാവം ഒരു മാസം നല്ലവണ്ണം ഉണ്ടായിരുന്നു ശേഷം 10/12 ദിവസമായി വെളുത്ത ഒരു ദ്രാവകം ഇപ്പോഴും വരുന്നുണ്ട് ചിലപ്പോഴൊക്കെ രക്തത്തിന്റെ അടയാളം ഉണ്ട് താനും . എനിക്ക് എപ്പോള്‍ നിസ്കരിക്കാന്‍ പറ്റും ഇപ്പോള്‍ വരുന്നത് നിഫാസ് രകതം ആണോ ? വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു

ചോദ്യകർത്താവ്

ഉമ്മു ഫാദി

Aug 25, 2016

CODE :

അല്ലാഹുവിന്റെതിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയുംകുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍വര്‍ഷിച്ചുകൊണ്ടിരിക്കട്ട. പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന രക്ത സ്രാവത്തിന് നിഫാസ് അഥവാ പ്രസവ രക്തം എന്ന് പറയപ്പെടുന്നു. ഏറ്റവും കുറഞ്ഞത് ഒരു സെകന്‍റും സാധാരണ ഗതിയില്‍ 40 ദിവസവും കൂടിയാല്‍ 60 ദിവസവുമാണ് അതിന്‍റെ ദൈര്‍ഘ്യം. ഇങ്ങനെ പുറത്ത് വരുന്ന സ്രവം സാധാരണ രക്തമായാലും അല്ലെങ്കില്‍ മഞ്ഞ നിറത്തിലോ കലര്‍പ് നിറത്തിലോ ഉള്ള ദ്രാവകമായാലും നിഫാസ് തന്നെ. ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 60 ദിവസമാണ് നിഫാസിന്‍റെ കൂടിയ ദൈര്‍ഘ്യം എന്ന് പറഞ്ഞുവല്ലോ. ഒരു സ്ത്രീക്ക് 60 ദിവസം കഴിഞ്ഞതിന് ശേഷവും രക്തം കാണുകയാണെങ്കില്‍, ശേഷം കാണുന്നത് ആര്‍ത്തവ രക്തം (ഹൈള്) ആയി കണക്കാക്കേണ്ടതാണ്. അറുപത് ദിവസത്തിന് മുമ്പായി രക്തം നിലക്കുകയും അങ്ങനെ 60 ദിവസം കഴിഞ്ഞതിന് ശേഷം വീണ്ടും രക്തം കണ്ടാല്‍ അതും ഹൈള് തന്നെ. എന്നാല്‍ ഇടക്ക് രക്തം മുറിയുകയും 60 ദിവസത്തിനുള്ളിലായി വീണ്ടും രക്തം കാണപ്പെടുകയും ചെയ്താല്‍, രക്തം നിലച്ച ദിവസങ്ങള്‍ 15 ദിവസത്തേക്കാള്‍ താഴെയാണെങ്കില്‍ നിഫാസായിട്ടും 15 ദിവസത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഹൈള് ആയിട്ടുമാണ് ഗണിക്കേണ്ടത്. ഇത് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം, ഒരു സ്ത്രീ പ്രസവിച്ച ശേഷം 10 ദിവസം കഴിഞ്ഞ് അവളുടെ രക്തം മുറിയികുയും പിന്നീട് പ്രസവിച്ച് ഇരുപത്തിമൂന്നാം ദിവസം വീണ്ടും രക്തം കണ്ടാല്‍, രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തില്‍ താഴെ ആയതിനാല്‍ അത് നിഫാസ് ആയിട്ടാണ് ഗണിക്കേണ്ടത്. പ്രസവിച്ച് 25 ദിവസം കഴിഞ്ഞിട്ടാണ് വീണ്ടും രക്തം കാണുന്നതെങ്കില്‍ രക്തം മുറഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കൂടുതലായതിനാല്‍ അതിനെ ഹൈള് രക്തമായിട്ടാണ് ഗണിക്കേണ്ടത്. അഥവാ പത്താം ദിവസം അവളുടെ നിഫാസ് നിലച്ചു എന്ന് മനസ്സിലാക്കാം. നിഫാസ് രക്തം ഉണ്ടാകുമ്പോള്‍ നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സ്പര്‍ശിക്കല്‍, ഥവാഫ്, സംയോഗം, ഥലാഖ് തുടങ്ങി പലകാര്യങ്ങളും നിഷിദ്ധമാണ്. നിഫാസ് രക്തങ്ങളുടെ ഇടയിലുള്ള ഇടവേളകള്‍ നിഫാസിന്‍റെ ഭാഗമായിട്ടാണ് പരിഗണക്കപ്പെടുക. അതിനാല്‍ മേല്‍പറഞ്ഞതെല്ലാം ഈ സമയങ്ങളിലും നിഷിദ്ധമാണ്. എന്നാല്‍ നിഫാസിന്‍റെയും ഹൈളിന്‍റെയും ഇടയിലുള്ള ഇടവേള ശുദ്ധിയുള്ളതും ആ സമയത്ത് മേല്‍പറഞ്ഞ കാര്യങ്ങളുടെ നിഷിദ്ധം നീങ്ങുന്നതുമാണ്. ഇവിടെ സഹോദരിയുടെ ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത് സോഹദരിക്കുണ്ടായതെല്ലാം നിഫാസ് ഗണത്തില്‍ പെട്ടതാണെന്നാണ്, കാരണം രക്തം മുറിഞ്ഞ ഇടവേള 15 ദിവസത്തിനേക്കാള്‍ കുറവാണല്ലോ. അതിനാല്‍ ഈ കാലമത്രയും നിഫാസുള്ളതിനാല്‍ നിസ്കാരം പോലുള്ളവ പാടില്ല. മുകളില്‍ വിവരിച്ച പോലെ നിഫാസ് മുറിഞ്ഞ് എന്നുറപ്പായാല്‍ സഹോദരിക്ക് നിസ്കാരവും മറ്റു ഇബാദതുകളും നിറവേറ്റാവുന്നതാണ്. അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ (അവലംബം: മഹല്ലി, തുഹ്ഫ, മുഗ്‍നി)

ASK YOUR QUESTION

Voting Poll

Get Newsletter