ഞങ്ങള്‍ ജിദ്ദയിൽ നിന്നും ചില വ്യാഴാഴ്ചകളിൽ ഉംറ നിർവഹിക്കാൻ പോകാറുണ്ട്. മക്കയിലെ ഹറമിൽ വെച്ചുള്ള ഒരു നിസ്കാരത്തിനു മറ്റു പള്ളികളിൽ വെച്ച് നിസ്കരിക്കുന്നതിനെക്കാൾ ഒരു ലക്ഷം ഇരട്ടി കൂലി ഉണ്ടല്ലോ, അത് പരിഗണിച്ച് ഹറമിൽ വെച്ച് നിസ്കരിക്കുന്നതിനു വേണ്ടി ഇഷാ നിസ്കാരം അല്‍പം പിന്തിക്കുന്നത് അനുവദനീയമാണോ?

ചോദ്യകർത്താവ്

അലി അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിസ്കാരം പിന്തിക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഏറ്റവും ശ്രേഷ്ഠമായത് ആദ്യസമയത്ത് തന്നെ ജമാഅതായി നിര്‍വ്വഹിക്കലാണെന്നാണ് മനസ്സിലാകുന്നത്.

ചെറിയ ജമാഅതോടെ ആദ്യ വഖ്തില്‍ നിസ്കരിക്കുന്നതാണോ അതോ വലിയ ജമാഅത്തോടെ പിന്തിച്ച് നിസ്കരിക്കലാണോ കൂടുതല്‍ ശ്രേഷ്ഠം എന്നിടത്ത് ആദ്യസമയത്തുള്ള നിസ്കാരത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതു പോലെ, ജമാഅത്തിനു വേണ്ടി പിന്തിക്കുന്നതിന്‍റെ മസ്അലകളില് ജമാഅത്ത് കിട്ടുമെന്ന് ഉറപ്പോ, ധാരണയോ ഉണ്ടെങ്കില് പിന്തിക്കലാണ് ഉത്തമം. പക്ഷേ, നവവി ഇമാം റൌളയില്‍ പറയുന്നു, ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ആദ്യവഖ്തില്‍ ഒറ്റക്ക് നിസ്കരിക്കുകയും പിന്നീട് ജമാഅതായി നിസ്കരിക്കുകയും ചെയ്യുമ്പോഴാണെന്ന്.

അതു പോലെ മൂന്നു മസ്ജിദുകളിലെ ചെറിയ ജമാഅതാണ് മറ്റുള്ളിടത്തെ വലിയതിനേക്കാള്‍ ഉത്തമം. എന്നാല്‍ ചിലര്‍ ഈ മസ്ജിദുകളില്‍ ഒറ്റക്കു നിസ്കരിക്കുന്നതാണ് മറ്റിടങ്ങളില്‍ ജമാഅതിനേക്കാള്‍ അഫ്ളല്‍ എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പ്രബലാഭിപ്രായം ജമാഅതിനാണ് ശ്രേഷ്ഠത എന്നാണ്. ആദ്യസമയ്തതുള്ള നിസ്കാരത്തിന്‍റെ ശ്രേഷ്ഠതകള്‍ എണ്ണിപ്പറഞ്ഞതില്‍നിന്ന് മനസ്സിലാകുന്നത് അവസാനസമയം ഹറമില്‍ വെച്ച് നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത് ആദ്യസമയത്ത് ജമാഅതായി മറ്റുള്ള പള്ളികളില്‍ നിസ്കരിക്കുന്നത് തന്നെയാണ് എന്നാണ്. ചോദ്യത്തില്‍ പറഞ്ഞരൂപത്തില്‍ ഏറ്റവും ഉത്തമമായത് ആദ്യസമയത്ത് നിസ്കരിക്കുകയും ഹറമില് ചെന്ന ശേഷം വീണ്ടും ജമാഅതോടൊപ്പം നിസ്കരിക്കുകയും ചെയ്യലാണെന്ന്, മേല്‍പറഞ്ഞ ഇമാം നവവി (റ)യുടെ ഉദ്ധരണിയില്‍നിന്ന് മനസ്സിലാക്കാം.

അതോടൊപ്പം, ഇപ്പോള്‍ ചെയ്താല്‍ ഉറപ്പായും ലഭിക്കുന്ന സുന്നത്, പിന്നീട് ലഭ്യമാവാന്‍ സാധ്യതയുള്ള മറ്റൊരു സുന്നതിന് വേണ്ടി ഉപേക്ഷിക്കരുത് എന്നത് ഫിഖ്ഹിന്‍റെ അടിസ്ഥാനനിയമമാണ്. അത് പരിഗണിക്കുമ്പോഴും ആദ്യസമയത്ത് ഹറം അല്ലാത്ത പള്ളികളിലെ ജമാഅതായ നിസ്കാരം തന്നെയാണ് അവസാനവഖ്തിലുള്ള ഹറമിലെ നിസ്കാരത്തേക്കാള്‍ ഉത്തമം.

ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter