അസ്സലാമു അലൈക്കും മഹാനായ ഉവൈസുൽ ഖർനിയുടെ ചരിത്രം കേട്ടു . മാതാവിനെ പരിചരിക്കാൻ വേണ്ടി സ്വദേശമായ യമനിൽ നിന്ന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ കാണാൻ മദീനയിൽ പോവാതിരുന്നവർ.. മഹാനവർകളെ കൊണ്ട് പാപ മോചനത്തെ തേടണമെന്ന് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഉമർ റളിയള്ളാഹു അൻഹുവിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസ്. എന്നാൽ സംശയം മാതാപിതാക്കളെക്കാളും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സ്നേഹിക്കണമെന്നല്ലേ പറയുന്നത് ഇതിൻറെ സാംഗത്യമെന്താണ്.

ചോദ്യകർത്താവ്

Muhammed

Jun 11, 2019

CODE :See9318

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി (സ്വ)യെ സ്നേഹിക്കുകയെന്നാല്‍ നബി (സ്വ) പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച് ജീവിക്കുകയെന്നതാണ്. അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: “ആരെങ്കിലും എന്റെ സുന്നത്തിനെ (അഥവ നബി തങ്ങളുടെ വാക്ക്, പ്രവര്‍ത്തി, അംഗീകാരം എന്നിവയെ) സ്നേഹിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചവനാകും. ഈ രിതിയില്‍ ആരെങ്കിലും എന്നെ സ്നേഹിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്റെ കൂടെയായിരിക്കും“. (തിര്‍മ്മിദി, ത്വബ്റാനി, കിതാബുശ്ശിഫാ, മജ്മഉസ്സവാഇദ്). അല്ലഹുവിനെ സ്നേഹിക്കുയെന്നാല്‍ അതിന്റെ അര്‍ത്ഥം നബി (സ്വ)യെ പൂര്‍ണ്ണമായി അനുസരിച്ച് ജീവിക്കുകയെന്നതാണ്. അല്ലാഹു തആലാ പറയുന്നു: “നബിയേ താങ്കള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവീന്‍, എങ്കില്‍ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും“ (സൂറത്തു ആലു ഇംറാന്‍).

മഹാനായ ഉവൈസുല്‍ ഖര്‍നീ (റ) അല്ലാഹുവിന്റേയും റസൂല്‍ (സ്വ)യുടെ ഇഷ്ടം നേടാന്‍ അവരിരുവരും പറഞ്ഞ കാര്യം അനുസരിക്കുക മാത്രമാണ് ചെയ്തത്. അല്ലാഹു തആലാ പറയുന്നു: “മനുഷ്യരോട് നാം കല്‍പ്പിച്ചു, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യുക. അവര്‍ക്ക് വാര്‍ദ്ധക്യമെത്തിയാല്‍ അവര്‍ക്ക് ഒരു ചെറിയ വിഷമം പോലും വരാത്ത വിധം അവരെ പൊന്നുപോലെ പരിപാലിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക“ (സൂറത്തുല്‍ ഇസ്രാഅ്). നബി (സ്വ)യോട് ചോദിക്കപ്പെട്ടു: “ഏറ്റവും സ്രേഷ്ഠമായ കര്‍മ്മമേതണ്? “ നബി (സ്വ) പറഞ്ഞു: “സമയത്തിന് നിസ്കരിക്കുക“, നബി (സ്വ)യോട് വീണ്ടും ചോദിക്കപ്പെട്ടു: “പിന്നെ ഏതാാണ്“?, നബി (സ്വ) പ്രതിവചിച്ചു: “മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക“, പിന്നെയേതാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവിടന്ന് പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക“ (ബുഖാരി, മുസ്ലിം). ഈ രീതിയില്‍ അല്ലഹുവും റസൂല്‍ (സ്വ)യും കല്‍പ്പിച്ചത് യഥാവിധി ശിരസ്സാവഹിക്കുക മാത്രമാണ് മഹാനവര്‍കള്‍ ചെയ്തത്. എപ്പോഴും അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരുന്നു. വൃദ്ധയായ മാതാവിന് ഒരു വിഷമവും വരാത്ത വിധം പൊന്നു പോലെ നോക്കുകയും ചെയ്തു. അതിനിടിയില്‍ താന്‍ ജീവനേക്കാള്‍ സ്നേഹിക്കുന നബി (സ്വ)യെ മദീനയില്‍ ചെന്നു കാണാന്‍ യമനിലെ മുറാദിലെ ഖര്‍നില്‍ വസിച്ചിരുന്ന അദ്ദേഹത്തന് പല നിര്‍ബ്ബന്ധിത സാഹചര്യങ്ങളാല്‍ കഴിഞ്ഞില്ല.  

അത് മനപ്പൂര്‍വ്വമായിരുന്നില്ല. വൃദ്ധയായ മാതാവിന് ദിവസങ്ങളോളം പരിചരണം മുടങ്ങുകയും അവരെ അത് പ്രയാസപ്പെടുത്തകുയും ചെയ്യുമെന്നും അത് വഴി അല്ലാഹുവിന്റേയും റസൂല്‍ (സ്വ)യുടേയും അതൃപ്തിക്ക് കാരണമാകുമെന്നുമുള്ള ഭയമായിരുന്നു കാരണം. ആ സൂക്ഷ്മത അല്ലാഹു സ്വീകരിച്ചു. ഉവൈസുല്‍ ഖര്‍നി (റ) യെ കണ്ടാല്‍ പാപമോചനത്തന് വേണ്ടി ദുആ ഇരപ്പിക്കണമെന്ന് നബി (സ്വ) സ്വഹാബത്തിനോട് പറയുന്ന തരത്തിലേക്ക് അല്ലാഹുവിങ്കല്‍ മഹാനവര്‍കളുടെ സ്ഥാനം ഉയര്‍ന്നു.

പിന്നീട് യമനില്‍ നിന്ന് ഏത് യാത്രാ സംഘം മദീനയിലേക്ക് വന്നാലും അവരുടെ കൂട്ടത്തില്‍ ഉവൈസു ബിന്‍ ആമിര്‍ (റ) ഉണ്ടോയെന്ന് മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ) അന്വേഷിക്കുമായിരുന്നു.  ഒരിക്കല്‍ ഒരു യമനീ സംഘം വന്നപ്പോള്‍ പതിവു പോലെ ഉമര്‍ (റ) ചോദിച്ചുു: ‘നിങ്ങളുുടെ കൂട്ടത്തില്‍ ഉവൈസു ബിന്‍ ആമിറുണ്ടോ?’, അവര്‍ പറഞ്ഞു: ‘അതേ’, അങ്ങനെ അദ്ദേഹം മുന്നോട്ട് വന്നു. ഉമര്‍ (റ) ചോദിച്ച:. ‘താങ്കള്‍ ഉവൈസ് ബിന്‍ ആമിര്‍ ആണോ’, അദ്ദേഹം പറഞ്ഞു: അതേ, ‘താങ്കള്‍ മുറാദില്‍ നിന്നാണോ?’ അദ്ദേഹം പഞ്ഞു: അതേ, ‘താങ്കള്‍ മുറാദിലെ ഖര്‍നില്‍ നിന്നാണോ?’ അദ്ദേഹം പറഞ്ഞു: അതേ, ‘താങ്കള്‍ക്ക് വെള്ളപ്പാണ്ട് ഉണ്ടായതിന് ശേഷം ഒരു വെള്ളി നാണയത്തിന്റെയത്ര സ്ഥലത്ത് മാത്രം അവശേഷിച്ച് ബാക്കിയെല്ലാം ഭേതപ്പെട്ടതാണോ’, അദ്ദേഹം പറഞ്ഞു: അതേ, ‘താങ്കള്‍ക്ക് മാതാവുണ്ടോ’ അദ്ദേഹം പറഞ്ഞു: അതേ, അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: യമനില്‍ നിന്ന് വരുന്ന സഹകരണ സംഘത്തോടൊപ്പം ഒരിക്കല്‍ നിങ്ങളുടെ അടുത്തേക്ക് ഉവൈസു ബിന്‍ ആമിര്‍ (റ) വരും. അദ്ദേഹം മുറാദിലെ ഖര്‍ന് നിവാസിയായിരിക്കും. അദ്ദേഹത്തിന് വെള്ളപ്പാണ്ടുണ്ടായിരുന്നു. ഒരു വെള്ളി നാണയത്തിന്റെ വട്ടത്തിലൊഴികെ ബാക്കിയെല്ലാം (അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന മൂലം) ഭേതപ്പെട്ടു. അദ്ദേഹം തന്റെ മാതാവിന് ഗുണം ചെയ്യുന്നയാണ്. അദ്ദേഹം വല്ലതും സത്യം ചെയ്ത് പറഞ്ഞാല്‍ അല്ലാഹു ഉടന്‍ സാധിപ്പിച്ച് കൊടുക്കും. അതിനാല്‍ താങ്കള്‍ക്ക് വേണ്ടി അദ്ദേഹത്തെക്കൊണ്ട് പൊറുക്കലിനെത്തേടിക്കാന്‍ താങ്കള്‍ക്ക് കഴിയുകയാണെങ്കില്‍ താങ്കള്‍ അത് ചെയ്യുക’. തുടര്‍ന്ന് ഉമര്‍ (റ) അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ആയതിനാല്‍ താങ്കള്‍ എനിക്കു വേണ്ടി പൊറുക്കലിനെ തേടിയാലും......അദ്ദേഹം ഖലീഫ ഉമര്‍ (റ) വിനു വേണ്ടി പൊറുക്കലിനെത്തേടി. പിന്നീട് ഉമര്‍ (റ) ചോദിച്ചു: ‘താങ്കള്‍ എങ്ങോട്ടാണ് പോകുന്നത്?’ . അദ്ദഹം പറഞ്ഞു: ‘കൂഫയിലേക്ക്’. ഉമര്‍ (റ) ചോദിച്ചുു: ‘കൂഫയിലെ ഗവര്‍ണറോട് താങ്കള്‍ക്ക് അവിടെ ആവശ്യമായ സൌകര്യമൊരുക്കാന്‍ എഴുത്തയക്കട്ടേ’. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ജനങ്ങളില്‍ നിന്ന് അകന്ന് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്... ’

ചോദ്യോത്തര പംക്തിയായതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. അറിവിന്റെ വിഷയത്തില്‍ ഇമാം സഈദു ബിനില്‍ മുസ്യ്യിദ്(റ) വാണ് താബിഉകളുടെ നേതാവെങ്കില്‍ സുഹ്ദിന്റേയും ഇബാദത്തിന്റേയും മേഖലയില്‍ ഉവൈസുല്‍ ഖര്‍നിയാണ് താബിഉകളിലെ ഏറ്റവും സ്രേഷ്ടന്‍. ഉമര്‍ (റ), അലി (റ) തുടങ്ങിയ ധാരാളം സ്വഹാബിളില്‍ നിന്ന് ജ്ഞാനം നുകരുകയും അനേകരിലേക്ക് അത് പകര്‍ന്ന് കൊടുക്കുകയും ചെയ്തിരുന്ന മഹാനവര്‍ളുടെ ആത്മീയ വഴി വ്യത്യസ്ത മശാഇഖുമാരിലൂടെ കൈമാറപ്പെട്ട് വരുന്നുണ്ട്. ഹിജ്റഃ 37 ല്‍ അലി (റ) വിന്റെ നേതൃത്വത്തില്‍ നടന്ന സ്വിഫ്ഫീന്‍ യുദ്ധത്തില്‍ മഹാനവര്‍കള്‍ പങ്കെടുക്കുകയും ആ അടര്‍ക്കളത്തില്‍ ശഹീദാകകകയും ചെയ്തു. ആ യുദ്ധത്തില്‍ അദ്ദേഹം രക്ത സാക്ഷിത്വം കൊതിച്ചിരുന്നു. യൂദ്ധത്തിന് പോകുമ്പോള്‍ അവിടന്ന് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ബര്‍സഖില്‍ ജീവിതവും രിസ്ഖും ലഭിക്കന്ന രക്ത സാക്ഷിത്വം എനിക്ക് നല്‍കേണമേ...’ ശഹീദായി കിടന്ന ആ പൂമേനിയില്‍ വെട്ട്, കുത്ത്, അമ്പൈത്ത് എന്നിവയേറ്റ നാല്‍പതിലധികം മുറിവുകളുണ്ടായിരുന്നു.

(സ്വീഹീഹു മുസ്ലിം, തിര്‍മ്മിദീ, മുസ്തദ്റക്, ശറഹു മുസ്ലിം, ഹില്‍യത്തുല്‍ ഔലിയാഅ്, സിയറു അഅ്ലാമിന്നുബലാഅ്, ഖുത്വുബുല്‍ ഇര്‍ശാദ്, ലിസാനുല്‍ അറബ്...).

അല്ലാഹുവിന്റെ റസൂല്‍ (സ്വ) മദദ് തേടാന്‍ വേണ്ടി ഉണര്‍ത്തുകയും മഹാനായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബത്ത് മദദ് തേടുകയും ചെയ്ത ഉവൈസു ബിന്‍ ആമിര്‍ (റ) ന്റെ മദദ് ഇരു വീട്ടിലും അല്ലാഹു നമുക്ക് നല്‍കട്ടേ....

ASK YOUR QUESTION

Voting Poll

Get Newsletter