വിഷയം: ഇദ്ദ
ത്വലാഖ് കാരണം ഇദ്ദ ഇരിക്കണം എന്ന് അറിയാതെ ഇദ്ദ ഇരുന്നില്ല മറ്റൊരു വിവാഹം കഴിച്ചു.ഇതിന് എന്താണ് പരിഹാരം?
ചോദ്യകർത്താവ്
Mehwish
Oct 1, 2022
CODE :Oth11427
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ആദ്യ ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏൽപ്പെട്ടതിനു ശേഷം ത്വലാഖിനെ തുടർന്ന് വേർപ്പെടേണ്ടി വന്നാൽ മൂന്ന് ശുദ്ധിയുടെ കാലയളവിൽ ഇദ്ദ ഇരിക്കൽ പെണ്ണിന് നിർബന്ധമാണ്(ഫത്ഹുൽ മുഈൻ). ഇദ്ദ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു വിവാഹം സാധുവാകില്ല. അസാധുവായ നിലക്ക് നടന്ന വിവാഹം എത്രയും പെട്ടന്ന് വേർപ്പെടുത്തുകയാണ് വേണ്ടത്. എന്നുവെച്ചാൽ, പ്രസ്തുത ബന്ധം വ്യഭിചാര ബന്ധമായിട്ടാണ് പരിഗണിക്കപ്പെടുക (അറിഞ്ഞും തുടരുന്നത് കുറ്റകരമാണ് ). ഇദ്ദയുടെ കാലയളവ് കഴിഞ്ഞതിനു ശേഷം നടത്തപ്പെടുന്ന വിവാഹമാണ് യഥാർത്ഥ വിവാഹ ബന്ധമായി പരിഗണിക്കപ്പെടുന്നത്. അസാധുവായ വിവാഹത്തിൽ ലൈംഗിക ബന്ധം (അസാധുവാണെന്ന് അറിയാതെ ) നടന്നിട്ടുണ്ടെങ്കിൽ ആദ്യ ഇദ്ദ കഴിഞ്ഞതിനു ശേഷം മറ്റൊരു ഇദ്ദ കൂടി ഇരിക്കൽ പെണ്ണിന് നിർബന്ധമാണ്(ഖുലാസ്വതുൽ ഫിഖ്ഹ്). ഇദ്ദ കഴിഞ്ഞതിനുശേഷം നേരത്തെ കെട്ടിയ പുരുഷനെ (അസാധുവായ വിവാഹ ബന്ധത്തിൽ കെട്ടി പുരുഷനെ ) തന്നെ വേണമെങ്കിൽ വിവാഹം കഴിക്കാവുന്നതുമാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ