വിഷയം: അബോർഷൻ
ചെറിയ ഒരു കുഞ്ഞുണ്ടായിരിക്കെ വീണ്ടും ഗർഭിണി ആയി. അത് അബോർഷൻ ചെയ്തു ഒഴിവാക്കിക്കളയുന്നതിന്റെ വിധി എന്താണ് ? ഇസ്ലാമികപരമായി വലിയ തെറ്റ് ആണോ അത് ?
ചോദ്യകർത്താവ്
Nabeel
Oct 21, 2022
CODE :Oth11611
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
മനുഷ്യ ജീവന് ഏറെ പ്രാധാന്യം നൽകിയ മതമാണ് പരിശുദ്ധ ഇസ്‌ലാം. മനുഷ്യനെ കൊല്ലൽ കുറ്റകരം എന്നതിലുപരി വൻ പാപമായിട്ടാണ് ഇസ്ലാം കാണുന്നത്. നമുക്കിടയിൽ അധിക പേരും ചിലപ്പോൾ കൊലയാളികളായി മാറുന്നുണ്ടോ എന്ന് സംശയികക്കേണ്ടി വരുന്നുണ്ട് ഇന്ന്. പ്രഗ്നൻസി ടെസ്റ്റിങ്ങിലൂടെ പൊസിറ്റീവ് റിസർട്ട് വന്നു കഴിഞ്ഞാൽ, ഗർഭം അലസിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്ന ആളുകൾ നമുക്കിടയിൽ കുറവൊന്നുമല്ല. ജീവൻ നൽകുന്നവനും ജീവൻ എടുത്തു കളയുന്നവനും അല്ലാഹു മാത്രമാണ്. അതിനുള്ള അനുമതി ഏക ഇലാഹ് നമുക്ക് നൽകിട്ടുമില്ല.(അകാരണമായി കൊല്ലുന്നതാണ് പ്രതിപാദ്യ വിഷയം).
കർമശാസ്ത്രപരമായി, എന്നെന്നേക്കുമായി ഇനി ഒരിക്കലും ഗർഭം ധരിക്കാൻ പറ്റാത്ത വിധം ഗർഭം അലസിപ്പിക്കുന്നത് ഹറാമാണ്. എന്നാൽ, എബോർഷൻ ചെയ്ത് താൽക്കാലിമായി ഗർഭം ഒഴിവാക്കിക്കളയുന്നത്, ഗർഭം ചുമന്ന് 120 ദിവസങ്ങൾക്ക് ശേഷമാണങ്കിൽ(റൂഹ് ഊതപ്പെട്ടതിനുശേഷം)ഇതു ഹറാം തന്നെയാണ്. 120 ദിവസങ്ങൾക്ക് മുമ്പാണെങ്കിൽ ഇത് കുറ്റകരവുമല്ല. അബുൽ ഇസ്ഹാബ് അൽ മർവസി(റ)യുടെയും ഇമാം റംലി(റ) യുടെയും അഭിപ്രായമാണിത് . റൂഹുള്ള ജീവിയെ കൊല്ലുന്നതിനാണല്ലോ قتل(കൊല) എന്നു പറയപ്പെടുക. ഗർഭസ്ഥ ശിശുവിന് ജീവൻ നൽകപ്പെടുന്നത് 120 നു ശേഷമായതിനാൽ ഇവിടെ കൊല്ലൽ നടക്കുന്നില്ല എന്നതാണ് ഇവരുടെ ന്യായം. എന്നാൽ ഇബ്നു ഹജർ ഹൈതമി(റ) യുടെ അഭിപ്രായത്തിൽ 120 ദിവസങ്ങൾക്ക് മുമ്പും ഇതു നിഷിദ്ധം തന്നെ. ആകയാൽ, ഗർഭസ്ഥശിശുവിനു 120 ദിവസം പ്രായമായതിനു ശേഷം ഒരിക്കലും അബോർഷൻ ചെയ്യാവുന്നതല്ല. അതിനുമുമ്പ് കുറ്റകരമല്ലെങ്കിലും ചെയ്യാതിരിക്കലാണ് ഉത്തമം. ചെറിയ കുട്ടിയുള്ള സ്ഥിതിക്ക് മറ്റൊരു കുട്ടി ഇപ്പോൾ വേണ്ടാ എന്നുണ്ടെങ്കിൽ ഒരല്പസമയം ഭാര്യ ഭർത്താക്കൾ സൂക്ഷിച്ചു ജീവിക്കുന്നതാണ് ഉത്തമം.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ