വിഷയം: ‍ മകളെ ചുംബിക്കൽ

ചെറുപ്പം മുതൽ തന്നെ താൻ പോറ്റു വളർത്തിയ മകളെ ചുംബിക്കുന്നതിൽ തെറ്റുണ്ടോ ?

ചോദ്യകർത്താവ്

SWALIH M

Oct 30, 2022

CODE :Par11645

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാതും സലാമും സദാ വർഷിക്കട്ടെ .

താങ്കൾ പോറ്റു വളർത്തിയ പെൺകുട്ടി താങ്കളുടെ തന്നെ മകൾ ആണെങ്കിൽ അവളെ ചുംബിക്കുന്നതിൽ തെറ്റില്ല. അതു നല്ലതുമാണ്. പിതൃ സ്നേഹം   മക്കൾ അനുഭവിച്ചറിയേണ്ടതുണ്ട്. അതു കിട്ടാതിരിക്കുമ്പോൾ ആണ് കുട്ടികൾ വഴി തെറ്റി പോകുന്നതും വലുതായാൽ മാതാപിതാക്കളെ വേണ്ടതു പോലെ പരിഗണിക്കാതെ വീട്ടിൽ നിന്നു പുറത്താക്കുകയും  അവരോട് അനിഷ്ടം കാണിക്കുകയും ചെയ്യുന്നത്. മകൾക്ക് പ്രായം കൂടുന്തോറും പിതാവിനും പ്രായം കൂടുന്നുണ്ട് എന്ന് തിരിച്ചറിയണം. എത്ര വലുതായാലും മകൾ/മകൻ പിതാവിൻറെ മകൾ/മകൻ അല്ലാതിരിക്കില്ല. കല്യാണം കഴിപ്പിച്ചു ഭർത്താവിനോടൊപ്പം പറഞ്ഞയച്ചിട്ടുണ്ടെങ്കിലും മകൾ ഉപ്പയെ കാണാനായി വീട്ടിൽ വരുമ്പോൾ അവളെ വാൽസല്യത്താൽ ചുംബിക്കുന്നതും മാറോടു ചേർത്തു പിടിക്കുന്നതും നല്ല ബന്ധത്തിൻറെ അടയാളങ്ങളാണ്. മകൾ ഫാത്തിമ(റ) വന്നു എന്നറിഞ്ഞാൽ പിതാവായ തിരു നബി (സ്വ) എഴുന്നേറ്റു നിൽക്കുകയും അവളെ ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് മഹതി ആയിഷ(റ) പറയുന്നതായി ഇമാം തുർമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഒരു പിതാവും മകളും എങ്ങനെയായിരിക്കണം എന്നതിനുള്ള ഉത്തമ മാതൃക വരച്ചു കാണിക്കുകയാണ് ഇവിടെ.

എന്നാൽ, താങ്കൾ പോറ്റു വളർത്തിയ കുട്ടി വെറും വളർത്തു പുത്രി മാത്രമാണെങ്കിൽ (താങ്കളുടെയോ താങ്കളുടെ ഭാര്യയുടെയോ  മകളല്ലെങ്കിൽ) കുട്ടിക്ക് രണ്ടു വയസ്സ് തികയുന്നതിനു മുമ്പ് താങ്കളുടെ ഭാര്യ പരിഗണനീയമായ രീതിയിൽ  മുലയൂട്ടിട്ടുമില്ലെങ്കിൽ അവളെ പിന്നീട് ചുംബിക്കുന്നതും കാണുന്നതും ഒക്കെ  നിഷിദ്ധമാണ്. അപ്പോൾ അവൾ അന്യ സ്തീയുടെ പരിധിയിൽ  പെട്ടു എന്നതു തന്നെ കാരണം.  പോറ്റു വളർത്തിയതിന്റെ പ്രതിഫലം പടച്ച റബ്ബ് താങ്കൾക്ക്  തരാതിരിക്കുകയുമില്ല. പരിഗണനീയമായ രീതിയിൽ താങ്കളുടെ ഭാര്യ കുട്ടിക്ക് മുലപ്പാലൂട്ടിട്ടുണ്ടെങ്കിൽ താങ്കൾ ആ കുട്ടിയുടെ മുലകുടി ബന്ധത്തിലുള്ള പിതാവായി മാറുന്നതിനാൽ അവളെ പിന്നെ കാണുന്നതിലും ചുംബിക്കുന്നതിൽ തെറ്റില്ല. 

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter