ഭാര്യയുടെ അനുജത്തിയെ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ വിവാഹം കഴിക്കാന്‍ പടില്ലല്ലോ അപ്പോള്‍ അത് മഹ്രമാണോ ? അവരെ കാണുന്നതിനു വിരോധമുണ്ടോ ? അവരുടെ ഔറത് എന്താണ് ?
ചോദ്യകർത്താവ്
ഹംസ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ജീവിതത്തിലൊരിക്കലും ഒരു നിലക്കും വിവാഹം കഴിക്കല്‍ അനുവദനീയമല്ലാത്തവരെയാണ് മഹ്റം എന്നു പറയുന്നത്. ഭാര്യയുടെ മരണ ശേഷമോ അവളുമായി വിവാഹ ബന്ധം ഒഴിവായതിനു ശേഷമോ ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കല്‍ അനുവദനീയമായതിനാല്‍ ഭാര്യയുടെ അനുജത്തി മഹ്റമാവില്ല. അന്യ സ്ത്രീ തന്നെയാണ്. അവളുടെ ശരീരം മുഴുവന്‍ ഔറതാണ്. അവളെ സ്പര്‍ശിക്കാന്‍ പറ്റില്ല.
ഭാര്യയുടെ അനുജത്തിയെ പോലെ താല്‍ക്കാലികമായി വിവാഹ ബന്ധം നിഷിദ്ധമായവര്‍ വേറെയുമുണ്ട്. ഭര്‍ത്തൃമതികളായ എല്ലാ സ്ത്രീകളും ഈ പരിധിയില്‍ വരും. ഭാര്യയെ ഒരു ആണായി സങ്കല്‍പിച്ചാല്‍ അവള്‍ക്കു മഹ്റമായി വരാവുന്ന എല്ലാ സ്ത്രീകളും തഥൈവ. ഉദാഹരണത്തിനു അവളുടെ പിതാവിന്‍റെയും മാതാവിന്‍റെയും സഹോദരിമാര്‍.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.