അസ്സലാമു അലൈക്കും, ഭർത്താവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നിരന്തരമായ പീഡനങ്ങൾ കാരണം മനസ്സ് തെറ്റി മാനസിക രോഗിയായ ഒരു സഹോദരിക്ക് ഭർത്താവിൽ നിന്ന് വിവാഹ മോചനം ആഗ്രഹിക്കുന്നു..ഇതിന് എന്താണ് ഇസ്ലാമികമായി ചെയ്യേണ്ടത്..അവനുമായി ഇനി ഒരു നിമിഷം പോലും ബന്ധം തുടരാൻ കഴിയില്ലെന്ന് അറിയിച്ച സഹോദരിയെ, അവനിക്ക് വേണ്ടി മധ്യസ്ഥൻമാർ അവളോട് വീണ്ടും സംസാരിക്കാൻ അവസരം കൊടുക്കാൻ നിർബന്ധിക്കുന്നു.അവൾക്ക് ഒട്ടും താൽപര്യമില്ല.. ശരീഅത്ത് അങ്ങിനെ നിർബന്ധിക്കുന്നുണ്ടോ..?
ചോദ്യകർത്താവ്
Sharaf Ahsan
Jul 6, 2019
CODE :Par9344
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഈ വിഷയം അല്‍പം വിശദീകരണമര്‍ഹിക്കുന്നുണ്ട്. ഒന്നാമാതായി, ഒരാളെയും ശാരീരികമായോ മാനസികമായോ പീഢിപ്പിക്കാന്‍ ആര്‍ക്കും അധികാരം നല്‍കപ്പെട്ടിട്ടില്ല. അല്ലാഹു തആലാ ഖുദ്സിയ്യായ ഹദീല്‍ പറയുന്നു: ‘ഞാന്‍ എന്റെ മേല്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു. അതിനെ ഞാന്‍ നിങ്ങള്‍ക്കിടയിലും ഹറാമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം ഉപദ്രവിക്കരുത്’ (സ്വഹീഹ് മുസ്ലിം). അല്ലാഹു തആലാ പറയുന്നു: ‘നിങ്ങളിലാരെങ്കിലും മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ ഭീകരമായ ശിക്ഷ നാം അവനെ അനുഭവിപ്പിക്കും’ (സൂറത്തുല്‍ ഫുര്‍ഖാന്‍). അല്ലാഹു തആലാ പറയുന്നു: ‘മറ്റുള്ളവരെ ഉപദ്രവക്കുന്നവര്‍ക്ക് വേണ്ടി തീര്‍ച്ചയായും നാം ഒരുക്കി വെച്ചിരിക്കുന്നത് നരാകാഗ്നിയാണ്. അതിന്റെ ചുറ്റുമതിലുകള്‍ക്കുള്ളില്‍ (രക്ഷപ്പെടാന്‍ കഴിയാത്ത വിധം) അവര്‍ അകപ്പെടും. ദാഹം സഹിക്കാതെ അവര്‍ വെള്ളത്തിന് വേണ്ടി കേഴുമ്പോള്‍ ലോഹം ഉരുക്കിയ ചുടു വെള്ളവും ചീഞ്ചലവും അവര്‍ക്ക് നല്‍പ്പെടും. അത് കുടിക്കുന്നതോടെ അവരുടെ മുഖം വെന്തു പോകും’ (സൂറത്തുല്‍ കഹ്ഫ്). അല്ലാഹു തആലാ പറയുന്നു: ‘മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ക്ക് നാളെ ആഖിറത്തില്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു സഹായിയോ അല്ലാഹുവിനോട് ശുപാര്‍ശ നടത്തുവാന്‍ പറ്റിയ ശുപാര്‍ശകനോ ഉണ്ടാകില്ല’ (സൂറത്തു ഗാഫിര്‍). അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: ‘അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം ആ പ്രാര്‍ത്ഥനക്കും അല്ലാഹുവിനും ഇടയില്‍ യാതൊരു മറയുമില്ല (അഥവാ ആ പ്രാര്‍ത്ഥന ഉടന്‍ സ്വീകരിക്കപ്പെടും) ’ (സ്വഹീഹുല്‍ ബുഖാരീ).
രണ്ടാമതായി, ഭാര്യയോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറാനാണ് ഇസ്ലാം കല്‍പ്പിക്കുന്നത്. അവരെ വേലക്കാരിയായോ അടിമയായോ തന്റെ കലിപ്പ് തീര്‍ക്കാനുള്ള ഉപകരമായോ വികാരം ശമിപ്പിക്കാനുള്ള മൃഗമായോ തന്റെ ഏത് ഇംഗിത്തിനും നിരുപാധികം വഴങ്ങേണ്ട പാഴ് ജന്മമായോ അല്ല ഇസ്ലാം കാണുന്നത്. മറിച്ച് അല്ലാഹു തആലാ പറയുന്നു: പുരുഷന് മനസ്സമാധാനം ലഭിക്കാനായി അല്ലാഹു സൃഷ്ടിച്ച ദൃഷ്ടാന്തമാണ് ഭാര്യമാര്‍ (സൂറത്തുര്‍റൂം). അല്ലാഹു തആലാ വീണ്ടും പറയുന്നു: ഭാര്യമാരോട് നല്ല നിലയില്‍ നിങ്ങള്‍ പെരമാറുക, അവരില്‍ നിന്ന് അനിഷ്ടകരമായ വല്ലതും സംഭവിച്ചാല്‍ അത് സഹിച്ചും പൊറുത്തും അഡ്ജസ്റ്റ് ചെയ്തും ദാമ്പത്യം മുന്നോട്ട് കൊണ്ട് പോയാല്‍ അല്ലാഹു നിങ്ങള്‍ക്ക് വലിയ ഖൈര്‍ പ്രദാനം ചെയ്യും (സൂറത്തുന്നിസാഅ്). അല്ലാഹുവിന്റെ റസൂല്‍ (സ്വ) ഭര്‍ത്താക്കന്മാരോട് അരുള്‍ ചെയ്തു: ഭാര്യമാരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം അല്ലാഹുവാണ് അവരെ നിങ്ങളുടെ കയ്യില്‍ വിശ്വസിച്ചേല്‍പ്പിച്ചത്.. (സ്വഹീഹ് മുസ്ലിം). നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളില്‍ സ്വന്തം ഭാര്യയോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവനാണ്. ഞാന്‍ എന്റെ ഭാര്യമാരോട് ഏറ്റവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവനാണ് (തിര്‍മ്മിദി, ഇബ്നു മാജ്ജഃ).
ഈ രീതിയില്‍ ഭാര്യയുടെ മേല്‍ ധാരാളമായി നന്മയും സ്നേഹം ചൊരിയാനാണ് അല്ലാഹുവും റസൂല്‍ (സ്വ)യും ഭര്‍ത്താക്കന്മാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത് പോലെത്തന്നെ ഒരു ഭാര്യ എങ്ങനെ തന്റെ ഭര്‍ത്താവിന്റെ ജീവിതത്തിലെ വസന്തമായി പൂത്തുലയണം എന്നും പരിശുദ്ധ ഇസ്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്. വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഏതൊരു ആണും പെണ്ണും അക്കാര്യത്തിലെ തങ്ങളോടോരോരുത്തരോടുമുള്ള ശര്‍ഇന്റെ വിധിവിലക്കുകള്‍ നന്നായി മനസ്സിലാക്കാതെ വെറും ഒരു ഇണ ചേരലിനുള്ള ഉപാധിയായി വിവാഹത്തെ കാണുന്നത് കൊണ്ടാണ് പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകയുന്നത്. യഥാര്‍ത്ഥത്തില്‍ ധര്‍മ്മ നിഷ്ഠവും സന്തോഷ ദായകവും സ്നേഹ സമൃദ്ധവുമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് അല്ലാഹു തആലാ കുട്ടിയിണക്കുന്ന പരിപാവനമായ ഒരു ഉടമ്പടിയാണത് എന്ന തിരിച്ചറിവുണ്ടായാലേ അത് ആര് വിചാരിച്ചാലും ഏത് സാഹചര്യത്തിലും ശിഥിലമാകാതെ സുദൃഢമായി നിലനില്‍ക്കുകയുള്ളൂ. ബന്ധങ്ങളിലെ മൂല്യങ്ങള്‍ മനസ്സുകളില്‍ നിന്നകന്ന് കേവലം പുസ്തകത്താളുകളിലും പ്രഭാഷണങ്ങളിലും വ്യക്തിത്വ വികാസ പരിശീലനങ്ങളിലും വാട്സാപ്പു് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും മാത്രം കുടിയിരുത്തപ്പെട്ട ഇക്കാലത്ത് മാതാപിതാക്കളും ഗുരുനാഥന്മാരും സുഹൃത്തുക്കളും ഏറേ ജാഗ്രത പാലിച്ചെങ്കിലേ വിവാഹം എന്ന മഹത്തായ കര്‍മ്മം പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു റിയാലിറ്റീ ഷോ എന്ന ചിന്താഗതിയില്‍ നിന്ന് മാറ്റി ഒരിക്കലും പിരിയാത്ത വിധം ഒന്നാകുന്ന ധര്‍മ്മ പതിയും പത്നിയുമെന്ന ഉല്‍കൃഷ്ഠ തലത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയുകയുള്ളൂൂ..
അതു കൊണ്ട്, നിലവില്‍ ഈ ഭര്‍ത്താവിനോട് ഇസ്ലാമിന്റെ ഈ വിധിവിലക്കുകളോരോന്നും ഓര്‍മ്മിപ്പിക്കുയും അദ്ദേഹം ശാരീരികമായോ മാനസികമായോ ഭാര്യയെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ (നേരത്തേ സൂചിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ അതി കഠിനമായ ശിക്ഷയെ ഭയന്ന്) അവരോട് നിരുപാധികം മാപ്പ് ചോദിച്ച് അവരെ തന്റെ സഹധര്‍മ്മിണിയായി തന്റെ ജീവിതത്തിലേക്ക് സ്നേഹത്തോടെയും സന്തോഷത്തോടെയും തിരികെ വിളിക്കാന്‍ പറയുകയും ചെയ്യണം. അതിന് അദ്ദേഹത്തിന് കഴിയില്ലെങ്കില്‍ അഥവാ നിലവിലെ ദുരനുഭവം തുടര്‍ന്നു കൊണ്ടും ഭാര്യുയുടെ നോമ്പരം കേള്‍ക്കാതെയും കല്യാണം കഴിച്ച പുരുഷന്‍ എന്ന മേല്‍വിലാസത്തില്‍ നിര്‍ബ്ബന്ധിച്ച് കൂടെ കൂട്ടുകയാണ് ഉദ്ദേശ്യമെങ്കില്‍ ആ നിര്‍ബ്ബന്ധത്തിന് വഴങ്ങി വിധിയെ പഴിച്ച് ജീവിക്കേണ്ട യാതൊരു സാഹചര്യവും പരിശുദ്ധ ഇസ്ലാമിലില്ലെന്ന് അടിവരയിട്ട് മനസ്സിലാക്കുക.
ചോദ്യത്തില്‍ സൂചിപ്പിക്കപ്പെട്ടത് പോലെ ഭര്‍ത്താവിന്റെ പീഢനം കാരണം ഭാര്യ മാനസിക രോഗിയായിട്ടുണ്ടെങ്കില്‍ അത് ഏറേ വേദനാജനകവും ഭര്‍തൃ ധര്‍മ്മത്തിന് നിരക്കാത്തതുമാണ്. ഇത്തരം ഘട്ടങ്ങളില്‍ രണ്ടു കാര്യങ്ങളിലൊന്ന് ഭാര്യക്ക് തിരഞ്ഞെടുക്കാം. ഒന്നുകില്‍ ആ ഭര്‍ത്താവില്‍ നന്മ പ്രതീക്ഷിച്ചു കൊണ്ട് അദ്ദേഹത്തിന്റ കൂടെ ഒത്തു പോകാന്‍ സാധിക്കുമെങ്കില്‍ അതിന് സന്നദ്ധയാകുക. അല്ലാഹു വലിയ ഖൈര്‍ പ്രദാനം ചെയ്യും. എന്നാല്‍ അങ്ങനെ സാധിക്കില്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുക. ഇത് രണ്ടു വിധമാകാം. ഒന്നുകില്‍ മറ്റുള്ളവരുടെ സഹായത്തോടെയോ മറ്റോ വിവാഹ മോചനം നടത്താന്‍ (ത്വലാഖ് ചൊല്ലാന്‍) വേണ്ടി ഭര്‍ത്താവിനെ പ്രേരിപ്പിക്കാം അല്ലെങ്കില്‍ മൂല്യമുള്ള വല്ലുതും ഭര്‍ത്താവിന് കൊടുത്തിട്ട് അതിന് പകരമായി അദ്ദേഹത്തോട് നേരിട്ട് വിവാഹ മോചനം ആവശ്യപ്പെടാം, ഇതിന് ഖുല്‍അ് എന്നാണ് പറയുക. ഇങ്ങനെ ഖുല്‍അ് ചെയ്താല്‍ അത് മൂന്ന് ത്വലാഖിന് തുല്യമാകും (ഫത്ഹുല്‍ മുഈന്‍). സ്നേഹവും സന്തോഷവും ആശ്വാസവും നല്‍കി തന്റെ പ്രിയതമയായി നിലനിര്‍ത്താന്‍ ഭര്‍ത്താവിന് താല്‍പര്യമില്ലെങ്കില്‍ അവരെ മാന്യമായി മൊഴി ചൊല്ലി സ്വസ്ഥമായി ജീവിക്കാനനുവദിക്കണം. ഇത് വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനമാണ് (സൂറത്തുല്‍ ബഖറഃ). എന്നാല്‍ പീഢനം അവസാനിപ്പിക്കുന്നില്ല, അതോടൊപ്പം വേര്‍പിരിയാന്‍ അനുവദിക്കുന്നുമില്ല എന്ന സ്ഥിതിയാണെങ്കില്‍ യഥാക്രമം മാതാപിതാക്കളേയോ കുടുംബത്തിലേയും നാട്ടിലേയും കൈകാര്യ കര്‍ത്താക്കളേയോ ഖാളിയേയോ കോടതിയേയോ സമീപിച്ച് ത്വലാഖിനോ ഖുല്‍ഇനോ അവസരമുണ്ടാക്കാവുന്നതാണ്.
ചുരുക്കത്തില്‍ വിവാഹിതയായ ഒരു സ്ത്രീയും കൈപ്പാര്‍ന്ന അനുഭവങ്ങളും സദാ കണ്ണീരുമായി നരക ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കകുയോ നിര്‍ബ്ബന്ധിക്കുകയോ അനുവദിക്കുകയോ ചെയ്യന്നില്ല. ഈ വിഷയത്തില്‍ ഭര്‍ത്താക്കാന്മാര്‍ക്ക് ഇസ്ലാം നല്‍കിയ നിര്‍ദ്ദേശം ഇപ്രകാരമാണ്: ‘അവരെ (ഭാര്യമാരെ) ഒന്നുകില്‍ നല്ല രീതിയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ അവരെ മാന്യമായി വേര്‍പിരിയാനനുവദിക്കുക’ (സൂറത്തുല്‍ ബഖറഃ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.