ഉസ്താദേ , മനുഷ്യന്റെ മനസ്സ് പൊതുവെ വളരെ ദുർബലമാണല്ലോ , എപ്പോഴും ഏത് സാഹചര്യത്തിലും മനസ്സ് മോശപെട്ടതിൽക് പോവാതെ ഇരിക്കാൻ ചെറുപപം മുതൽ മക്കൾക്ക് ചൊല്ലാൻ ഉള്ള ദിക്ർ അല്ലെങ്കി ആയത് പറഞ്ഞു തരുമോ ? ഇന്നത്തെ കാലത്തു കയ്യിൽ കിട്ടുന്നത് മൊബൈൽ,കാണുന്നത് മോശം കാര്യങ്ങൾ , കണ്ണില്ലാതെ ജീവികുനതാ നല്ലതെന്ന് തോന്നിപ്പോകുന്ന ചുറ്റുപാട് , വഴി തെറ്റിക്കുന്ന സ്ത്രീകൾ അല്ലെങ്കി പുരുഷന്മാർ , മക്കളെ വളർത്താൻ പേടി ആവുന്ന കാലം , പത്രം തുറന്നാൽ മോശം പരസ്യം , വാർത്ത , നമ്മുടെ കണ്മുന്നിൽ നിന്ന് മക്കൾ സ്കൂളിൽ പോകുമ്പോ ആകെ വേവലാതി .. ഒരു പ്രാർത്ഥന പറഞ്ഞു തരാമോ ...
ചോദ്യകർത്താവ്
munna
Jul 31, 2019
CODE :Abo9383
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ദുആ ഇരന്നാൽ ആ പ്രാർത്ഥന അല്ലാഹു ഉത്തരം ചെയ്യാതെ മടക്കില്ലെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ബൈഹഖീ). അതിനാൽ മക്കളുടെ നന്മക്ക് വേണ്ടി മാതാപിതാക്കൾ നടത്തുന്ന ദുആ അല്ലാഹു സ്വീകരിക്കും. പക്ഷേ അത് ആത്മാർത്ഥമായിരിക്കണമെന്നു മാത്രം. അതിന് ആദ്യം മക്കളെ അല്ലാഹുവിന് വേണ്ടി സ്നേഹിക്കണം. അല്ലാഹുവിന് വേണ്ടി അവരെ മര്യാദ പഠിപ്പിക്കണം. ഏഴു വയസ്സായാൽ നിസ്കാരം കൊണ്ടും നോമ്പു കൊണ്ടും കൽപ്പിക്കുകയും പത്തു വയസ്സായാൽ അതിന്റെ പേരിൽ ശിക്ഷണത്തിിന്റെ ഭാഗമായി മുറിവേൽക്കാത്ത അടി അടിക്കകുയും വേണം. അല്ലാഹുവിനെ മക്കളേക്കാൾ മുന്തിക്കുകയും മക്കളെ അവരുടെ എല്ലാ കാര്യങ്ങളിലും അല്ലാഹവിനെ പരിഗണിക്കാൻ പഠിപ്പിക്കുകയും ചെയ്യുണം. മക്കൾ അല്ലാഹുവിന്റെ വിധിവിലക്കുകൾ ധിക്കരിക്കുന്നത് കാണുമ്പോൾ അവരെ ഗുണദോഷിക്കാൻ അവർ നമ്മെ വെറുക്കുമോയെന്ന ചിന്ത തടസ്സമാകരുത്. അവരെ സമ്പത്ത് ധൂർത്തടിക്കാൻ അനുവദിക്കാതിരിക്കുകയും ലാളിത്യം പരിശീലിപ്പിക്കുകയും ചെയ്യണം. അല്ലാഹുവിനെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും സജ്ജനങ്ങളെക്കുറിച്ചും നിരന്തരമായി അറിയുവാനും അനിസ്ലാമിക കാര്യങ്ങളെ കാണുകയും കേൾക്കുകയും ചെയ്യുന്നതിനെ തടയാനുമുള്ള സംവിധാമുണ്ടാക്കണം. നല്ല കൂട്ടുകെട്ടിനെ പ്രോത്സാഹിപ്പിക്കുകയും ചീത്ത കൂട്ടു കെട്ട് അവസാനിപ്പിക്കുകയും ചെയ്യുണം. ദീനീ സംരംഭങ്ങളിലും സദസ്സുകളിലും ഭാഗഭാഗാക്കാകാൻ പ്രേരിപ്പിക്കണം. എന്തു ത്യാഗവും സഹിച്ച് അറിവ് നേടാനുള്ള സാഹചര്യമൊരുക്കണം. സഹജീവി സ്നേഹവും പരോപകാര സ്വഭാവവും അവരിൽ വളർത്തിയെടുക്കണം. എപ്പോഴും അല്ലാഹു അവരെ നിരീക്ഷിക്കുന്നുണ്ടെന്നും അവരുടെ വാക്കുകളും പ്രവൃത്തികളും മലക്കുകൾ രേഖപ്പെടുത്തുന്നുണ്ടെന്നും എത്ര ചെറിയ തിന്മ ചെയ്താലും നാളെ അല്ലാഹുവിന്റെ മുന്നിൽ അതിന് വിചാരണ നേരിടേണ്ടി വരുമെന്നും അവരെ ബോധ്യപ്പെടുത്തണം. പെരുമാറ്റത്തിലും ലാളിത്യത്തിലും ആരാധനയിലും വിശ്വാസത്തിലും മാതാപിതാക്കൾ മക്കൾക്ക് മാതൃക കാണിക്കണം. ചുരുക്കത്തിൽ വീ്ട്ടിനകത്തും പുറത്തും അവരുടെ സാഹചര്യങ്ങളെ പൈശാചിക മുക്തമാക്കാൻ പരമാവധി ശ്രമിക്കണം. മൊബൈലും ടാബുമൊക്കെ ആവശ്യത്തിന് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരറിയാതെ അവരുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ച് നല്ല രീതിയിൽ പരമാവധി അവരെ തിരുത്താൻ ശ്രമിക്കുകയും ചെയ്യണം. കാരണം സാധ്യമാകുന്ന എല്ലാ മാർഗങ്ങളുമുപയോഗിച്ച്, നമ്മുടെ മക്കളെ നരകത്തിനെറിഞ്ഞു കൊടുക്കാതെ, പൊന്നു പോലെ കാത്തു സൂക്ഷിക്കൽ നമ്മുടെ ഉത്തരവാദിത്തമാണെന്ന് അല്ലാഹു തആലാ വ്യക്തമാക്കിയിട്ടുുണ്ട് (സൂറത്തു ത്തഹരീം). അതോടൊപ്പം അവർക്കു വേണ്ടി അവർ ഏത് രീതിയിലൊക്കെ ആകാൻ നാം ആഗ്രഹി്ക്കുന്നവോ അങ്ങനെയൊക്കെ ആകാൻ വേണ്ടി നാം അല്ലാഹുവിനോട് കൈ ഉയർത്തണം. അപ്പോൾ നമ്മെക്കൊണ്ട് കഴിയാത്ത ബാക്കി കാര്യങ്ങൾ അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് ശരിയാക്കിത്തരും. മക്കൾക്കു വേണ്ടിയുള്ള ചില പ്രാർത്ഥനകൾ വിശുദ്ധ ഖുർആനിൽ വന്നിട്ടുണ്ട്. അവയിൽ ചിലത് താഴെ വിവരിക്കുന്നു.
(رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا).[സൂറത്തുൽ ഫുർഖാൻ]
(رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ).[ സൂറത്തു ഇബ്റാഹീം]
(ربَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ) . [സൂറത്തുൽ ബഖറഃ]
ഇത്തരം പ്രാർത്ഥനകളും വിശുദ്ധ ഖുആനിലും തിരു ഹദീസിലും വന്ന നിവധിയായ മറ്റു പ്രർത്ഥനകളിൽ മക്കളെക്കൂടി പ്രത്യേകമായി ഉൾപ്പെടുത്തിയും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക..
കരുണാവാരിധിയായ അല്ലാഹു തആലാ നമ്മുടെ മക്കളെ സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടേ...