മരണ വീടുകളില് 3 നോ 15 നോ 70000 തഹ്ലീലു ചോല്ലുന്നതിന്റെ വിധിയെന്താണ് എന്താണ് ഈ 70000 എന്ന ഒരു നിശ്ചിത എണ്ണം ?

ചോദ്യകർത്താവ്

സബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

എഴുപതിനായിരം തഹ്‍ലീല് ചൊല്ലി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്യല്‍ അനുവദനീയമാണ്. അത് മരണപ്പെട്ടവര്‍ക്കു വേണ്ടി നാം ചെയ്യുന്ന ഒരു ഉപകാരവുമാണ്. അത് മരണത്തിനോ മൂന്നിനോ പതിനഞ്ചിനോ തന്നെ ചൊല്ലണമെന്നില്ല. മരണ വീടുകളില്‍ വെച്ചു തന്നെ വേണമെന്നുമില്ല. ഇത് ഒരു ഹദീസിന്‍റെ അടിസ്ഥാനത്തിലും മുന്‍ഗാമികളായ പല പണ്ഡിതന്മാരും സൂഫീ വര്യരും ഇതു ചെയ്തു വന്നതിനാലുമാണ്. വിശദമായി താഴെ ചേര്‍ക്കുന്നു. മരണപ്പെട്ടവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മങ്ങളും അവര്‍ക്കു പ്രയോചനപ്പെടുമെന്നാണ് ശേഷക്കാരായ ഏതാണ്ട് എല്ലാ പണ്ഡിതന്മാരുടെയും അഭിപ്രായം. അബൂ ഹനീഫ തങ്ങള്‍ക്ക് ഇതേ അഭിപ്രാ്യമാണുള്ളത്. ഇമാം അഹ്‍മദ് (റ) അഭിപ്രായങ്ങളില്‍ പ്രബലമായതും ഇതു തന്നെ. മാലികി ഇമാമിനു ഇതില്‍ എതിരഭിപ്രായമുണ്ടെങ്കിലും അവരുടെ മദ്ഹബ് വിശദീകരിച്ച, ഖറാഫിയെ പോലെയുള്ള ശേഷക്കാരായ പണ്ഡിതന്മാര്‍ ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ മരണപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുമെന്നു തന്നെയാണ് സ്ഥിരീകരിക്കുന്നത്. ശാഫിഈ ഇമാമിന്‍റെ മശ്ഹൂറായ അഭിപ്രായമായി മയ്യിത്തിനു ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഫലം ലഭിക്കുകയില്ലെന്നാണെന്ന് പലയിടങ്ങളിലും രേഖപ്പെടുത്തപ്പെട്ടുണ്ടെങ്കിലും ഇത് കൊണ്ടുദ്ദേശിക്കുന്നത് ആ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം മയ്യിത്തിനു ഹദ്‍യ ചെയ്ത് പ്രത്യേകം പ്രാര്‍ത്ഥിക്കാത്തിടത്തേക്കാണെന്ന് ഇബ്നു ഹജര്‍ ഹൈതമി പോലെയുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. മാത്രമല്ല ശാഫിഈ ഇമാം (റ) തന്നെ ഖബ്റിങ്ങല്‍ ഓതുന്നതില്‍ കുഴപ്പമില്ലെന്ന് മറുപടി കൊടുത്തതായും റിപോര്‍ട്ടുകളുണ്ട്. ജീവിച്ചിരിക്കുന്നവര്‍ മയ്യിത്തിനു വേണ്ടി ചെയ്യുന്ന ദുആ, സ്വദഖ എന്നിവ മയ്യിത്തിനു ഉപകാരപ്പെടുമെന്നതില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അതു പോലെ മരിച്ചവര്‍ക്കു വേണ്ടി നോമ്പു ഖദാ വീട്ടുന്നതിനെയും മറ്റുള്ളവര്‍ക്കു വേണ്ടി ഹജ്ജ് ചെയ്യുന്നതിനെയും പ്രോത്സാഹിപ്പിക്കുന്ന നബി(സ)യുടെ വചനങ്ങളുമുണ്ട്. മഖ്ബറയില്‍ ചെന്നു ഇഖ്ലാസ് സൂറത് ഓതി അവിടെ ഖബ്റാളികള്‍ക്ക് അതിന്‍റെ പ്രതിഫലം സമ്മാനമായി നല്‍കിയാല്‍ അല്ലാഹു അവനു അവിടെയുള്ള ഖബ്റാളികളുടെ അത്രയും എണ്ണം നന്മകള്‍ എഴുതിവെക്കുന്നതാണെന്ന് നബി (സ) പറഞ്ഞതായി നസാഈ ഇമാം റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മവും അതിന്‍റെ പ്രതിഫലം മരിച്ചവര്‍ക്കു ഹദ്‍യ ചെയ്താല്‍ അത് മരണപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുമെന്ന് പണ്ഡിതന്മാര്‍ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല, ഈ വിഷയത്തെ എതിര്‍ക്കുന്ന വഹ്ഹാബികളില്‍ തന്നെ ഇതിനെ അനുകൂലിക്കുന്ന ഒരു വിഭാഗമുണ്ട്. അവരുടെ ഉന്നത നേതാവായ ഇബ്നു തീമിയയും അദ്ദേഹത്തിന്‍റെ ശിഷ്യനും ഏതു പുണ്യകര്‍മ്മവും മരണപ്പെട്ടവര്‍ക്കു വേണ്ടി ചെയ്താല്‍ അത് അവര്‍ക്കു ഉപകാരപ്പെടുമെന്ന് അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേല്‍പറഞ്ഞതില്‍ നിന്നും മരണപ്പെട്ടവര്‍ക്കു വേണ്ടി തഹ്‍ലീല്‍ ചൊല്ലി അതിന്‍റെ പ്രതിഫലം ഹദ്‍യ ചെയ്താല്‍ അത് കൊണ്ട് ഉപകാരമുണ്ടെന്നും മയ്യിത്തിനു അത് ലഭിക്കുമെന്നും മനസ്സിലായല്ലോ. വഹ്ഹാബികളുടെ നേതാവായ ഇബ്നു തീമിയ്യയോട് എഴുപതിനായിരം തഹ്ലീല് ചൊല്ലി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്യുന്നതിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി വളരെ പ്രസക്തമാണ്. ((ഇപ്രകാരം എഴുപതിനായിരമോ അതിലധികമോ കുറവോ പ്രാവശ്യം തഹ്‍ലീല്‍ ചൊല്ലി ഹദ്‍യ ചെയ്താല്‍ അതു മൂലം മയ്യിത്തിനു ഉപകാരമുണ്ടാകുന്നതാണ്. ഇത് സ്വഹീഹോ ദഈഫോ ആയ ഹദീസല്ല.)) - അല്‍ഫതാവല്‍കുബ്റാ, മജ്മൂഉല്‍ഫതാവാ. ഇനി എഴുപതിനായിരമെന്ന പ്രത്യേക സംഖ്യയുടെ രഹസ്യമെന്തെന്നു നോക്കാം. ഇങ്ങനെ എഴുപതിനായിരം പ്രാവശ്യം തഹ്‍ലീല്‍ ചൊല്ലുന്നതിനെ അല്‍ഇതാഖതുസ്സ്വുഗ്‍റാ (ശര്‍വാനി) എന്നും അല്‍ഇത്ഖുല്‍ അസ്വഗര്‍ എന്നും പറയപ്പെടാറുണ്ട്. ഇമാം സ്വാവി (റ) അശ്ശറഹുസ്സ്വഗീറിന്‍റെ (شرح الشيخ الدرديرلكتابه المسمى أقرب المسالك لمذهب الإمام مالك) ഹാശിയയില്‍ പറയുന്നു. ((നബി(സ) പറഞ്ഞു: ആരെങ്കിലും ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞാല്‍ അത് അവന്‍റെ മുഴുവന്‍ തെറ്റുകള്‍ക്കും പ്രായിശ്ചിത്യമാണ്. ഇവിടെ മുഴുവന് തെറ്റുകളെന്നു പറഞ്ഞതിന്‍റെ പ്രത്യക്ഷാര്‍ത്ഥത്തില്‍ വന്‍ദോശങ്ങളും പൊറുക്കപ്പെടും. അതു കണ്ടാണ് ആരിഫീങ്ങള്‍ ഇതിനെ ഇതാഖത് (നരക മോചനത്തിനുള്ള ഉപാധി) യായി സ്വീകരിച്ചത്. അവര്‍ ഇത് എഴുപതിനായിരമായിരിക്കണമെന്നു തീരുമാനിക്കാന്‍ കാരണം ശൈഖ് സനൂസിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണ്.)) ഇബ്നു അറബി തന്‍റെ അല്‍ഫുതൂഹാതുല്‍മക്കിയ്യയില്‍ പറയുന്നു: (എഴുപതിനായിരം പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞ് നിന്‍റെ നഫ്സിനെ അല്ലാഹുവില്‍ നിന്നു വാങ്ങുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ ഞാന്‍ നിന്നെ ഉപദേശിക്കുന്നു. കാരണം ഇതു ചൊല്ലുന്നവനെയും ആര്‍ക്കുവേണ്ടി നീ ഇത് ചൊല്ലുന്നുവോ അവനെയും അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഇങ്ങനെ ഒരു നബിവചനമുണ്ട്.) ഇബ്നു അറബിയുടെ മേല്‍ പ്രസ്താവം ധാരാളം ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ബ്നു അഹ്മദ് അലീശ് അല്‍മാലികി തന്‍റെ മിനഹുല്‍ ജലീല്‍ എന്ന ഗ്രന്ഥത്തിലും അബ്ദുര്‍റഊഫ് അല്മനാവി തന്റെ ഫൈദുല്‍ഖദീറിലും അല്‍മുല്ലാ അലിയ്യുല്‍ ഖാരി തന്‍റെ ശറഹുശ്ശിഫായിലും ഉദ്ധരിച്ചത് ചില ഉദാഹരണങ്ങള്‍ മാത്രം. സഖാവി (റ) തന്‍റെ അദ്ദൌഉല്ലാമിഅ് എന്ന ഗ്രന്ഥത്തില്‍ അഹ്മദ് ബ്നു ഹസന്‍ അബുല് അബ്ബാസ് അശ്ശാഫിഈ അന്നഅ്മാനി (റ)വിന്‍റെ ചരിത്രം വിവിരിക്കുമ്പോള്‍ തന്നെ മറമാടിയതിനു ശേഷം എഴുപതിനായിരം ലാഇലാഇല്ലാഹ് പറയണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നതും ആ വസ്വിയ്യത്ത് നടപ്പിലാക്കിയതും വിവരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു യുവാവിന്‍റെയും അദ്ദേഹത്തിന്‍റെ മാതാവിന്‍റെയും കഥ ഖസ്ഥല്ലാനി റിപോര്‍ട്ട് ചെയ്യുന്നതായി ബരീഖതുല്‍ മഹ്‍മൂദിയ്യയില്‍ അബൂ സഈദില്‍ഖാദിമി വിവരിക്കുന്നുണ്ട്. ശൈഖ് അബുര്‍റബീഅ് അല്‍ മാലിഖി എഴുപതിനായിരം തഹ്‍ലീല് ചൊല്ലി വെച്ചിട്ടുണ്ടായിരുന്നു. അവര്‍ കൂട്ടമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്കിടയിലുള്ള കശ്ഫ് അറിയുന്ന ഒരു യുവാവ് ഭക്ഷണത്തളികയിലേക്ക് കൈ നീട്ടവേ നിലവിളിച്ചു. എന്‍റെ മാതാവ് നരകത്തിലാണെന്ന് ഞാന്‍ കണ്ടു എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ മാലിഖി തന്‍റെ തഹ്‍ലീലുകള്‍ ഈ മാതാവിന്‍റെ നരക മോചനത്തിനായി ഹദ്‍യ ചെയ്തതായി മനസ്സില്‍ പറഞ്ഞു. ഉടനെ ആ യുവാവ് തന്‍റെ മാതാവ് നരകത്തില്‍ നിന്ന് സന്തോഷത്തോടെ പുറത്തു വന്നെന്ന് പറഞ്ഞു. അങ്ങനെ ആ യുവാവ് അവരോടപ്പം     ഭക്ഷണം കഴിക്കുകയും ചെയ്തു. ശൈഖ് അബുര്‍റബീഅ് ഈ സംഭവം ഉദ്ധരിച്ചിട്ടു പറഞ്ഞു.. ഇതോടെ ഇതു സംബന്ധമായ ഹദീസ് ശരിയാണെന്നും ഈ യുവാവ് കശ്ഫിന്‍റെ ആളാണെന്നും എനിക്ക് മനസ്സിലായി. ഈ ഹദീസ് ദഈഫാണെങ്കിലും ഫദാഇലുല്‍അഅ്മാലില്‍ സ്വീകാര്യമാണെന്ന് തുടര്‍ന്ന് ഈ ഗ്രന്ഥത്തില്‍ പറയുന്നു. പ്രത്യേകിച്ച് വ്യക്തമായ മറ്റു ഹദീസുകളുടെ പിന്തുണയും ഖിയാസിനെതിരുമല്ലാത്ത അവസ്ഥയില്‍. മുല്ലാ ഖുസ്രൂ, ഇബ്നുല്‍ കമാല്‍ പോലോത്തവരുടെ വസ്വിയ്യത്തുകളിലും അവരുടെ പ്രവര്‍ത്തനങ്ങളിലും ഇത് കണ്ടുവന്നതും. മിശ്കാതുല്‍ അന്‍വാരിലും ബസ്ഥാമിയുടെ ചില ഗ്രന്ഥങ്ങളിലും അലി അല്‍ഖാരിയുടെ ചില ഗ്രന്ഥങ്ങളിലും ഇത് ഉദ്ധരിക്കപ്പെട്ടതായി ചില വിശ്വസ്തരില്‍ അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ഏറ്റവും ഉത്തമം ഇത് (എഴുപതിനായിരം തഹ്‍ലീല്‍ ചൊല്ലുന്നത്) തനിക്കും മറ്റുള്ളവര്‍ക്കും ചെയ്യലാണ്. എന്നിങ്ങനെ അബൂ സഈദില്‍ഖാദിമി തുടര്‍ന്നു പറയുന്നു. അല്‍മുഹിബ്ബിയുടെ ഖുലാസതുല്‍അസറിലും മുകളിലെ കഥ ഇമാം റാഫിഈ ഉദ്ധരിക്കുന്നതായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. എഴുപതിനായിരം തഹ്‍ലീല് ചൊല്ലാനായി ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും അത് മറ്റുള്ളവര്‍ക്ക് ഹദ്‍യ ചെയ്യുകയും ചെയ്യുന്ന പതിവ് ചില മഹാന്മാര്‍ക്കുള്ളതായി അതില്‍ അദ്ദേഹം പറയുന്നു. "സൂഫികളായ മഹാന്മാര്‍ ഇത് പണ്ടു കാലത്തും ഇപ്പോഴും പരസ്പരം വസ്വിയ്യത് ചെയ്യുകയും അത് ശ്രദ്ധയോടെ കൊണ്ടു നടക്കാന്‍ ഉപദേശിക്കുകയും ചെയ്യാറുണ്ട്.  ഇതു മൂലം അല്ലാഹു നരക മോചനം നല്‍കുമെന്നു അവര്‍ പറയുന്നു. അങ്ങനെയൊരു ഹദീസുണ്ടെന്നും അവര്‍ പറയുന്നു..." അദ്ദേഹം വിശദീകരിക്കുന്നു. "ഇബ്നു ഹജര്‍ ഈ ഹദീസ് ശരിയല്ലെന്നു പറയുന്നുണ്ട്. പക്ഷേ, സൂഫികളായ നേതാക്കളെ പിന്തുടര്‍ന്നും അങ്ങനെ ഉപദേശിച്ചവരോടു അനുസരണ കാണിച്ചും അവരുടെ പ്രവൃത്തികളിലൂടെ അനുഗ്രഹം പ്രതീക്ഷിച്ചും ഇങ്ങനെ ഒരാള്‍ ചെയ്യേണ്ടതാണെന്ന് അല്‍ഹാഫിദ് അന്നജ്മുല്‍ ഗൈഥി പറയുന്നു." അദ്ദേഹം വീണ്ടും തുടരുന്നു. "വലിയ്യും ആരിഫുമായ എന്‍റെ സയ്യിദ് മുഹമ്മദ് ബ്നു ഇറാഖ് അദ്ദേഹത്തിന്‍റെ ചില ലേഖനങ്ങളില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദഹത്തിന്‍റെ ശൈഖ് ഇങ്ങനെ ചെയ്യാന്‍ കല്‍പിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ ചില സഹോദരങ്ങള്‍ ഫജ്റിന്‍റെയും സൂര്യോദയത്തിന്‍റെയും ഇടയില്‍ എഴുപതിനായിരം തഹ്‍ലീല്‍ ചൊല്ലാറുണ്ടായിരുന്നു. ഇത് അല്ലാഹുവിന്‍റെ ഒരു ഔദാര്യമാണ്." മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ അല്‍ഖറാഫിയുടെ അഭിപ്രായത്തില്‍ ജനങ്ങള്‍ പതിവാക്കിയ തഹ്‍ലീല്‍ ചൊല്ലി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്യല്‍ ആവശ്യമാണ്. ഇതില്‍ അല്ലാഹുവിന്‍റെ ഔദാര്യത്തെയും അവന്‍ എളുപ്പമാക്കിയതിനെയും അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായ എല്ലാ കാരണങ്ങളിലൂടെയും അല്ലാഹുവിന്‍റെ ഔദാര്യം തേടണം. സനൂസി പറഞ്ഞതു പോലെ എഴുപതിനായിരം പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്ന ഖറാഫി പറഞ്ഞ ഈ തഹ്‍ലീല്‍ ചൊല്ലേണ്ടതാണ്. (തഹ്‍ദീബുല്‍ ഫുറൂഖ്). അബൂ സൈദ് അല്‍ഖുര്‍ഥുബീ ഈ ഹദീസ് ഉദ്ധരിച്ചതായി ഖുര്‍റതുല്‍ ഐന്‍ ബിഫതാവാ ഉലമാഇല്‍ഹറമൈന്‍ എന്ന ഗ്രന്ഥത്തില്‍ കാണാം. അല്‍ഇതാഖതുല്‍ കുബ്റാ എന്നോ അല്‍ഇത്ഖുല്‍ അക്‍ബര്‍ എന്നത് ഒരു ലക്ഷം (ഖുല്‍ ഹുവല്ലാഹു അഹദ്...) എന്നു തുടങ്ങുന്ന സുറതുല്‍ ഇഖ്‍ലാസ് ഓതി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്താല്‍ അതു മൂലം നരകത്തില്‍ മോചനം ലഭിക്കും. സ്വാവി ഇമാം ഈ കാര്യം ജലാലൈനിയുടെ ഹാശിയതില്‍ പറയുന്നു. ഈ ഹദീസ് ദഈഫാണെങ്കിലും ഫദാഇലുല്‍ അഅ്മാലില്‍ സ്വീകാര്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter