സുറത്തു സജദ ഇലെ അഞ്ചാം ആയതില്‍, നിങ്ങള്‍ കണക്കാക്കുന്ന 1000 വര്‍ഷമാകുന്നു ആ ദിവസത്തിന്‍റെ അളവ്, എന്ന് പറയുന്നുണ്ടല്ലോ, ഈ കണക്ക് എന്താണു വ്യക്തമാക്കുന്നത്?

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സജ്ദയിലെ പ്രസ്തുത ആയത് താഴെ കൊടുക്കുന്നു. يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِمَّا تَعُدُّونَ (ആകാശം മുതല്‍ ഭൂമിവരെയുള്ള സകലതും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് നിങ്ങള്‍ കണക്കാക്കുന്ന ആയിരം വര്‍ഷങ്ങളുടെയത്രയുള്ള ഒരു നാള്‍ ഈ കാര്യങ്ങള്‍ അവനിലേക്ക് ഉയര്‍ത്തപ്പെടും.) ആയിരമെന്ന പ്രയോഗം അറബിയില്‍ അനേകം എന്ന അര്‍ത്ഥത്തിലുമുപയോഗിക്കും. ആയിരം വര്‍ഷം എന്നതു കൊണ്ടു കൃത്യമായും ആയിരമായിരിക്കണമെന്നില്ല. ആയിരത്തേക്കാളും കൂടുതലാവാനും സാധ്യതയുണ്ട്. ഇത് ഖിയാമതു ദിനത്തില്‍ എല്ലാം അല്ലാഹുവിലേക്കു മടക്കപ്പെടുന്ന ദിനത്തെ കുറിച്ചാണെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പ്രസ്തുത വ്യാഖ്യാന പ്രകാരം അന്നത്തെ ഒരു ദിവസം നമുക്കു ഇവിടെ അനുഭവപ്പെടുന്ന ആയിരം  വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ടായിരിക്കും. അല്ലെങ്കില്‍ അന്നത്തെ ഒരു ദിവസത്തെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാരണം ആയിരം വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ളതായി അനുഭവപ്പെടും. പ്രയാസങ്ങളുണ്ടാകുമ്പോള്‍ സമയം ഇഴഞ്ഞു നീങ്ങുന്നതു പോലെ. അതല്ല അന്നു ആയിരം വര്‍ഷങ്ങളിലായി നല്കാവുന്ന ശിക്ഷ ഒറ്റ ദിവസം നല്‍കും. ഇങ്ങനെ ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ട്. അല്ലാഹുവിന്‍റെ വിധികളുമായി വരുന്ന മലക്കുകള്‍ ആകാശത്തു നിന്നു ഭൂമിയിലെത്തുന്നതും മടങ്ങി ആകാശത്തെത്തുന്നതും ഒരു ദിവസം കൊണ്ടാണ് എന്ന മറ്റൊരു വ്യാഖ്യാനവും ഈ ആയതിനുണ്ട്. അതു പ്രകാരം ആയിരം വര്‍ഷങ്ങളുടെ വഴിദൂരം ഒരു ദിവസത്തിനുള്ളില്‍ തന്നെ മലക്കുകള്‍ സഞ്ചരിക്കുന്നു. ഇവിടെ നിങ്ങള്‍ കണക്കാക്കുന്ന എന്നതിനു ഇന്നു നാം കണക്കാക്കുന്ന പ്രകാശ വര്‍ഷവുമായേക്കാം. നാമിന്നു ദിവസം കണക്കാക്കുന്നത് ഭൂമിയുടെ കറക്കത്തിനനുസരിച്ചാണ്. എന്നാല്‍ ഭൂമിക്കപ്പുറത്തും ഭൂമിയും ഗോളങ്ങളുമില്ലാത്തിടത്തും പ്രപഞ്ചത്തെ മൊത്തമായി എടുക്കുമ്പോഴുമുള്ള ദിവസത്തിന്‍റെ പ്രകൃതിയും തോതും ദൈര്‍ഘ്യവും അല്ലാഹുവിന്നേ അറിയൂ. അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള ദിവസത്തെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. സുറതുല്‍ ഹജ്ജ് നോക്കുക. ഇതിനു തഫ്സീറിന്‍റെ കിതാബുകളില്‍ ഒട്ടനവധി വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളുമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter