അവിശ്വാസികള്‍ക്ക് ഖുര്‍ആന്‍ നല്‍കരുതെന്ന് വായിച്ചു. ഉമര്‍ (റ) വിശ്വസിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സഹോദരി ഖുര്‍ആന്‍ നല്‍കിയില്ലേ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അവിശ്വാസികള്‍ക്ക് ഖുര്‍ആന്‍ നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണെന്നതിനു എതിരായി, ഉമര്‍ (റ) വിനു അവര്‍ മുസ്‍ലിമാകുന്നതിനു മുമ്പ് ഖുര്‍ആന്‍ എഴുതപ്പെട്ട ഫലകം നല്‍കിയത് തെളിവായി ഉദ്ധരിക്കാന്‍ പറ്റില്ല.  കാരണം:

1) കാഫിറുകള്‍ക്ക് ഖുര്‍ആന്‍ നല്‍കരുതെന്ന് വ്യക്തമാക്കുന്ന ഹദീസുണ്ടാകുമ്പോള്‍ സഹാബാക്കളില്‍ ഒരാളുടേയോ ചിലരുടേയോ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കപ്പെടുകയില്ല. കാരണം ഈ നിയമം അവര്‍ അറിയാതിരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ അത് അവരുടെ മാത്രം ഇജ്തിഹാദ് ആയിരിക്കാം.

2) ഉമര്‍ (റ)വിന് തന്‍റെ സഹോദരി ഖുര്‍ആന്‍ എഴുതിയ ഫലകം നല്‍കിയത് വിശദീകരിക്കുന്ന ഹദീസ് പ്രബലതയില്‍ പിന്നിലാണ്. "ശത്രുവിന്‍റെ നാട്ടിലേക്ക് ഖുര്‍ആനുമായി യാത്ര ചെയ്യരുത്. (അതിനോട് അനാദരവ് കാണിക്കാന്‍) അതവരുടെ കൈകളിലെത്താതിരിക്കാനാണത് " എന്ന നബി വചനമാകട്ടെ ഏറെ ബലപെട്ട ഹദീസാണു താനും.

3) ഖുര്‍ആന്‍ കൊടുക്കരുതെന്ന വിധി വരുന്നതിനു മുമ്പ് ഈ സംഭവമാകാനുള്ള സാധ്യതയുണ്ട്.

4) നബി(സ)യുടെ വാചകമായി വന്ന ഹദീസും പ്രവര്‍ത്തനങ്ങളായി വന്ന ഹദീസും തമ്മില്‍ പ്രത്യക്ഷത്തില്‍ വൈരുധ്യമായാല്‍, പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ വിവരിക്കപ്പെടാത്ത സാഹചര്യങ്ങളുണ്ടാവാമെന്നതിനാല്‍ പൊതുവായി പറയപ്പെട്ട ഹദീസിനെയാണ് പരിഗണിക്കുകയും അതനുസരിച്ച് മറ്റേതിനെ വ്യാഖ്യാനിക്കുകയുമാണ് ചെയ്യേണ്ടത്.

മേല്‍ പറഞ്ഞ പല കാരണങ്ങളാലും ആ സഹോദരിയുടെ പ്രവൃത്തി ആക്ഷേപിക്കപ്പെടാവതുമല്ലെന്നു മനസ്സിലാക്കാം.

നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്, ഏതെങ്കിലും ഹദീസോ, ചരിത്രമോ കണുമ്പോഴേക്ക് അതനുസരിച്ച് വിധിവിലക്കുകള്‍ നിര്‍മ്മിക്കുന്നത് വളരെ വലിയ അബദ്ധമാണ്. നാം കണ്ട ഹദീസിന്‍റെയോ ചരിത്രത്തിന്‍റെയോ കാലക്രമം, അവയുടെ വിശദീകരണമായി വന്ന മറ്റു ഹദീസുകള്‍, അത് ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ടോ, ഇത് ഏതെങ്കിലും ഹദീസില്‍ വന്ന പൊതു നിയമത്തിലെ പ്രത്യേക സാഹചര്യത്തിലുള്ള ഒഴിവുകളാണോ, അല്ലെങ്കില്‍ ഈ ഹദീസില്‍ വന്ന നിയമത്തില്‍ നിന്നുള്ള ഒഴിവുകള്‍ മറ്റൊരിടത്ത് പറയപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ ധാരാളം വശങ്ങള്‍ പഠിച്ചും മനസ്സിലാക്കിയുമാണ് വിധി കണ്ടത്തേണ്ടത്.  അതിനു അത്രക്കും ആഴത്തില്‍ അറിവുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. അതിനാല്‍ നമുക്ക് ആകെയുള്ള മാര്‍ഗം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നും അത് വിശദീകരിച്ചു തരുന്ന പണ്ഡിതന്മാരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കിയെടുക്കലാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

 

ASK YOUR QUESTION

Voting Poll

Get Newsletter