സലാത്ത്, ദിക്‍റ്, മൌലിദ് എന്നിവയ്ക്ക് പണ്ഢിതന്മാര്‍ നേതൃത്വം കൊടുത്ത് നടത്തുന്ന മജ്‍ലിസുകളില്‍ തന്നെ യാസീന്‍ വേഗത്തില്‍ ഓതുന്നത് കാണുന്നു. നീട്ടെണ്ടത് നീട്ടാതെയും മണിക്കേണ്ടത് മണിക്കാതെയും എല്ലാം ഓതുന്നതായി തോനുന്നു. ഇങ്ങനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ശരിയാവുമോ
ചോദ്യകർത്താവ്
അബ്ദുല്‍ മജീദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുര്‍ആന്‍ ഓതുമ്പോഴുണ്ടാവുന്ന തെറ്റുകള്‍ രണ്ടു വിധമാണ്. അര്‍ത്ഥങ്ങളും പദങ്ങളും വ്യത്യാസപ്പെടുത്തുന്ന വ്യക്തമായ തെറ്റുകളാണ് അതിലൊന്ന്. അത് മനഃപൂര്‍വ്വം വരുത്തുന്നത് നിഷിദ്ധമാണ്. അങ്ങനെ തെറ്റുണ്ടാവുമെന്നുറപ്പുണ്ടായിരിക്കെ ഓതുന്നതും ശരിയല്ല. ഓരോ അക്ഷരങ്ങളുടെയും ഉച്ചാരണത്തിന്‍റെ ഏറ്റവും ശരിയായ രീതി അനുസരിച്ച് അവയുടെ ഉച്ചാരണ സ്ഥലം, അവയുടെ വിശേഷണങ്ങള്‍, മണി, നീട്ടല്‍ തുടങ്ങിയവയില്‍ വരുത്തുന്ന തെറ്റാണ് രണ്ടാമത്തേത്. ഈ നിയമങ്ങളെയാണ് തജ്‍വീദ് എന്നു പറയപ്പെടുന്നത്. അത് പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയുന്നത് ആ രംഗത്ത് വ്യുല്‍പത്തി നേടിയവര്‍ക്കു മാത്രമാണ്. ഈ നിയമങ്ങള്‍ വശമുണ്ടായിരിക്കേ, അവ പ്രയോഗത്തില്‍ വരുത്താനും കഴിഞ്ഞിരിക്കേ അവയെ അവഗണിച്ചു തള്ളുന്നത് ഖുര്‍ആനിനോടു ചെയ്യുന്ന അദബു കേടാണ്. അറിവില്ലാത്തവരില്‍ നിന്നു സംഭവിക്കുന്നത് അല്ലാഹു പൊറുത്തു തരും.
വേഗത്തില്‍ ഓതുന്നതു കൊണ്ട് അവിടെ തജ്‍വീദ് നഷ്ടപ്പെടുന്നു എന്നു പറയാനാവില്ല. തജ്‍വീദിന്‍റെ നിയമങ്ങള്‍ പാലിച്ചു തന്നെ വേഗത്തിലോതാവുന്നതാണ്. ഗുന്നത്ത്, മദ്ദ് തുടങ്ങിയവയുടെ ദൈര്‍ഘ്യം ഓതുന്നവന്‍ അക്ഷരങ്ങള്‍ ഉച്ചരിക്കാനെടുക്കുന്ന സമയമാണ്. അഥവാ ഏഴു ഹറകത് നീട്ടേണ്ട മദ്ദെന്നാല്‍ ഏഴു അക്ഷരങ്ങള്‍ ഉച്ചരിക്കാനെടുക്കുന്ന സമയമാണ്. അത് പാരായണത്തിന്‍റെ അവധാന-വേഗതകള്‍ക്കനുസരിച്ച് മാറി കൊണ്ടിരിക്കും. അഥവാ വേഗത്തിലോതുമ്പോള്‍ അതിനനുസരിച്ച് മദ്ദുകളുടേയും മണികളുടേയും ദൈര്‍ഘ്യം കുറയും. തജ്‍വീദില്‍ തന്നെ ചില നിയമങ്ങള്‍ അനുവര്‍ത്തിക്കല്‍ നിര്‍ബന്ധമില്ല. ഉദാഹരണത്തിനു മദ്ദ് മുന്‍ഫസ്വില്‍, മദ്ദ ആരിദ് എന്നിവ അസ്വല് മദ്ദിനേക്കാള്‍ ദീര്‍ഘമായി ഉച്ചരിക്കുകയോ മദ്ദ് അസ്വലില്‍ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. പക്ഷേ, ഏത് തിരഞ്ഞെടുത്താലും അത് ആ പാരായണത്തില്‍ മുഴുക്കെ അത് തന്നെ പാലിക്കണം. ഫിഖ്‍ഹിന്‍റെ കാഴ്ചപാടില്‍ തജ്‍വീദ് പാലിക്കാതിരിക്കുന്നത് ഖുര്‍ആനിനോടു കാണിക്കുന്ന അദബു കേടാണ്. എന്നാല്‍ അത്തരം ഓത്തുകള്‍ നിസ്കാരത്തിലും മറ്റും ഓത്തായിട്ടു തന്നെ പരിഗണിക്കും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.