സുറതുല്‍ ഇഖ്‍ലാസ് പാരായണം ചെയ്യുന്നതിന്‍റെ ഗുണങ്ങള്‍ വിവരിക്കാമോ

ചോദ്യകർത്താവ്

മുസ്ഥഫാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഈ സൂറത്തിന്‌ ചില മഹാന്മാര്‍ 20 നാമങ്ങള്‍ ഉള്ളതായി എണ്ണിപ്പറഞ്ഞിട്ടുണ്ട്‌. ഓരോ പേരും ഇതിന്റെ മഹത്ത്വവും പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നതാണ്‌. യാതൊരു കലര്പ്പും കൂടാതെ തികച്ചും സംശുദ്ധമായ ഏകദൈവവിശ്വാസ മൂല്യങ്ങള്‍ ഇത്‌ ഉള്ക്കൊള്ളുന്നതുകൊണ്ടാണ്‌ ഇതിന്‌ സൂറത്തുല്‍ ഇഖ്‌ലാസ്വ്‌ എന്ന്‌ പേര്‌ വന്നത്‌. ഇഖ്‌ലാസ്വ്‌ എന്ന വാക്കിന്‌ നിഷ്‌കളങ്കത എന്ന്‌ അര്ഥം. ഈ സൂറത്തിന്റെ മഹത്ത്വങ്ങള്‍ വിവരിക്കുന്ന ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. അവയില്‍ ഒന്നിങ്ങനെയാണ്‌: ഖുബാഇലെ പള്ളിയിലെ ഒരു ഇമാം നമസ്‌കാരത്തില്‍ ഓരോ സൂറത്ത്‌ ഓതുമ്പോഴും അതിനു മുമ്പായി ഈ സൂറത്ത്‌ ഓതാറുണ്ടായിരുന്നു. എല്ലാ റക്‌അത്തിലും ഇങ്ങനെത്തന്നെ അദ്ദേഹം ചെയ്‌തുവന്നു. ഇതിനെക്കുറിച്ച്‌ ജനങ്ങള്‍ അദ്ദേഹത്തോട്‌ സംസാരിക്കയുണ്ടായി. അവര്‍ പറഞ്ഞു: നിങ്ങള്‍ ഒന്നുകില്‍ ഈ സൂറത്ത്‌ മാത്രം ഓതുക; അല്ലെങ്കില്‍ ഇത്‌ ഉപേക്ഷിച്ച്‌ വേറെ സൂറത്ത്‌ ഓതുക. അദ്ദേഹം പ്രതികരിച്ചു: ഞാന്‍ ഇപ്രകാരം മാത്രമേ ചെയ്യുകയുള്ളൂ. ഇത്‌ ഇഷ്‌ടപ്പെടുകയാണെങ്കില്‍ നിങ്ങള്ക്ക് ഞാന്‍ ഇമാമത്ത്‌ നില്ക്കാം . അല്ലാത്ത പക്ഷം ഞാന്‍ ഈ ജോലി നിറുത്തിക്കളയാം. (നിങ്ങള്‍ മറ്റൊരാളെ ഇമാമാക്കിക്കൊള്ളുക.) എന്നാല്‍, അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്ത്‌ അവരദ്ദേഹത്തെ കൈവിട്ടില്ല. അങ്ങനെ നബി(സ്വ) അവിടെ വന്നപ്പോള്‍ അവര്‍ വിവരം പറഞ്ഞു. അപ്പോള്‍ നബി(സ്വ) അദ്ദേഹത്തെ വിളിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരുടെ ആവശ്യം വകവെക്കാതെ എല്ലാ റക്‌അത്തിലും ഈ സൂറയെ താങ്കള്‍ മുറുകെ പിടിക്കുവാനുള്ള കാരണമെന്ത്‌? ഞാനതിനെ ഇഷ്‌ടപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: (താങ്കള്ക്ക് അതിനോടുള്ള ഇഷ്‌ടം താങ്കളെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്‌-ബുഖാരി.) സൂറതുല്‍ ഇഖ്‍ലാസ് ഖുര്‍ആനിന്‍റെ മൂന്നിലൊന്നിനു സമാനമാണ്. പ്രപഞ്ചത്തിന്‍റെ അടിസ്ഥാനം തന്നെ ഈ സൂറതാണ്. ഈ സൂറതിനോടുള്ള സ്നേഹം സ്വര്‍ഗ പ്രവേശത്തിനു ഹേതുവാണെന്നു നബി(സ) ഒന്നിലധികം സ്വഹാബികളോട് പറഞ്ഞിട്ടുണ്ട്. ഈ സൂറത് പാരായണം ചെയ്യുന്നത് കേട്ട നബി(സ) അദ്ദേഹത്തിനു സ്വര്‍ഗം നിര്‍ബന്ധമായിരിക്കുന്നു എന്നു പറയുകയുണ്ടായി. നിത്യേന ഈ സൂറത് അമ്പത് പ്രാവശ്യം ഓതുന്നവനോട് ഖിയാമത് ദിനം ഖബ്റില്‍ നിന്നു തന്നെ വിളിച്ചു പറയപ്പെടും: "അല്ലാഹുവിനെ പ്രശംസിച്ചവനേ, സ്വര്‍ഗത്തില്‍ പ്രവേശിക്കൂ." ഇശാഇനു ശേഷം, ഓരോ റക്അതിലും ഇരുപത് പ്രാവശ്യം ഇഖ്‍ലാസ് ഓതി രണ്ട് റക്അത് നിസ്കരിച്ചാല്‍ സ്വര്‍ഗവാസികള്‍ക്ക് ദൃശ്യമാവും വലുപ്പത്തിലുള്ള രണ്ട് കൊട്ടാരങ്ങള്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നതായിരിക്കും. പന്ത്രണ്ട് പ്രാവശ്യം ഈ സൂറത് പാരായണം ചെയ്തവനു ഒരു ലക്ഷം മുറികകളുള്ള ചുവന്ന രത്നം കൊണ്ടുണ്ടാക്കിയ കൊട്ടാരം സ്വര്‍ഗത്തില്‍ നിര്‍മ്മിക്കും. പത്തു പ്രാവശ്യം ഖുല്‍ഹുവല്ലാഹ് സൂറത് ഓതുന്നവനു സ്വര്‍ഗത്തില്‍ ഒരു കൊട്ടാരവും ഇരുപതു പ്രാവശ്യം ഓതുന്നവനും രണ്ടു കൊട്ടാരവും മുപ്പതു പ്രാവശ്യം ഓതുന്നവനു മൂന്നു കൊട്ടാരവും നല്‍കപെടുമെന്ന് നബി(സ)അരുളിയത് കേട്ട ഉമര്‍(റ) പറഞ്ഞു: അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്ക് ധാരാളം കൊട്ടാരങ്ങളുണ്ടാകുമല്ലോ. (അല്ലാഹു അതിനേക്കാള്‍ വിശാലതയുള്ളവനാകുന്നു) എന്നു നബി(സ) ഉമര്‍(റ)വിനു മറുപടി നല്കുകയും ചെയ്തു. ഖുല്‍ഹുവല്ലാഹു എന്ന സൂറത് ഓതാന്‍ തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കാതെ മറ്റൊന്നിലേക്ക് പ്രവേശിക്കരുതെന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞിട്ടുണ്ട്. ഇരുനൂറു പ്രാവശ്യം ഖുല്‍ഹുവല്ലാഹു എന്ന സൂറത് ഓതിയാല്‍ അവന്‍റെ ഇരുന്നൂറു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും. (ഇരുനൂറു വര്‍ഷം ജീവിച്ചില്ലെങ്കിലും അതിനനുസരിച്ച് പ്രതിഫലം ലഭിക്കും). സുബ്ഹ് നിസ്കാര ശേഷം പത്തു പ്രാവശ്യം സൂറതുല്‍ ഇഖ്ലാസ് ഓതിയാല്‍ അന്ന് അവനു തെറ്റുകളില്‍ നിന്നകന്നു കഴിയാന്‍ സാധിക്കും. പിശാചിന്‍റെ പരിശ്രമം ഉണ്ടായാല്‍ പോലും. മറ്റൊരു റിപോര്‍ട്ടില്‍ ആരോടും സംസാരിക്കാതെ പത്തു പ്രാവശ്യം ഓതണമെന്നുണ്ട്. നാലു റക്അതുകളിലായി, ഓരോ റക്അതിലും അമ്പതു വീതം എന്ന നിലക്ക്, ഇരുനൂറു പ്രാവശ്യം ഖുല്‍ഹുല്ലാഹു എന്ന സൂറത് ഓതിയാല്‍ അല്ലാഹു അവന്‍റെ നൂറു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും. കഴിഞ്ഞു പോയ അമ്പതു വര്‍ഷവും വരാനിരിക്കുന്ന അമ്പതു വര്‍ഷവും. അമ്പതു പ്രാവശ്യം ഈ സൂറത് ഓതിയവന്‍റെ അമ്പതു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ഒരു റിപോര്‍ട്ടില്‍ കടമൊഴികെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് വിശദമാക്കിയിട്ടുണ്ട്. മുആവിയത് ബ്നു മുആവിയ (റ) മരണപ്പെടുമ്പോള്‍ നബി (സ) ശാമിലായിരുന്നു. നബി (സ) അതില്‍ ദുഃഖിതനായിരുന്നു. ജിബ്റീല്‍ (അ) തന്‍റെ ചിറകുകള്‍ കൊണ്ട് ഭൂമിയിലുള്ളതെല്ലാം താഴ്ത്തി ആ സ്വഹാബിയുടെ ജനാസയുള്ള കട്ടില്‍ ഉയര്‍ത്തി കാണിക്കുകയും അങ്ങനെ നബി(സ) അദ്ദേഹത്തിന്‍റെ ജനാസ നിസ്കരിക്കുകയും ചെയ്തു. ആ ജനാസ നിസ്കാരത്തില്‍ ആറു ലക്ഷം വീതം മലക്കുകളടങ്ങുന്ന രണ്ടു സ്വഫ്ഫുണ്ടായിരുന്നു. ഇത്തരം ഒരു ശ്രേഷ്ഠത മുആവിയ(റ) വിനു ലഭിക്കാന്‍ കാരണം അദ്ദേഹം നിന്നും ഇരുന്നും കിടന്നും സഞ്ചരിച്ചും ഖുല്‍ഹുവല്ലാഹ് എന്ന സൂറത് ഓതാറുണ്ടായിരുന്നതാണെന്ന് ജിബ്റീല്‍ (അ) നബി(സ)യോടു പറയുകയുണ്ടായി. അന്നേരം നബി(സ) പറഞ്ഞു (നിങ്ങള്‍ ഈ സൂറത് വര്‍ദ്ധിപ്പിക്കുക. കാരണം അത് നിങ്ങളുടെ രക്ഷിതാവിന്‍റെ നസബയാകുന്നു. അത് അമ്പത് പ്രാവശ്യം ഓതിയാല്‍ അവനു അമ്പതിനായിരും സ്ഥാനം വര്‍ദ്ധിപ്പിക്കുകയും അവന്‍റെ അമ്പതിനായിരം ദോഷങ്ങള്‍ മായ്ക്കപ്പെടുകയും അമ്പതിനായിരം നന്മകള്‍ അവനു എഴുതിവെക്കപ്പെടുകയും ചെയ്യും. ആരെങ്കിലും കൂടുതല്‍ ചെയ്താല്‍ അല്ലാഹു അവനു കൂടുതല്‍ നല്‍കുന്നതാണ്. ഒരു യാത്രയില്‍ ഖുല്‍ യാഅയ്യുഹല്‍ കാഫിറൂന എന്ന സൂറത് ഓതിയ സ്വഹാബിയെ കുറിച്ച് അദ്ദേഹം ശിര്‍ക്കില്‍ മുക്തി നേടിയെന്നും ഖുല്‍ഹുവല്ലാഹു അഹദ് എന്ന സൂറത് ഓതിയെ സ്വഹാബിയെ കുറിച്ച് അദ്ദേഹത്തിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടുവെന്നും നബി(സ) പറയുകയുണ്ടായി. ഖുല്‍ഹുവല്ലാഹു അഹദ് എന്ന സൂറത് ഓതിയവനു ആദം നബി(അ) മുതല്‍ അവസാന നാളു വരെയുള്ള സകല മുശ്‍രികുകളുടെ എണ്ണത്തിനു സമാനം നന്മ നല്‍കപെടുകയും പത്തു ദറജ ഏറ്റി കൊടുക്കുകയും ചെയ്യുമെന്ന് ഇബ്നു അബ്ബാസ് (റ) റിപോര്‍ട്ട് ചെയ്യുന്നു. പ്രഭാത നിസ്കാര ശേഷം ഈ സൂറത് പന്ത്രണ്ട് പ്രാവശ്യം ഓതിയവന്‍ നാലു പ്രാവശ്യം ഖുര്‍ആന്‍ ഓതിയവനെ പോലെയാണ്. അവനു തഖ്‍വയുണ്ടെങ്കില്‍ അന്നു ഭൂമിയിലുള്ളവരില്‍ ഏറ്റവും ശ്രേഷ്ഠനാണ്. സുബ്ഹ് ജമാഅതായി നിസ്കരിച്ചതിനു ശേഷം ഖിബ്‍ലക്ക് മുന്നിട്ട് മറ്റൊന്നിലും വ്യാപൃതനാവാതെ നൂറു പ്രാവശ്യം ഇഖ്‍ലാസ് സൂറത് ഓതിയാല്‍ എഴുപത് നബിമാരുടെ അമലു പോലോത്തത് അവനു നല്‍കപ്പെടുന്നതാണ്. ഓരോ പ്രാവശ്യം ഈ സൂറത് പാരായണം ചെയ്യുന്നതിനും ഓരോ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപെടുന്നതായിരിക്കും. സുബ്ഹ് നിസ്കാര ശേഷം ആരോടെങ്കിലും സംസാരിക്കുന്നതിനു മുമ്പ് നൂറു പ്രാവശ്യം ഇഖ്ലാസ് സൂറത് ഓതിയവനു അമ്പതു സ്വിദ്ദീഖീങ്ങളുടെ അമല് നല്‍കപെടുന്നതാണ്. വെള്ളിയാഴ്ച ദിനം നന്നായി കുളിച്ച് നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച്, നല്ല സുഗന്ധം ഉപയോഗിച്ച് വീട്ടില്‍ നിന്നും പള്ളിയില്‍ വന്ന് നാലു റക്അത് സുന്നത് നിസ്കരിക്കുകയും ഓരോ റക്അതിലും ഇഖ്ലാസ് നൂറു വട്ടം ഓതുകയും ചെയ്തു. പിന്നീട് ജുമുഅ നിസ്കാരത്തിനു ശേഷം അതു പോലെ നാലു റക്അത് സുന്നത്ത് നിസ്കരിക്കുകയും ചെയ്തു. എങ്കില്‍, അര്‍ശു വാഹകരായ മലക്കുകള്‍ അര്‍ശിനോടുള്ള അവരുടെ കടപ്പാട് നിര്‍വ്വഹിച്ചതു പോലെ അവന്‍ വെള്ളിയാഴ്ചയോടുള്ള കടപ്പാട് നിറവേറ്റിയിരിക്കുന്നു. ജുമുഅ നിസ്കാരത്തിനു ശേഷം ഖുല്‍ഹുവല്ലാഹു അഹദ്, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്, ഖുല്‍ അഊദു ബിറബ്ബിന്നാസ് എന്നീ സൂറതുകള്‍ ഏഴു പ്രാവശ്യം ഓതിയാല്‍ അടുത്ത ജുമുഅവരെ അല്ലാഹു അവനെ ചീത്തയില്‍ നിന്ന് സംരക്ഷിക്കുന്നതാണ്. ആരെങ്കിലും ദിനേന ഒരു പ്രാവശ്യം ഇഖ്ലാസ് സൂറത് ഓതിയാല്‍ അവനു ബറകത് ചെയ്യപ്പെടും. രണ്ടു പ്രാവശ്യം ഓതിയാല്‍ അവനും അവന്‍റെ കുടുംബവും അനുഗ്രഹീതരാവും. മൂന്നു പ്രാവശ്യമായാല്‍ അവനും അവന്‍റെ കുടുംബവും അയല്‍വാസികളും അനുഗ്രഹീതരാവും. പന്ത്രണ്ടു പ്രാവശ്യം ഓതിയാല്‍ സ്വര്‍ഗത്തിലവനു പന്ത്രണ്ട് കൊട്ടാരങ്ങള്‍ നിര്‍മ്മിക്കപ്പെടും. അറുപതു പ്രാവശ്യം ഓതിയാല്‍, അവന്‍റെ മുപ്പതു വര്‍ഷത്തെ പാപങ്ങള്‍ മായ്ക്കപ്പെടും. സ്വത്തിടപാടുകളും കൊലപാതകവും അതില്‍ പെടുകയില്ല. നൂറു പ്രാവശ്യം ഓതിയവന്‍ അന്ത്യനാളില്‍ ഒരു നബിയുടെ അമലുമായി വരും. നാനൂറു പ്രാവശ്യം ഓതിയാല്‍ നാനൂറു രക്ത സാക്ഷികളുടെ പ്രതിഫലം ലഭിക്കും. ആയിരം പ്രാവശ്യം ഓതിയാല്‍ സ്വര്‍ഗത്തിലെ വാസ സ്ഥലം കണ്ടിട്ടില്ലാതെ അവന്‍ ഈ ലോകത്ത് നിന്നു വിട പറയുകയില്ല. നൂറു പ്രാവശ്യം ഈ സൂറത് ഓതിയവന്‍റെ അതേ സ്ഥാനത്ത് ഒരു നബിയോ അതുപോലെ ഓതിയവനോ മാത്രമേ ഉണ്ടാകൂ. ഇരുനൂറു പ്രാവശ്യം ഓതിയാല്‍ അവന്‍റെ അമ്പതു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും, കൊല, സാമ്പത്തിക ഇടപാടുകള്‍ എന്നിവയൊഴികെ. (ലൈംഗിക കുറ്റങ്ങളും മദ്യപാനവും കൂടി ഒഴികെ എന്ന് മറ്റൊരു റിപോര്‍ട്ടില്‍ വന്നിട്ടുണ്ട്.) അവനെയും ഭാര്യ, സന്താനങ്ങളെയും സമ്പത്തും സംരക്ഷക്കപ്പെടുമെന്ന് മറ്റൊരു റിപോര്‍ടില്‍ വന്നിട്ടുണ്ട്. ഓരോ ഫര്‍ളു നിസ്കാരങ്ങള്‍ക്കു ശേഷവും സൂറതുല്‍ ഇഖ്‍ലാസ് പത്തു പ്രാവശ്യം ഓതിയാല്‍ അവനു അല്ലാഹുവിന്‍റെ പാപമോചനവും തൃപ്തിയും നിര്‍ബന്ധമായിരിക്കുന്നു. മഗ്റിബ് നിസ്കാര ശേഷം ആരോടും സംസാരിക്കുന്നതിനു മുമ്പ്, ഓന്നാമത്തെ റക്അതില്‍ കാഫിറൂന സൂറതും രണ്ടാമത്തേതില്‍ ഇഖ്‍ലാസും ഓതി രണ്ട് റക്അത് സുന്നത് നിസ്കരിച്ചാല്‍ പാമ്പ് പടം പൊഴിക്കുന്നതു പോലെ അവന്‍ പാപങ്ങളില്‍ നിന്നു പുറത്തു പോരുന്നതാണ്. നിസ്കാരത്തിനെന്നപോലെ ശുദ്ധിവരുത്തിയിട്ട്, ഫാതിഹ ഓതിയ ശേഷം നൂറു പ്രാവശ്യം ഇഖ്ലാസ് ഓതിയാല്‍ ഓരോ ഹര്‍ഫിനും പത്ത് നന്മകള്‍ അല്ലാഹു അവനു എഴുതി വെക്കും. പത്തു പാപങ്ങള്‍ മായിച്ചു കളയും. പത്തു ദറജകള്‍ ഉയര്‍ത്തും. നൂറു കൊട്ടാരങ്ങള്‍ അല്ലാഹു അവനു സ്വര്‍ഗത്തില്‍ പണിതു നല്‍കും. ഇത് ശിര്‍കില്‍ നിന്ന് മുക്തി നേടലാണ്. മലക്കുകളെ വിളിച്ചു വരുത്തുന്നതാണ്. പിശാചുകളെ ആട്ടിയകറ്റുന്നതാണ്. ഇത് അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ കടാക്ഷത്തിനു കാരണമാകും. അങ്ങനെയെങ്കില്‍ പിന്നെ അല്ലാഹു അവനെ ശിക്ഷിക്കുക തന്നെയില്ല. ഇരുപത് പ്രാവശ്യം ഇഖ്‍ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അവന്‍ നബിമാരുടെ കൂടെയായിരിക്കും. നടുവിരലും അതിനടുത്ത വിരലും തള്ളവിരലിനോടു ചേര്‍ത്തു വെച്ചു കാണിച്ചു കൊടുത്താണ് റസൂല്‍ (സ) ഇതു വിശദീകരിച്ചത്. മുപ്പതു പ്രാവശ്യം ഇഖ്‍ലാസ് ഓതിയാല്‍ നരക മോചനത്തിനു അത് കാരണമാകും. ശിക്ഷയില്‍ നിന്ന് നിര്‍ഭയത്തിനും ഏറ്റവും ഭയാനകരമായ ദിവസം ശാന്തിയും ലഭിക്കും. ആരെങ്കിലും ഖുല്‍ഹുല്ലാഹു അഹദ് എന്ന സൂറത് ഓതിയാല് ആകാശ തലത്തില്‍ അവന്‍റെ ശിരസ്സിലേക്ക് നന്മകള്‍ ചിതറി വീഴും. സകീനത് ഇറങ്ങി വരും. റഹ്‍മാന്‍ അവനെ പൊതിയും. അര്‍ശിനോടു ചേര്‍ത്തിവെക്കും. അല്ലാഹു അവ്നെ കാരുണ്യത്തോടെ നോക്കും. അവന്‍ ചോദിച്ചെതെന്തും അല്ലാഹു അവനു നല്‍കും. അല്ലാഹുവിന്‍റെ കാവലിലായിരിക്കും അവന്‍. രാവിലെയും വൈകുന്നേരവും ഇഖ്‍ലാസും മുഅവ്വദതൈനിയും മുമ്മൂന്നു പ്രാവശ്യം ഓതിയാല്‍ ആ ദിവസത്തില്‍ ഏതു കാര്യത്തിനും അതു മതിയാകുന്നതാണ്. രാത്രി ഇഖ്‍ലാസും മുഅവ്വദതൈനിയും ഓതാതെ ഉറങ്ങരുതെന്ന് ഉഖ്ബതു ബ്നു ആമിര്‍ (റ)നോട് നബി(സ) ഉപദേശിച്ചിരുന്നു. നബി(സ) കിടക്കാനൊരുങ്ങിയാല്‍ ഇവ ഓതി കൈയില്‍ ഊതി ദേഹമാസകലം സാധ്യമായത്ര തടവാറുണ്ടായിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വലതു വശം ചെരിഞ്ഞു കിടക്കുകയും നൂറു പ്രാവശ്യം ഇഖ്‍ലാസ് ഓതുകയും ചെയ്താല്‍ ഖിയാമത് ദിനം അവനോടു റബ്ബു പറയും - എന്‍റെ ദാസനേ, നീ നിന്‍റെ വലതു വശത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ. ഈമാനോടെ മൂന്നു കാര്യങ്ങള്‍ ചെയ്താല്‍ അവന്‍ ഇഷ്ടപെട്ട കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഹൂറുല്‍ഈനുകളില്‍ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാം. ഘാതകനു മാപ്പു നല്‍കിയവന്‍, ഗോപ്യമായ കടം വീട്ടിയവന്, ഫര്‍ളു നിസ്കാരങ്ങള്‍ക്കു പിറകെ പത്തു പ്രാവശ്യം ഇഖ്ലാസ് ഓതിയവന്‍. നബി(സ) ഇതു പറഞ്ഞപ്പോള്‍ അബൂബക്‍ര്‍ (റ) ചോദിച്ചു.. ഇവയില്‍ ഒന്നു ചെയ്താലും അല്ലാഹുവിന്‍റെ റസൂലേ. നബി(സ) പറഞ്ഞു - അവയില്‍ ഒന്നു ചെയ്താലും. ദിവസവും ഇരുനൂറു പ്രാവശ്യം ഇഖ്‍ലാസ് ഓതിയാല്‍ സ്വര്‍ഗത്തില്‍ യഥേഷ്ടം എവിടെയും പോകാവുന്നതാണ്. രാത്രിയും പകലും ഇഖ്‍ലാസ്, ആയതുല്‍കുര്‍സിയ്യ് എന്നിവ പത്തു പ്രാവശ്യം ഓതിയാല്‍ അല്ലാഹുവിന്‍റെ വലിയ തൃപ്തിക്കു കാരണമാകും. അമ്പിയാക്കളുടെ കൂടെയായിരിക്കും. ശൈഥാനില്‍ നിന്നു കാവല്‍ ലഭിക്കും. ആയിരം പ്രാവശ്യം ഇഖ്‍ലാസ് ഓതുന്നത് അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ആയിരം മൂക്കുകയിറിട്ട, ജീനി ധരിച്ച കുതിരകളേക്കാള്‍ അല്ലാഹുവിന് ഇഷ്ടമാണ്. ഖബ്റിസ്ഥാനിലൂടെ നടന്നു പോകുമ്പോള്‍ പത്തു പ്രാവശ്യം ഖുല്‍ ഹുവല്ലാഹു അഹദ് എന്ന സൂറത് ഓതി അതിന്‍റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്താല്‍ മരണപെട്ടവരുടെ എണ്ണത്തിനനുസരിച്ച് അവനു പ്രതിഫലം നല്‍കപ്പെടുന്നതാണ്. യാത്ര പുറപ്പെടുമ്പോള്‍ വാതില്‍ കട്ടിലയുടെ രണ്ടു ഭാഗവും പിടിച്ചിട്ട് പതിനൊന്നു പ്രാവശ്യം ഇഖ്‍ലാസ് സൂറത് ഓതിയാല്‍ അല്ലാഹു ആ വീടിനു കാവല്‍ നില്‍കും. വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ സൂറത് ഓതിയാല്‍ ദാരിദ്ര്യം ഇല്ലാതാകുകയും അതു മൂലം അയല്‍ക്കാര്ക്ക് ഉപകാരപ്പെടുകയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലാന്‍ മറന്നുപോയാല്‍, ഭക്ഷണ ശേഷം ഖുല്‍ഹുവല്ലാഹു അഹദ് എന്ന സൂറത് ഓതണമെന്ന് ജാബിര്‍ (റ) റിപോര്‍ട്ട് ചെയ്ത ഹദീസ് ഹില്‍യതില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ തേള് കടിയേറ്റിടത്ത് റസൂല്‍ (സ) ഇഖ്‍ലാസ്, മുഅവ്വിദതൈന്‍ ഓതി മന്ത്രിക്കുകയും ഉപ്പു വെള്ളം കൊണ്ട് കഴുകുകയും ചെയ്തു. ഭ്രാന്തിന്‍റെ ചില ലക്ഷണങ്ങളുമായി കൊണ്ടുവന്ന ഒരാളെ നബി(സ) മന്ത്രിക്കുന്ന കൂട്ടത്തില്‍ ഇഖ്ലാസുമുണ്ടായിരുന്നു. അല്‍ഇതാഖതുല്‍ കുബ്റാ അഥവാ അല്‍ഇത്ഖുല്‍ അക്‍ബര്‍ എന്നത് ഒരു ലക്ഷം (ഖുല്‍ ഹുവല്ലാഹു അഹദ്…) എന്നു തുടങ്ങുന്ന സുറതുല്‍ ഇഖ്‍ലാസ് ഓതി മരണപ്പെട്ടവര്‍ക്ക് ഹദ്‍യ ചെയ്താല്‍ അതു മൂലം നരകത്തില്‍ നിന്നു മോചനം ലഭിക്കും. സ്വാവി ഇമാം ഈ കാര്യം ജലാലൈനിയുടെ ഹാശിയതില്‍ പറയുന്നു. ഈ ഹദീസ് ദഈഫാണെങ്കിലും ഫദാഇലുല്‍ അഅ്മാലില്‍ സ്വീകാര്യമാണ്. മരണം ആസന്നമായ സമയത്ത് ഒരു ലക്ഷം ഇഖ്‍ലാസ് സൂറത് ഓതിയാല്‍ ഖബ്റിലെ ഫിത്‍നയില്‍ നിന്നും ഖബ്റിന്‍റെ ഞെരുക്കത്തില്‍ നിന്നും രക്ഷ നേടും. മലക്കുകളുടെ കരങ്ങളിലായി സ്വിറാഥ് കടക്കുകയും ചെയ്യും. അറഫ ദിനം ഈ സൂറത് ആയിരം പ്രാവശ്യം ഓതിയാല്‍ അവന്‍ ചോദിച്ചതെല്ലാം അല്ലാഹു നല്‍കും.   അവലംബം 1) Quranonweb.net 2) فتح المعين بشرح قرة العين 3) فضائل القرآن لابن الضريس 4) فضائل القرآن للضياء المقدسي 5) فضائل القرآن للمستغفري 6) كتاب الدعوات للمستغفري 7) إعانة الطالبين 8) islamonweb.net ലെ മറ്റൊരു ചോദ്യോത്തരം (എഴുപതിനായിരം തഹലീല്‍ ചൊല്ലുന്നത്) 9) تفسير الثعلبي 10) تفسير ابن كثير 11) الدر المنثور കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter