അമുസ്ലിമായ, ഇസ്ലാമിനെ പറ്റി പഠിക്കുന്ന ഒരാൾക്ക് അറബിയിൽ ഉള്ള ഖുർആൻ വുളൂ ഇല്ലാതെ തൊടാൻ പറ്റുമോ? പരിഭാഷ ആണെങ്കിൽ?
ചോദ്യകർത്താവ്
Muhammad Hy
Dec 5, 2018
CODE :Qur8981
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പരിശുദ്ധ ഖുർആൻ തൊടാൻ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകൽ നിർബ്ബന്ധമാണ്. ഇത് ഇതര ഗ്രന്ഥങ്ങളേക്കാൾ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുർആനിനെ ആദരിക്കുന്നതിന്റെ ഭാഗമായി പാലിക്കേണ്ട നിർബ്ബന്ധമായ മര്യാദയാണ്. ഒരു അമുസ്ലിമിന് ഇസ്ലാമിക നിയമപ്രകാരമുള്ള ഈ ശുദ്ധിയാകൽ മുസ്ലിമാകാതെ സാധ്യമാകില്ലാ എന്നതിനാൽ അദ്ദേഹത്തിന് മുസ്ഫഫ് തൊടാനോ അതിന് സംവിധാനം ഒരുക്കാനോ പാടില്ല. എന്നാൽ അദ്ദേഹത്തിന് ഖുർആൻ കേൾക്കാം, അത് പോലെ സദുദ്ദേശ്യത്തോടെ വിശുദ്ധ ഖുർആൻ പഠിക്കാനാഗ്രഹിക്കുന്ന അമുസ്ലിമിനെ ഖുർആൻ പഠിപ്പിക്കുകയും ഓതി മനസ്സിലാക്കാനുള്ള സൌകര്യം ഒരുക്കുകയും ചെയ്യാം. എന്നാൽ ഒരു ഗ്രന്ഥത്തിൽ വിശുദ്ധ ഖുർആനിന്റെ കൂടെ അതിന്റെ തഫ്സീർ കൂടിയുണ്ടാകുകയും അതിൽ തഫ്സീറിലെ അക്ഷരങ്ങൾ ഖുർആനിലെ അക്ഷരങ്ങളേക്കാൾ കൂടുതലുണ്ടാകുകയും ചെയ്താൽ അതിന് പിന്നെ മുസ്ഹഫ് എന്ന് പറയില്ല. അതിനാൽ അത് തൊടുന്നതിനോ ചുമക്കുന്നതിനോ ഉപര്യുക്ത രീതിയിൽ ശുദ്ധിയാകൽ നിർബ്ബന്ധമില്ല. അതേ സമയം വിശുദ്ധ ഖുർആനിന്റെ അക്ഷരങ്ങൾ തഫ്സീറിനേക്കാൾ കൂടുകയോ സമമാകുകയോ ചെയ്താൽ ഇത് രണ്ടും അനുവദനീയവുമല്ല (ബുഖാരി, മുസ്ലിം, ശറഹുൽ മുഹദ്ദബ്, ഇഖ്നാഅ്, നിഹായ, ഇആനത്ത്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ