ഇനി ഉംറയുടെ കാലം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രായപൂര്‍ത്തിയും വിശേഷബുദ്ധിയും കഴിവുമുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിമിനും ജീവിതത്തില്‍ ഒരുതവണ ഹജ്ജും ഉംറയും നിര്‍ബന്ധമാണ്. ഹജ്ജും ഉംറയും രണ്ട് ഇബാദത്തുകളാണ്. അതു കൊണ്ട് തന്നെ ഹജ്ജ് നിര്‍ബന്ധമില്ലാത്തവര്‍ക്കും ചിലപ്പോള്‍ ഉംറ നിര്ബന്ധമായിയെന്നുവരാം. ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക കഴിവ് ഒരാള്‍ക്കില്ല. അതേ സമയം, ഉംറ ചെയ്യാനുള്ള സാമ്പത്തിക കഴിവുണ്ട്. എങ്കില്‍ അവന് ഉംറ നിര്‍ബന്ധമായി; ഹജ്ജ് നിര്ബന്ധമായിട്ടുമില്ല. ഇന്ന് പലരും ഹജ്ജിന്റെ കഴിവിനുവേണ്ടി കാത്തിരിക്കുകയാണ്. അങ്ങനെ, ഹജ്ജ് ചെയ്യാന്‍ പോകുമ്പോള്‍ ഉംറ ചെയ്യുക എന്ന മട്ടിലാണ്. അവന്റെമേല്‍ എത്രയോ വര്‍ഷം മുമ്പ് ഉംറ നിര്‍ബന്ധമായത് അവന് ശ്രദ്ധിച്ചിട്ടുണ്ടാവില്ല; അല്ലെങ്കില്‍ ഗൗനിച്ചിട്ടില്ല. അതുമല്ലെങ്കില്‍ ഹജ്ജ് നിര്‍ബന്ധമാവാതെ ഉംറ നിര്ബന്ധമാകില്ലെന്നു ധരിച്ചിരിക്കുകയാവും. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്. ഉംറയ്ക്കു പോകുന്നവന്റെ ചെലവില്‍ ജീവിക്കുന്ന ഭാര്യ-സന്തതികള്‍ മുതലായവരുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ മുഖ്യാവശ്യങ്ങള്‍ അവന് മടങ്ങിവരുന്നതുവരെ നിര്‍വഹിക്കുവാനുള്ള വകയും കടം ഉണ്ടെങ്കില്‍ അതു വീട്ടാനുള്ള കഴിവും അനുയോജ്യമായ പാര്‍പ്പിടവും തൊഴില്‍ ചെയ്യുന്നവന്റെ തൊഴില്‍ ഉപകരണങ്ങളും കഴിച്ച് തന്റെ യാത്രാചെലവുകള്‍ക്കുള്ള സംഖ്യ ബാക്കിയുള്ളവര്‍ക്കെല്ലാം ഉംറ നിര്‍ബന്ധമാണ്. ഈ പറഞ്ഞ ചെലവുകള്‍ കഴിച്ച് ബാക്കിവരുന്നത് കച്ചവട സ്വത്താണെങ്കിലും ഭൂസ്വത്താണങ്കിലും അതു വിറ്റ് ഉംറ ചെയ്യല്‍ നിര്‍ബന്ധമാണ്; ഹജ്ജ് ചെയ്യാനുള്ള സംഖ്യയുണ്ടെങ്കില്‍ ഹജ്ജും. നിര്‍ബന്ധമാകുവാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തുചേര്‍ന്ന ഒരാള്‍ ഉംറ ചെയ്യാതെ മരണപ്പെട്ടാല്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് സ്വത്തുണ്ടെങ്കില്‍ ആ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍ അയാള്‍ക്കുവേണ്ടി ഉംറ ചെയ്യണം. അല്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കണം. രണ്ടാലൊന്ന് നിര്‍ബന്ധമാണ്; ഹജ്ജ് നിര്‍ബന്ധമായവനാണെങ്കില്‍ ഹജ്ജും. ഈ പറഞ്ഞ ഉംറയും പിന്തിക്കാതെ നിര്‍വഹിക്കണം. നിരവധി പുണ്യമുള്ള ഒരു ആരാധനയാണ് ഉംറ. കഴിയുന്നത്ര ഉംറ വര്‍ധിപ്പിക്കാന്‍ നബി(സ്വ) ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു ഉംറ ചെയ്തവന് രണ്ടാമതും ഉംറ ചെയ്താല്‍ രണ്ടിന്റെയും ഇടയിലുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെടും. റമളാനിലെ ഒരു ഉംറ ഒരു ഹജ്ജ് ചെയ്തതിന് തുല്യമാണ്. ഉംറ ചെയ്യാന്‍ കഴിവുള്ളവന് അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണല്ലോ. ആ കര്‍മം ചെയ്തതുകൊണ്ട് മാത്രം അവന് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നില്ല. ചിലര്‍ ഹജ്ജിന്റെ മാസങ്ങളല്ലാത്ത കാലത്ത് ഉംറ ചെയ്തു നാട്ടിലെത്തിയാല്‍ നീ കഅ്ബ കണ്ടവനല്ലേ, നീ ഉംറ ചെയ്തവനല്ലേ നിനക്ക് ഹജ്ജ് കടമയായി എന്ന് ചിലര്‍ പറയാറുണ്ട്. ഹജ്ജ് അവന് നിര്‍ബന്ധമായി എന്നാണവരുടെ ധാരണ! ഇത് ശരിയല്ല. അതുപോലെത്തന്നെ ഹജ്ജിന്റെ മാസങ്ങളില്‍ (ഉദാഹരണം: ശവ്വാലിലോ ദുല്ഖഅ്ദിലോ) ഉംറ ചെയ്താല്‍ ഹജ്ജ് നിര്‍ബന്ധമാണെന്ന ധാരണയും തിരുത്തപ്പെടേണ്ടതാണ്. ഹജ്ജിന്റെ മാസങ്ങളില്‍ ഉംറ ചെയ്തു ഹജ്ജിന്റെ കര്‍മങ്ങളുടെ ദിവസങ്ങള്‍ക്കു മുമ്പ് (ദുല്‍ഹിജ്ജ എട്ടിനു മുമ്പ്) മക്ക വിട്ട് നാട്ടിലേക്കു തിരിക്കല്‍ അനിവാര്യമായി വരികയും നാട്ടിലേക്ക് തിരിക്കുകയും ചെയ്തവനും ഹജ്ജ് നിര്‍ബന്ധമാകുന്നില്ല. ഹജ്ജ് ചെയ്യാനുള്ള സൗകര്യം അവനു ലഭിച്ചിട്ടില്ലെന്നതാണ് ഇവിടെ കാരണം. അപ്രകാരംതന്നെ ഹജ്ജിന് സാമ്പത്തിക കഴിവില്ലാത്തവന് ഹജ്ജിന്റെ വേളയില്‍ മക്കാ ഭൂമിയിലുണ്ട്. പക്ഷേ, അവന് ജയിലിലാണ്. അവനും ഹജ്ജ് നിര്‍ബന്ധമാകുന്നില്ല. സാമ്പത്തിക കഴിവുള്ളവന്ന് ജീവിതത്തില്‍ ഒരു തവണ ഹജ്ജ് ചെയ്യലോ സ്വന്തമായി അവനുവേണ്ടി അവന് മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കലോ നിര്‍ബന്ധമാണെന്ന നിയമം പ്രസിദ്ധമാണല്ലോ.
ഉംറയുടെ രൂപം നിശ്ചിത സ്ഥലത്തുവച്ച് ഉംറയ്ക്ക് ഇഹ്റാം ചെയ്യുക. പക്ഷേ, നാം ആ സ്ഥലത്ത് എത്തുന്നില്ല. നമ്മുടെ നാടുകളില്‍നിന്നു പോകുന്നവര്‍ക്ക് യലംലമിനു നേരെയെത്തുമ്പോഴാണ് ഇഹ്റാമിന്റെ നിശ്ചിത സ്ഥലമെത്തുക. അതു കാത്തുസൂക്ഷിക്കലും കൃത്യമായി അറിയലും പ്രയാസകരമാണ്. അതിനാല്‍, സൗകര്യപൂര്‍വം അതിനു മുമ്പേ ഇഹ്റാം ചെയ്തിരിക്കണം. എന്നാല്‍, ഇഹ്റാമിന്റെ ചിട്ടകളില്‍ കൂടുതല്‍ ദിവസം കഴിഞ്ഞു കൂടല്‍ നമുക്ക് പ്രയാസകരമാണ്. തന്മൂലം അത്യാവശ്യ സമയം മാത്രം ഇഹ്റാമിലായി കഴിയാന്‍ സൗകര്യപ്പെടും വിധം സൂക്ഷിച്ച് ഇഹ്റാം ചെയ്യണം. ഉംറ ചെയ്യുന്നു എന്ന് കരുതുന്നതിനാണ് ഇഹ്റാം എന്ന് പറയുന്നത്. ഇഹ്റാം ചെയ്യലോടെ അതിന്റെ ചിട്ട പാലിക്കണം. വിഷമം ഒഴിവാക്കാന്‍ യാത്ര പരമാവധി ഉറപ്പ് വരുത്തിയശേഷം ഇഹ്റാം ചെയ്യലാണ് നല്ലത്. അതുകൊണ്ട് വിമാനം പറന്നുയര്‍ന്ന് അതിന്റെ ശരിയായ വിതാനത്തിലെത്തി സീറ്റില്‍ കെട്ടിയ ബെല്‍റ്റ് അഴിക്കാന്‍ അറിയിപ്പ് വന്നശേഷമാണ് ഉംറ കരുതി ഇഹ്റാമില്‍ പ്രവേശിക്കാന്‍ നല്ലത്. ഇത് ഏറ്റവും പുണ്യമുള്ള രൂപമല്ല, ഇഹ്റാമില്‍ കൂടുതല്‍ കാലം നിലകൊള്ളുന്നതാണ് പുണ്യം. നമ്മുടെ ദൗര്‍ബല്യമനുസരിച്ച് സൗകര്യപ്രദമായ ഒരു രൂപം ഉണര്ത്തിയതാണ്. ജിദ്ദയില്‍ വിമാനമിറങ്ങുന്നതുവരെയും ശേഷവും തല്‍ബിയത്ത് ചൊല്ലുക. മക്കയിലെത്തിയാല്‍ ഉംറയുടെ ത്വവാഫ് ചെയ്യുക. മര്‍വയില്‍ വച്ച് മുടി നീക്കുക. ഇതോടെ ഉംറ അവസാനിച്ചു. ഇനി ഇസ്ലാമിക വേഷത്തില്‍ ജീവിക്കാം. മക്കയില്‍വച്ച് ഉംറ വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്രയും ഉംറ ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുന്ന രൂപം ഇങ്ങനെ: ''മീഖാത്തില്‍ ചെന്ന് ഇഹ്റാം ചെയ്തു കഅ്ബ ത്വവാഫ് ചെയ്യുകയും ശേഷം സഅ്യ് ചെയ്തു മര്‍വയില്‍വച്ച് മുടിനീക്കുകയും ചെയ്യുക. ഇതോടെ ഉംറ അവസാനിച്ചു.'' ഉംറ നിര്ബന്ധമായവന് മരണപ്പെട്ടു. പക്ഷേ, മരണസമയം സ്വത്തില്ലെങ്കില്‍ അവകാശികളോ മറ്റോ അയാള്‍ക്കുവേണ്ടി ഉംറ നിര്‍വഹിക്കല്‍ നിര്‍ബന്ധമില്ല. എങ്കിലും അതു സുന്നത്താണ്. മരിച്ചയാളെ തൊട്ട് ഉംറ ചെയ്യുന്നത് അവകാശികള്‍ തന്നെയാവണമെന്നില്ല, അന്യരുമാവാം. അവകാശികളുടെ സമ്മതമില്ലാതെങ്കിലും അന്യര്ക്കതാകാവുന്നതാണ്. മരിച്ചയാള്‍ക്കുവേണ്ടി ചെയ്യുന്ന ഉംറ നിര്‍ബന്ധമായിരിക്കണം. അതായത്, ജീവിതകാലത്ത് അവന് ഉംറ ചെയ്യാതെ മരണപ്പെട്ടവനാവണം. അയാള്‍ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ സുന്നത്തായ ഉംറ ആവാം. ഈ പറഞ്ഞ നിയമങ്ങള്‍ ഹജ്ജിനും ബാധകമാണ്. ഏതു യാത്രയായാലും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇടതുകാല് വച്ചിറങ്ങലാണ് സുന്നത്ത്. ഇക്കാര്യം ഇമാം ഇബ്നു ഹജര്‍(റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ ഹദീസിയ്യ, പേജ്: 62) വീടിന്റെ അകവും പുറവും പരിഗണിക്കുമ്പോള്‍ അകമാണല്ലോ നല്ലത്. അതുകൊണ്ടാണ് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇടതുകാല് മുന്തിക്കണമെന്നും വീട്ടിലേക്ക് പ്രവേശിക്കുമ്പോല്‍ വലതുകാല്‍ മുന്തിക്കണെമെന്നും നമ്മുടെ ഇമാമുകള്‍ പറഞ്ഞത്. അതിനുപുറമെ യാത്ര ഒരു പീഡനമാണല്ലോ. ഈ പീഡനത്തിനിറങ്ങുമ്പോള് ഇടതുകാലാണ് മുന്തിക്കേണ്ടത്. (ഫതാവല്‍ കുബ്റാ: 1/61) വാഹനത്തില്‍ കയറുമ്പോള്‍ വലതുകാല്‍ മുന്നോട്ടുവച്ച് കയറണം. (ഇആനത്ത്: 1/104)
Leave A Comment