ഇൽഹാ ഫൊർമോസയിലെ പ്രവാചക പ്രകീർത്തനങ്ങൾ

തായ്വാനിലെ ഇസ്ലാമിക സമൂഹം

കേരളത്തിലേതിന് സമാനമായ കാലാവസ്ഥയാണെങ്കിലും വലിപ്പത്തിൽ ചെറുതാണ് തായ്‌വാൻ എന്ന കൊച്ചു ദ്വീപ്. ഫൊർമോസ എന്ന ലാറ്റിൻ നാമത്തിലും അറിയപ്പെടുന്ന ഈ രാജ്യത്തിൽ ചൈനീസ് ഭാഷയാണ് കൂടുതലുപയോഗിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ അര ശതമാനം പോലും ഇല്ലാത്തവരാണ് ഇവിടുത്തെ ഇസ്‌ലാമിക സമൂഹം. പതിനേഴാം നൂറ്റാണ്ടിനുശേഷം ചൈനയിൽ നിന്നും വന്ന ചില പട്ടാളക്കാരുടെ പിന്മുറക്കാരായ 'ഖൂദൂ' വംശത്തിലുള്ളവരാണ് ദ്വീപിൽ കൂടുതൽ വസിക്കുന്നത്. 1947-ൽ ആദ്യ മുസ്ലിം പള്ളി തായ്‌പേയിൽ നിർമിച്ചു. പിന്നീട്, മത പരമായും സാമൂഹികമായുമുള്ള ഇസ്‌ലാമിക അസ്തിത്വം നിലനിർത്തുന്നതിന്റെ ഭാഗമായി ഏഴ് മസ്ജിദുകൾ കൂടി ദ്വീപിന്റെ പല ഭാഗങ്ങളിലായി നിർമ്മിക്കപ്പെട്ടു. തത്ഫലമായി, ചിന്നിച്ചിതറികഴിഞ്ഞിരുന്ന വിശ്വാസി സമൂഹം മതാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പരസ്പരം അടുത്തിടപഴകാൻ കാരണമായി. ഓരോ വർഷവും നാമമാത്ര വളർച്ചയിലുള്ള ഇവിടുത്തെ ഇസ്‌ലാംമത വിശ്വാസികൾ പരമ്പരാഗത അഹ് ലുസ്സുന്നത്തു വൽ ജമാഅത്തിന്റെ ആശയങ്ങൾ പിന്തുടരുന്നവരാണ്. ഭൂരിപക്ഷവും ഹനഫി ചിന്താധാര ഉൾക്കൊള്ളുന്നവരാണെങ്കിലും ചില പ്രദേശങ്ങളിൽ ഷാഫി ചിന്താധാരയിൽ ജീവിക്കുന്നവരേയും കാണാൻ സാധിക്കും.

ഓരോ ആരാധനാലയങ്ങളും മദ്രസ്സകളും ഇവിടുത്തെ സർക്കാരിൽ രജിസ്റ്റർ ചെയ്ത് ചിട്ടയായ ഭരണ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പള്ളികളുടേയും മത പരമായ സ്ഥാപങ്ങളുടേയും മുഴുവൻ ചുമതലകൾ ചൈനീസ് മുസ്ലിം അസോസിയേഷന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തായ്‌വായനിലാരംഭിച്ച ഈ സംഘടനക്ക് 46 ലോകരാജ്യങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. തായ്‌വാനിലെ ജനാതിപത്യ സർക്കാരും ചൈനീസ് സംഘടനയും മറ്റു പല അന്താരാഷ്ട്രാ തലത്തിലുള്ള സന്നദ്ധ സംഘടനകളുമെല്ലാം ചേർന്ന് നടത്തുന്ന മതപരവും സാമൂഹിക പരവുമായ കാര്യങ്ങൾ ഏറെ സ്തുത്യര്ഹമാണ്. അതിലുപരി, കേവലം 0.3 ശതമാനം വരുന്ന ഇസ്‌ലാം മത വിശ്വാസികൾക്ക് ഭരണപരമായും സാമൂഹികപരമായും സഹായം നൽകുന്ന ഭരണകൂട നിലപാടും അഭിനന്ദാർഹമാണ്.

.ദ്വീപിലെ നബിദിനാഘോഷം

കേരളത്തിലേതുപോലെ വിപുലമായ രീതിയിൽ നബിദിനം ആഘോഷിക്കുന്നവരല്ല തായ്‌വാനികൾ. ജനസംഖ്യയിലുള്ള കുറവും മത വിദ്യാഭ്യാസത്തിലെ ദൗർലഭ്യതയും ബൗദ്ദിക വിദ്യാഭ്യാസത്തിന്റ കുത്തൊഴുക്കുമെല്ലാം വിവിധ മത ചടങ്ങുകളിൽ വിശ്വാസികൾ പിന്നാക്കം നിൽക്കാൻ കാരണമാകുന്നു. അതിനിടയിൽ, പാശ്ചാത്യ സംസ്കാര രീതികളുടെ കടന്ന് വരവും, പരമ്പരാഗത ചൈനീസ്-ബുദ്ധ- കൺഫ്യൂഷ്യസ് മതാചാരങ്ങളുമായി ജീവിതം കൂട്ടിക്കലർത്തലുമെല്ലാം പുതു തലമുറയിൽ മത പരമായ അനുഷ്ടാങ്ങൾക്ക് വ്യതിയാനങ്ങൾ സംഭവിക്കാൻ കാരണമായിട്ടുണ്ട്.

നാട്ടിലേത് പോലെ നബിദിന റാലികളും കുട്ടികളുടെ ആഘോഷ പരിപാടികളൊന്നും നമുക്കിവിടെ കാണാൻ സാധിക്കില്ല. റബീഉൽ അവ്വൽ പന്ത്രണ്ടിനോ, അല്ലെങ്കിൽ തൊട്ടടുത്ത ഒഴിവു ദിവസങ്ങളിലോ, വിദേശികളും സ്വദേശികളുമായവർ ചോങ്ഗ്ലി ജില്ലയിലെ തായോൺ സിറ്റിയിലുള്ള ലോങ്ങ് ഗാങ് പള്ളിയിൽ ഒത്തുചേരുന്നു. അന്നേ ദിവസം മസ്ജിദിന് ചുറ്റും വിവിധ വർണ്ണങ്ങളിലുള്ള തോരണങ്ങളും മറ്റുമായി അലങ്കരിക്കുകയും, മറ്റുള്ള ദിനങ്ങളേക്കാൾ കൂടുതൽ ആകർഷത വരുത്തുകയും ചെയ്യുന്നു. പ്രാർത്ഥനാ നിർഭരമായ നിമിഷങ്ങളിൽ മൗലിദുകളും പ്രവാചക പ്രകീർത്തനങ്ങളുമെല്ലാം ഗദ്യ-പദ്യ രൂപത്തിൽ ചൊല്ലി സമയം ചിലവൊഴിക്കുന്നു. ഇന്തോനേഷ്യയിലുള്ളവരാണ് കൂടുതലും ഇവയ്ക്ക് നേതൃത്വം നൽകുന്നത്. പ്രാത്ഥനകൾക്ക് ശേഷം നബി വചനങ്ങൾ അന്വർത്ഥമാക്കിക്കൊണ്ട് ഒരുമിച്ച് തായ്‌വാൻ-ഇന്തോനേഷ്യൻ ഭക്ഷണ വിഭവങ്ങൾ കഴിക്കുകയും പരസ്പരം പരിചയപ്പെടുകയും ചെയ്യുന്നു. സാമൂഹിക ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും ഹൃദയ സംസ്കരണത്തിന്റെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും മൂല്യത്തെ ഓർമിപ്പിക്കുന്നതാണ് ഇവിടുത്തെ ഓരോ നബിദിനാഘോഷത്തിന്റേയും സാമൂഹിക സന്ദേശം. പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും വിവിധ സംസ്കാരങ്ങൾ മനസ്സിലാക്കാനുമെല്ലാം ഈ അവസരം ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഈ ദിനം പങ്കെടുക്കുന്ന ഏതൊരാൾക്കും ജീവിതത്തിൽ ഹൃദ്യമാണ്.

തയ്യാറാക്കിയത്:(മുഹമ്മദ് മുഹ്‌സിൻ വരിക്കോടൻ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter