കേരളമെന്നല്ല, ലോകം തന്നെ ലോക് ഡൌണ്‍ ആയിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയെ മരുന്നുകളിലൂടെ തടുത്തുനിര്‍ത്താനാവാതെ, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാത്രമാണ് പരിഹാരമെന്ന് മനസ്സിലാക്കി, ലോകരാഷ്ട്രങ്ങളെല്ലാം അതിലേക്ക് നീങ്ങിക്കഴിഞ്ഞു. കൊണ്ടറിയും മുമ്പ് കണ്ടറിയുന്നവനാണ് ബുദ്ധിമാന്‍. വിശിഷ്യാ, സോഷ്യല്‍ഡിസ്റ്റന്‍സിംഗ് വേണ്ട സമയത്ത് വേണ്ടപോലെ നടപ്പിലാക്കാതെ പോയതിനാല്‍ വന്‍വില കൊടുക്കേണ്ടിവന്ന ഇറ്റലിയടക്കമുള്ള രാഷ്ട്രങ്ങള്‍ ഉദാഹരണങ്ങളായുണ്ട് താനും. 


എന്നിട്ടും അതിന് വഴങ്ങാത്തവരെ സ്വയം നാശത്തിലേക്ക് കുതിക്കുന്നവരെന്നേ പറയാനൊക്കൂ. അത് അവരെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നെങ്കില്‍ ഉപദേശിച്ചിട്ടും ഉള്‍ക്കൊള്ളാത്ത പക്ഷം പാട്ടിന് വിടാമായിരുന്നു. എന്നാല്‍, ഇത് സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നമാണ്. നിങ്ങള്‍ ലോക് ഡൌണായില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടിയാണ് പ്രശ്നം എന്നതാണ് ഇവിടത്തെ കാര്യം. 


ആയതിനാല്‍, അത് അംഗീകരിപ്പിച്ചേ തീരൂ. അത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇറ്റലിയില്‍ മരണസംഖ്യ കൂടിവരുമ്പോള്‍, നാമൊക്കെ അറിയാതെയെങ്കിലും കുറ്റപ്പെടുത്തുന്നത് അവിടത്തെ സര്‍ക്കാറിനെയാണല്ലോ. തല്‍ക്കാലം നമുക്ക് ഒത്ത് കൂടലുകളെല്ലാം മാറ്റിവെക്കാം, അല്‍പദിവസത്തേക്ക് വീടുകളില്‍ കഴിഞ്ഞ് കൂടാം, അത് വേറെ ആര്‍ക്കും വേണ്ടിയല്ല, നമുക്ക് വേണ്ടി, നാം കാരണം മറ്റൊരാളും ബുദ്ധിമുട്ടാതിരിക്കാന്‍ വേണ്ടി, അതിനും പ്രതിഫലം ലഭിക്കാതിരിക്കില്ല, തീര്‍ച്ച.