ഇന്തോനേഷ്യ
ലോക ജനസംഖ്യയില്‍ അഞ്ചാം സ്ഥാനവും മുസ്‌ലിം ജനസംഖ്യയില്‍ ഒന്നാം സ്ഥാനവുമുള്ള ഏഷ്യന്‍ രാജ്യം. റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ എന്നതാണ് ഔദ്യോഗിക നാമം. തലസ്ഥാനം ജക്കാര്‍ത്ത. 19,04,569 ച. കി. മി വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപുസമൂഹമായ ഈ രാജ്യത്ത് (2011 പ്രകാരം) 242,325,638 ആളുകള്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്തോനേഷ്യന്‍ ഭാഷയാണ് ഔദ്യോഗിക ഭാഷ. അതിരുകളില്‍ വടക്ക് മലേഷ്യയും പടിഞ്ഞാറ് ഇന്ത്യന്‍ മഹാ സമുദ്രവും കിഴക്ക് പസഫിക് സമുദ്രവും തെക്കു കിഴക്കായി ഓസ്ട്രേലിയയും സ്ഥിതിചെയ്യുന്നു. റുപയ്യ ആണ് നാണയം. 90 ശതമാനം മുസ്‌ലിംകളുള്ള രാജ്യത്ത് ക്രൈസ്തവരും ബുദ്ധന്‍മാരും ഹിന്ദുക്കളും വസിക്കുന്നു.
ചരിത്രം
എ. ഡി ഏഴാം നൂറ്റാണ്ടില്‍ തന്നെ പ്രധാന കച്ചവട കേന്ദ്രമായിരുന്നു ഇന്തോനേഷ്യ. വ്യാപാര ബന്ധം മുഖ്യമായും ഇന്ത്യയും ചൈനുയമായിട്ടായിരുന്നു. തല്‍ഫലമായി ഇന്ത്യന്‍ സംസ്കാരം ഇന്തോനേഷ്യയിലും കുടിയേറി. ഇന്ത്യയില്‍ നിന്നുള്ള ഹിന്ദു-ബുദ്ധ വിശ്വാസികളാണ് രാജ്യത്തെ ആദ്യ കുടിയേറ്റക്കാര്‍. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരും പിന്നീട് 1602-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച് ഡച്ചുകാരും രാജ്യത്ത് ആധിപത്യം നേടി. 1942-ല്‍ രാജ്യത്ത് നടന്ന ജനകീയ വിപ്ലവത്തിന്റെ മറവില്‍ ഡച്ചു ഭരണത്തെ തകര്‍ത്ത് ജപ്പാന്‍ ഭരണം കൈയ്യടക്കി. 1945 ഓഗസ്റ്റ് 17 ന് രാജ്യത്തെ ജനകീയ നേതാവായ 'സുകോര്‍ണോ'യുടെ നേതൃത്വത്തില്‍ (കിഴക്കന്‍ തിമൂര്‍ അല്ലാത്ത ഭാഗത്തിന്) സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഡച്ചുകാര്‍ വീണ്ടും വന്നെങ്കിലും തദ്ദേശീയരുടെ പ്രതിരോധത്താല്‍ നിലയുറപ്പിക്കാനായില്ല. സുകോര്‍ണോ തന്നെയാണ് ആദ്യ പ്രസിഡന്‍റ് (1945-1967 വരെ). 1990-ല്‍ ഏഷ്യയിലാകമാനം ബാധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്തോനേഷ്യയെയും കാര്യമായി ബാധിച്ചു. സര്‍ക്കാറിന്റെ പതനത്തിലാണ് ജനപ്രക്ഷോഭം കലാശിച്ചത്.
മതരംഗം
പതിനൊന്നാം നൂറ്റാണ്ടില്‍ ഗുജറാത്തില്‍ നിന്നുള്ള വ്യാപാരികള്‍ മുഖേനയാണ് രാജ്യത്ത് ആദ്യമായി ഇസ്‌ലാമെത്തുന്നത്. പതിനാറാം നൂറ്റാണ്ടോടു കൂടി രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഹിന്ദു-ബുദ്ധ ജനസംഖ്യയേക്കാള്‍ കൂടുതലായി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ ഈ രാജ്യത്താണ് അധിവസിക്കുന്നത്.
രാഷ്ട്രീയ രംഗം
വൈദേശികാധിപത്യത്തില്‍ നിന്നും രാജ്യം 1945-ല്‍ സ്വതന്ത്രമായെങ്കിലും പിന്നീട് രാജ്യത്ത് നടന്നത് ശക്തമായ അരാജകത്വവും അധാര്‍മ്മികതയുമായിരുന്നു. ആദ്യ പ്രസിഡന്‍റായി സുകോര്‍ണോ അധികാരത്തിലെത്തിയെങ്കിലും കടുത്ത ഏകാധിപത്യ രീതിയിലുള്ള ഭരണമാണ് രാജ്യത്ത് നടമാടിയത്. 20 വര്‍ഷം നീണ്ട ഈ ഭരണം തകര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകളടക്കം അധികാരത്തിനായി ശ്രമം നടത്തി. 1966 മുതല്‍ 1970 വരെ ഭരണം നടത്തിയ ജനറല്‍ സുഹാര്‍ത്തോയ്ക്കു ശേഷമാണ് ലോക പ്രശസ്തരായ അബ്ദുറഹ്മാന്‍ വാഹിദടക്കമുള്ള ലോക നേതാക്കള്‍ പ്രസിഡന്റ് പദവിയിലെത്തിയത്. 1999-ല്‍ കിഴക്കന്‍ തിമൂര്‍ ഇന്തോനേഷ്യയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുപോയതിനു ശേഷമാണ് രാജ്യത്ത് പൂര്‍ണ്ണ ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനം നിലവില്‍ വന്നത്. സമ്പൂര്‍ണ്ണ ജനാധിപത്യ ഭരണമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. രാഷ്ട്രത്തലവനും ഭരണകര്‍ത്താവും പ്രസിഡന്റാണ്. പീപ്പീള്‍സ് കണ്‍സെല്‍ട്ടീവ് അസംബ്ലി എന്ന ജനകീയ സഭ അഞ്ചു വര്‍ഷത്തേക്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നു. 'സുസിലോ ബംബാംഗ് യുധൊയോനോ' ആണ് ഇപ്പോഴത്തെ പ്രസിഡന്റ്.
-റശീദ് ഹുദവി വയനാട്-
Leave A Comment